ആരാധകര്‍ ഏറെ കാലമായി കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രം എമ്പുരാന്‍റെ പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ്. മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഔദ്യോഗികമായി പൂര്‍ത്തിയായതായി ഇരുവരും അറിയിച്ചു. 'ഇന്ന് പുലർച്ചെ 5:35 ന്, മലമ്പുഴ റിസർവോയറിന്‍റെ തീരത്ത് എമ്പുരാന്‍റെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയേറ്ററുകളിൽ കാണാം', എന്ന് സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജ് കുറിച്ചു.
മാർച്ച് 27നാണ് ചിത്രത്തിന്‍റെ റിലീസ്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. അതേസമയം, നടൻ മോഹൻലാലും ചിത്രത്തിന്‍റെ ഷൂട്ട് അവസാനിച്ചതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. യുകെ, യുഎസ്‌എ, യുഎഇ എന്നീ 4 രാജ്യങ്ങളിലൂടെയും 8 സംസ്ഥാനങ്ങളിലൂടെയും 14 മാസത്തെ യാത്രയായിരുന്നു എമ്പുരാൻ. പൃഥ്വിരാജ് സുകുമാരന്‍റെ ക്രിയേറ്റിവിറ്റി സിനിമയുടെ ഓരോ ഫ്രെയിമിനെയും മികച്ചതാക്കി.
ഈ സിനിമയെ നല്ല രീതിയില്‍ രൂപപ്പെടുത്താൻ മുരളി ഗോപിയുടെ മികച്ച കഥപറച്ചിലിന് നന്ദി. ഒപ്പം സിനിമയുടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിനും ആന്‍റണി പെരുമ്പാവൂരിനും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും നന്ദി അറിയിച്ച മോഹൻലാൽ, ആരാധകരുടെ പിന്തുണയാണ് പ്രചോദനമെന്നും വ്യക്തമാക്കി.