ന്യൂഡൽഹി: 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണ്ടും ലോകസൗന്ദര്യ മത്സരത്തിന് ആതിഥേയത്വം വഹിക്കുമ്പോള്‍ സന്തോഷ കൊടുമുടിയിലാണ് ഈ വർഷം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സിനി ഷെട്ടി. കർണാടകത്തിലെ ഉഡുപ്പിയിൽ നിന്നുള്ള സിനി ഷെട്ടി ഇന്ത്യയെ പ്രതിനിധീകരിക്കാനായതിൽ അഭിമാനപൂരിതയാണ്. ഇന്നലെ (ഫെബ്രുവരി 18) തുടങ്ങിയ മത്സരത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തും മുൻപ് സിനി തൻ്റെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവയ്ച്ചിരുന്നു.
"തു ഹി മേരി മൻസിൽ ഹൈ, പെഹ്ചാൻ തുജ് ഹി സെ! (നീയാണ് എൻ്റെ ലക്ഷ്യസ്ഥാനം, എൻ്റെ വ്യക്തിത്വം നിന്നിൽ നി ന്നാണ്) ഇന്ന് ഒരു വലിയ യാത്രയുടെ വക്കിൽ നിൽക്കുമ്പോൾ, ഞാൻ ത്രിവർണ്ണ പതാക കൈകളിൽ മാത്രമല്ല, എൻ്റെ ഹൃദയത്തിലും പിടിച്ചിരിക്കുന്നു." എന്നാണ് സിനി ഇൻസ്‌റ്റയില്‍ കുറിച്ചത്.
"71-ാമത് ലോകസുന്ദരി മത്സരത്തിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ വഹിക്കുന്നത് സ്വപ്‌നങ്ങൾ മാത്രമല്ല. എൻ്റെ രാജ്യത്തിൻ്റെ അഭിമാനവും പ്രതീക്ഷകളും സ്നേഹവുംകൂടി ഞാൻ വഹിക്കുന്നു. ഈ നിമിഷം മുതൽ ഞാൻ സിനി ഷെട്ടി മാത്രമല്ല, ഞാൻ ഇന്ത്യയാണ്. ഞാൻ വയ്ക്കുന്ന ഓരോ ചുവടും, പറയുന്ന ഓരോ വാക്കും എന്നെ വളർത്തിയ നാടിൻ്റെയും എന്നെ രൂപപ്പെടുത്തിയ സംസ്‌കാരത്തിൻ്റെയും എന്നിൽ വിശ്വസിക്കുന്ന ജനങ്ങളുടെയും പ്രതിഫലനമായിരിക്കും. ഈ പതാക ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെയും ബഹുമാനത്തോടെയും ഞാൻ മുന്നോട്ട് പോകുന്നു. എനിക്ക് വേണ്ടി, നമുക്കുവേണ്ടി, ഇന്ത്യയ്ക്ക് വേണ്ടി." സിനി തൻ്റെ മറ്റൊരു ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ കുറിച്ചു.
Also Read: ഇടവേളയുടെ 28 വർഷങ്ങൾ; വീണ്ടും മിസ് വേൾഡ് മത്സരത്തിന് വേദിയായി ഇന്ത്യ
മുംബൈയിൽ ജനിച്ച കർണാടക സ്വദേശിയായ സിനി അക്കൗണ്ടിംഗിലും ഫിനാൻസിലും ബിരുദധാരിയാണ്. മുന്‍ മിസ് കര്‍ണാടക കൂടിയായ അവര്‍ പരിശീലനം ലഭിച്ച ഭരതനാട്യം നർത്തകിയുമാണ്. ഇതിനോടകം നിരവധി പരസ്യചിത്രങ്ങളിലും സിനി അഭിനയിച്ചുകഴിഞ്ഞു.