പത്തനംതിട്ട: കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ (സിയാൽ) സഹായത്തോടെ ശബരിമലയിൽ സൗരോർജ പ്ലാൻ്റ് സ്ഥാപിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി). ഇന്ന് സന്നിധാനത്ത് സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ് സുഹാസുമായി പ്രാഥമിക ചർച്ച നടത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സിയാൽ തയ്യാറാക്കിയിട്ടുണ്ടെന്നും സംരംഭത്തിനുള്ള മാർഗനിർദേശങ്ങൾ സിയാൽ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് സൗരോർജ പ്ലാൻ്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതെന്ന് ദേവസ്വം ബോർഡ് യോഗത്തിന് ശേഷം പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോർഡ് പ്രതിവർഷം ഏകദേശം 15 കോടി രൂപ വൈദ്യുതി ബില്ലുകൾക്കായി മാത്രം ചെലവഴിക്കുന്നുണ്ട്. സൗരോർജ പ്ലാൻ്റ് സ്ഥാപിക്കുന്നതിലൂടെ ഈ ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഒരു കൺസൾട്ടൻസി ഫീസും ഈടാക്കാതെ തന്നെ സൗരോർജ പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിമാനത്താവളക്കമ്പനി ആരംഭിച്ചിട്ടുണ്ടെന്ന് എസ് സുഹാസ് പറഞ്ഞു. കൺസൾട്ടൻസി പ്രക്രിയ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.