പുള്ളുവൻ പാട്ടിൻ്റെയും നാവേറ് പാട്ടിൻ്റെയും അഷ്‌ടനാഗക്കളം മായ്‌ക്കലിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം 'മായമ്മ' തിയേറ്ററുകളിലേക്ക്. ഒരു പുള്ളുവത്തി പെൺകുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയ കഥ പറയുന്ന 'മായമ്മ' ജൂൺ 7 മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. അങ്കിത വിനോദാണ് ഈ ചിത്രത്തിൽ മായമ്മ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചുറ്റുമുള്ളവരുടെ ജാതി ചിന്ത മൂലം മായമ്മയ്‌ക്ക് നേരിടേണ്ടി വരുന്ന ദുരന്തങ്ങളും ഒപ്പം സ്‌ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി അവൾ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. രമേശ് കുമാർ കോറമംഗലമാണ് മായമ്മയുടെ രചനയും സംവിധാനവും നിർവഹിച്ചത്. പുണർതം ആർട്‌സ് ഡിജിറ്റൽ, യോഗീശ്വര ഫിലിംസ് എന്നിവയുടെ ബാനറിൽ ദീപ എൻപിയാണ് ചിത്രം നിർമിച്ചത്.
അരുൺ ഉണ്ണി, വിജി തമ്പി, ചേർത്തല ജയൻ, കൃഷ്‌ണ പ്രസാദ്, പൂജപ്പുര രാധാകൃഷ്‌ണൻ, ബിജു കലാവേദി, പിജെ രാധാകൃഷ്‌ണൻ, ജീവൻ ചാക്കോ, സുമേഷ് ശർമ്മ, ബാബു നമ്പൂതിരി, ഇന്ദുലേഖ, കെപിഎസി ലീലാമണി, സീതാലക്ഷ്‌മി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽപോൾ, ബേബി അഭിസ്‌ത, ബേബി അനന്യ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വടക്കൻ മലബാറിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന മായമ്മ മലയാളി പ്രേക്ഷകർക്ക് ഒരു പുത്തന്‍ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.