തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ ജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ വിധി നിർണയത്തിലടക്കം തെറ്റായ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിധികര്‍ത്താക്കളെ വളരെ സൂക്ഷ്‌മതയോടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. മുന്‍കാല കലോത്സവങ്ങളുടെ അനുഭവത്തില്‍ ചില കലാധ്യാപകരെ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്‍റലിജന്‍സിന്‍റേയും വിജിലന്‍സിന്‍റേയും കൃത്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രധാന വേദിയായ എം ടി നിളയിൽ മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്‌തത് മുതൽ ഇതുവരെ വിവിധ മത്സരങ്ങൾ നടക്കുന്ന 25 വേദികളിലും മികച്ച പങ്കാളിത്തമാണ് കാണുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ മാത്രം 15,000 പേര്‍ പങ്കെടുത്തു.
തദ്ദേശീയ കലകളുടെ മത്സരം നടക്കുന്ന നിശാഗന്ധിയില്‍ നിരവധി ആസ്വാദകരെത്തി. മംഗലംകളി, പണിയനൃത്തം, മലപ്പുലയാട്ടം, ഇരുള നൃത്തം, പളിയനൃത്തം എന്നീ തദ്ദേശീയ നൃത്ത രൂപങ്ങളാണ് നിശാഗന്ധിയിലെ വേദിയായ കബനി നദിയില്‍ നടന്നത്.
നാടകം നടക്കുന്ന ടാഗോര്‍ തിയറ്ററിലും വലിയ ആള്‍ക്കൂട്ടമെത്തുന്നുണ്ട്. നാടകത്തിന്‍റെ സമയക്രമം പാലിക്കുക എന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സമയത്ത് തന്നെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒന്‍പതരയ്ക്ക് തുടങ്ങാന്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ ഒന്‍പതരയ്ക്കും പത്ത് മണിക്കും ഇടയില്‍ തുടങ്ങാനായത് വിജയമാണ്.
സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ 10 ലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ആറ് മാസത്തോളം നീളുന്ന പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ഓരോ മത്സരത്തിന്‍റെയും പിന്നിലുള്ളത്.
ഓരോ സ്‌കൂളും മത്സര ബുദ്ധിയോടെയാണ് വിദ്യാര്‍ത്ഥികളെ ഇതിനായി തയ്യാറെടുപ്പിക്കുന്നത്. അത്തരം ഘട്ടങ്ങളില്‍ ചില കുട്ടികള്‍ക്കെങ്കിലും അത് സാമ്പത്തിക ബാധ്യതയായി തീരുന്നുണ്ട്. കലാപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കം ആയതിനാല്‍ ഒരു തരത്തിലും വിവേചനം അനുഭവിക്കാന്‍ പാടില്ല.
അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അനാവശ്യ ധാരാളിത്തം ഒരിടത്തും ഇല്ലാതിരിക്കാനും അധ്യാപകര്‍ മുന്‍കൈ എടുക്കണം. ഭാവി തലമുറയുടെ പ്രതിനിധികളായ കുഞ്ഞുങ്ങള്‍ പങ്കെടുക്കുന്ന ഈ മഹോത്സവം മികച്ച കൂട്ടായ്‌മയുടെയും പരസ്‌പര ബഹുമാനത്തിന്‍റെയും സ്‌നേഹത്തിന്‍റെയും സഹോദര്യത്തിന്‍റെയും മികച്ച ഉദാഹരണമായി മാറേണ്ടത് പുതിയ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് അധ്യാപകരും കലാധ്യാപകരും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം.
പാര്‍ക്കിങ്ങും ഗതാഗത നിയന്ത്രണവും സംബന്ധിച്ചു ചില ആശങ്കകള്‍ നേരത്തേയുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചു മുന്നോട്ടു പോകാനായി. വേദികളില്‍ നിന്ന് വേദികളിലേക്ക് സര്‍വീസ് നടത്താനായി 70 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ പത്ത് ബസുകളും അറുപത് സ്‌കൂള്‍ ബസുകളുമാണ് സജ്ജമാക്കിയത്. ഏഴ് ക്ലസ്റ്ററുകളിലായി 25 വേദികളിലേക്കും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചയൂണിന്‍റെ സമയത്ത് എല്ലാ ബസുകളും പുത്തരിക്കണ്ടത്തേക്കാണ് സര്‍വീസ് നടത്തുന്നത്. വിവിധ ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന വിദ്യാര്‍ഥികളെ താമസ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
കലോത്സവത്തിനായി എത്തിയ ആയിരത്തോളം മത്സരാര്‍ഥികള്‍ക്ക് നഗരത്തിലെ 27 സ്‌കൂളുകളിലായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് 16 സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് 11 സ്‌കൂളുകളിലുമാണ് താമസം സജ്ജമാക്കിയിട്ടുള്ളത്.
പോയിന്‍റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. പുത്തരിക്കണ്ടത്തെ ഭക്ഷണ പന്തലില്‍ കഴിഞ്ഞ രണ്ട് ദിവസമായി നാല്‍പത്തിയേഴായിരത്തോളം പേരാണ് അഞ്ച് നേരംകൊണ്ട് ഭക്ഷണം കഴിച്ചത്.
സമാപന സമ്മേളനം വിപുലമായ രീതിയില്‍ നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ജനപ്രതിനിധികള്‍ ചെയര്‍മാന്മാരും ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരുമായ 19 കമ്മിറ്റികളും കലോത്സവരത്തിന്‍റെ വിജയത്തിന് വേണ്ടി രാപ്പകല്‍ അധ്വാനിക്കുകയാണ്.
എല്ലാ സ്‌റ്റേജിലും സ്‌റ്റേജ് മാനേജര്‍മാര്‍, പ്രോഗ്രാം കമ്മിറ്റി, മറ്റു കമ്മിറ്റികളുടെ പ്രതിനിധികള്‍, പൊലീസുദ്യോഗസ്ഥര്‍, വോളന്‍റിയര്‍മാര്‍, ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ചുമതലയിലുണ്ട്.
ആദ്യദിനം മുതലേ മാധ്യമങ്ങള്‍ മേളയ്ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. ഇതു മാധ്യമങ്ങളുടെ കൂടി കലാമേളയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം നഗരവാസികൾ വിവിധ വേദികളിലെത്തി കുട്ടികൾക്ക് പ്രോത്സാഹനം നൽകണമെന്ന് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു.
Also Read: സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ല; കലോത്സവത്തില്‍ സജീവമായി വിദ്യാർഥി സേന