ശ്യാം ബെനഗലിന്‍റെ വിഖ്യാത ചിത്രം 'മന്ഥൻ' ഇന്ത്യയിൽ വീണ്ടും പ്രർശനത്തിന്. ചിത്രം വീണ്ടും റിലീസ് ചെയ്യുകയാണെന്നും ടിക്കറ്റുകൾ ലഭ്യമാണെന്നും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) തിങ്കളാഴ്‌ച പ്രഖ്യാപിച്ചു. 1976ൽ നിർമിച്ച ഈ ക്ലാസിക്ക് ചിത്രത്തിന്‍റെ പുനഃസ്ഥാപിച്ച പതിപ്പാണ് പ്രദർശനത്തിനെത്തുക. കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 77-ാമത് പതിപ്പിൽ 'മന്ഥൻ' പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ സിനിമയ്‌ക്ക് കാനിൽ ലഭിച്ചത്.
ജൂൺ 1, 2 തീയതികളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുക. മുംബൈ, ന്യൂഡൽഹി, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന മെട്രോപൊളിറ്റൻ കേന്ദ്രങ്ങൾ ഉൾപ്പടെ ഇന്ത്യയിലെ 38 നഗരങ്ങളിൽ ചിത്രം പ്രദർശിപ്പിക്കും. തിങ്കളാഴ്‌ച മുതലാണ് ബുക്കിങ് ആരംഭിച്ചത്.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ എക്‌സിൽ കുറിച്ചതിങ്ങനെ- 'ബുക്കിങ്ങുകൾ ഇന്ന് ആരംഭിക്കുന്നു! 500,000 കർഷകർ നിർമിച്ച, എഫ്എച്ച്എഫ് പുനഃസ്ഥാപിച്ച ശ്യാം ബെനഗലിന്‍റെ 'മന്ഥൻ' (1976) ഇന്ത്യൻ പ്രീമിയർ ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരം നഷ്‌ടപ്പെടുത്തരുത്! ബുക്കിംഗ് പ്രക്രിയയെക്കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുക.'
ഇന്ത്യൻ സിനിമ ചരിത്രത്തിലെ പ്രധാന ഏടായി കണക്കാക്കുന്ന ചിത്രമാണ് 'മന്ഥൻ'. ഗുജറാത്തിൽ നിന്നുള്ള അഞ്ച് ലക്ഷം കർഷകരായിരുന്നു ഈ ചിത്രത്തിന്‍റെ നിർമാണം. ഓരോ കർഷകരും രണ്ട് രൂപ വീതം സംഭാവന നൽകിയാണ് 'മന്ഥൻ' പൂർത്തിയാക്കിയത്.
അതേസമയം കാനിൽ, മെയ് 17ന് ക്ലാസിക് വിഭാഗത്തിന് കീഴിലാണ് 'മന്ഥ'ന്‍റെ പുനഃസ്ഥാപിച്ച പതിപ്പ് പ്രദർശിപ്പിച്ചത്. എൻഎഫ്‌ഡിസി-നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്ന ഒറിജിനൽ 35 എംഎം ക്യാമറ നെഗറ്റീവ് ഉപയോഗിച്ചായിരുന്നു സിനിമയുടെ പുനഃസ്ഥാപനം. മുംബൈ ആസ്ഥാനമായുള്ള 35 എംഎം റിലീസ് പ്രിന്‍റിൽ നിന്നാണ് ശബ്‌ദം ഡിജിറ്റൈസ് ചെയ്‌തത്.
പ്രസാദ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചെന്നൈയിലെ പോസ്‌റ്റ് സ്‌റ്റുഡിയോസ്, എൽ ഇമാജിൻ റിട്രോവാറ്റ ലബോറട്ടറി, ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്, കൂടാതെ ഛായാഗ്രാഹകൻ ഗോവിന്ദ് നിഹലാനി, സംവിധായകൻ ശ്യാം ബെനഗൽ എന്നിവരുടെയും സഹകരണത്തോടെയാണ് പുനരുദ്ധാരണ പ്രക്രിയ നടന്നത്. മുതിർന്ന നടൻ നസീറുദ്ദീൻ ഷാ, ഭാര്യ രത്‌ന പഥക് ഷാ, അന്തരിച്ച ഡോ. വർഗീസ് കുര്യന്‍റെ മകൾ നിർമ്മല കുര്യൻ എന്നിവരുൾപ്പടെ നിരവധി പ്രമുഖർ ചിത്രത്തിന്‍റെ കാൻസ് പ്രദർശനത്തിൽ പങ്കെടുത്തിരുന്നു.
ബെനഗലും പ്രശസ്‌ത നാടകകൃത്തായ വിജയ് ടെണ്ടുൽക്കറും ചേർന്നായിരുന്നു 'മന്ഥ'ന്‍റെ രചന. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദകരിൽ ഒന്നായി മാറ്റുകയും അമൂൽ ബ്രാൻഡ് സൃഷ്‌ടിക്കുകയും ചെയ്‌ത അന്തരിച്ച ഡോ.വർഗീസ് കുര്യന്‍റെ നേതൃത്വത്തിലുള്ള ക്ഷീര സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രചോദനാത്മകമായ കഥയാണ് ഈ ചിത്രം പറയുന്നത്. 1977-ൽ രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡും 'മന്ഥൻ' നേടിയിരുന്നു. അന്തരിച്ച ചലച്ചിത്രതാരം സ്‌മിത പാട്ടീലാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ALSO READ:കാനിലെ ഇന്ത്യയുടെ ചരിത്ര വനിത; അറിയുമോ പായൽ കപാഡിയയെ?