'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' (Manjummel Boys by Chidambaram). യുവതാരനിരയുടെ തിളക്കവുമായി വരുന്ന ഈ ചിത്രം ഉടൻ പ്രേക്ഷകരിലേക്കെത്തും. ഫെബ്രുവരിയിലാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' തിയേറ്ററുകളിൽ റിലീസ് ചെയ്യുക (Manjummel Boys movie to release in February).
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ചിത്രത്തിൻ്റേതായി നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ യുവാക്കൾക്കിടയിൽ തരംഗമാവാൻ പുതിയ പോസ്റ്ററും എത്തിയിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അണിനിരക്കുന്നതാണ് പോസ്റ്റർ.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം നടൻ സലിം കുമാറിന്‍റെ മകൻ ചന്തുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി എന്നിവർ ചേർന്നാണ് 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ നിർമാണം.
കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര തിരിക്കുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ഈ ചിത്രത്തിന്‍റെ കഥ രചിച്ചിരിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ ഓൾ ഇന്ത്യ ഡിസ്‌ട്രീബ്യൂഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്.