ബോക്‌സോഫിസിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള ചിത്രമെന്ന റൊക്കോർഡ് 'മഞ്ഞുമ്മൽ ബോയ്‌സിന്‍റെ പേരിലാണ്. 220 കോടിയിലേറെ കലക്ഷനാണ് തിയേറ്ററുകളിൽ നിന്നും ചിദംബരത്തിന്‍റെ സംവിധാനത്തിലെത്തിയ ഈ സർവൈവൽ ത്രില്ലർ വാരിക്കൂട്ടിയത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും റെക്കോർഡ് പ്രകടനമാണ് ഈ ചിത്രം കാഴ്‌ചവച്ചത്. പ്രേക്ഷകഹൃദയം കീഴടക്കിയ 'മഞ്ഞുമ്മൽ ബോയ്‌സ്' എപ്പോൾ ഒടിടിയിൽ എത്തുമെന്നായിരുന്നു ഏവരുടെയും ചോദ്യം. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു.
മെയ് മൂന്ന് മുതൽ 'മഞ്ഞുമ്മൽ ബോയ്‌സ്' പ്രമുഖ പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ സ്‌ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ ട്രെയിലർ ഹോട്‌സ്റ്റാർ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. ഏതായാലും തിയേറ്ററിൽ കോരിത്തരിപ്പിച്ച ചിത്രം ഒടിടിയിൽ എത്തുന്നതിന്‍റെ ആവേശത്തിലാണ് സിനിമാസ്വാദകർ.
'ജാൻ-എ-മൻ' എന്ന സിനിമയ്‌ക്ക് ശേഷം ചിദംബരം രചനയും സംവിധാനവും നിർവഹിച്ച 'മഞ്ഞുമ്മൽ ബോയ്‌സ്' ഫെബ്രുവരി 22ന് ആണ് തിയേറ്ററുകളിൽ എത്തിയത്. കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്‌സിനെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് പ്രമേയമാക്കുന്നത്.