മലയാള സിനിമയിൽ ചരിത്രനേട്ടം കുറിച്ച് ചിദംബരം സംവിധാനം ചെയ്‌ത ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സ്'. മലയാളത്തിലെ ഏറ്റവും ഉയർന്ന തിയേറ്റർ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' സ്വന്തമാക്കിയത്. 200 കോടിയിലേറെ കലക്ഷനാണ് ഈ ചിത്രം തിയേറ്ററുകളിൽ നിന്നും വാരിക്കൂട്ടിയത്. 2024 ഫെബ്രുവരി 22ന് റിലീസ് ചെയ്‌ത സിനിമ തിയേറ്ററിലെത്തി 27-ാം ദിവസമാണ് 200 കോടി പിന്നിട്ടത്.
ജൂഡ് ആന്‍റണി ജോസഫിന്‍റെ '2018' എന്ന ചിത്രത്തിനായിരുന്നു നിലവിൽ മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡ്. ഇതാണ് ഇപ്പോൾ 'മഞ്ഞുമ്മൽ ബോയ്‌സ്' തിരുത്തി എഴുതിയത്. കേരളത്തിന് പുറത്തും 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയ്‌ക്ക് ഗംഭീര സ്വീകരണം ലഭിച്ചു. ആഗോള ഗ്രോസ് കളക്ഷനിലാണ് ഇപ്പോൾ ഈ ചിത്രം സർവകാല റെക്കോർഡിട്ടത്.
ഒപ്പം തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന ഗ്രോസ് നേടിയ മലയാള ചിത്രമാകാനും 'മഞ്ഞുമ്മൽ ബോയ്‌സി'നായി. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 50 കോടിയിലേറെ നേട്ടമാണ് ഈ ചിത്രമുണ്ടാക്കിയത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായ 'പുലിമുരുക'ന്‍റെ ഗ്ലോബൽ കളക്ഷനെ 'മഞ്ഞുമ്മൽ ബോയ്‌സ്' നേരത്തെ പിന്നിലാക്കിയിരുന്നു. 139.5 കോടിയായിരുന്നു 'പുലിമുരുകൻ' സിനിമയുടെ ഗ്ലോബൽ കളക്ഷൻ. 140 കോടി നേടിയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' ഈ റെക്കോർഡ് മറികടന്നത്.