ഐപിഎൽ മത്സരം കാണുന്നതിനിടെ സൂര്യാഘാതമേറ്റ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പുറത്തുവിട്ട് മാനേജർ പൂജ ദദ്ലാനി. ഷാരൂഖിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരാധകരും അഭ്യുദയകാംക്ഷികളും നൽകുന്ന സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി പറയുകയാണെന്നും മാനേജർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ചൊവ്വാഴ്ചയാണ് (മെയ് 21) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് ഷാരൂഖ് ഖാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി എത്തിയതായിരുന്നു താരം. ഇതിനിടെ കടുത്ത ചൂടിൽ നിർജലീകരണവും ഹീറ്റ് സ്ട്രോക്കും സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ താരത്തെ അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45 ഡിഗ്രി ചൂടായിരുന്നു അന്നേ ദിവസം അഹമ്മദാബാദിൽ അനുഭവപ്പെട്ടത്.
മാനേജർ പൂജ ദദ്ലാനി, ഇളയ മകൻ അബ്രാം, മകൾ സുഹാന ഖാൻ എന്നിവർക്കൊപ്പമാണ് ഷാരൂഖ് തന്റെ ടീമായ കൊൽക്കത്തയുടെ മത്സരം കാണാനായി എത്തിയത്. സുഹാനയുടെ അടുത്ത സുഹൃത്തുക്കളായ അനന്യ പാണ്ഡെയും ഷനായ കപൂറും സഹ ഉടമകളായ ജൂഹി ചൗളയും ജയ് മേത്തയും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ജൂഹിയും ഭർത്താവ് ജയ് മേത്തയും കഴിഞ്ഞ ദിവസം ഷാരൂഖിനെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.