കേരളം

kerala

ETV Bharat / entertainment

അമ്പതാം ദിവസവും 144 തിയേറ്ററുകളില്‍ ; റെക്കോര്‍ഡുകള്‍ സൃഷ്‌ടിച്ച് 'പ്രേമലു' ജൈത്രയാത്ര തുടരുന്നു - Premalu In 144 theaters - PREMALU IN 144 THEATERS

ഹൈദരാബാദിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് പ്രേമലു

MALAYALAM CINEMA  PREMALU  MAMITHA BAIJU  NASLEN
Malayalam Cinema Premalu In 144 theaters on the 50th day

By ETV Bharat Kerala Team

Published : Mar 29, 2024, 4:42 PM IST

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലു അമ്പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‌ടിച്ച് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി ഒന്‍പതിന് കേരളത്തില്‍ 140 സെന്‍ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്‌തത്. എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രം അമ്പതാം ദിവസം പിന്നിടുകയാണ്.

കൊവിഡിന് ശേഷം ഒരു സിനിമ ഇങ്ങനെ തിയേറ്ററില്‍ ഓടുന്നത് സിനിമാരംഗം അത്ഭുതത്തോടെ ആണ് നോക്കി കാണുന്നത്. കേരളത്തില്‍ സിനിമ റിലീസ് ചെയ്ത‌ 140 സെന്‍ററുകളില്‍ നിന്ന് അമ്പതാം ദിവസം 144 സെന്‍ററുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ് പ്രേമലു. ഈ സെന്‍ററുകളിലെല്ലാം വന്‍ ജനപങ്കാളിത്തത്തോടെ സിനിമ വിജയകരമായി ജൈത്രയാത്ര തുടരുകയാണ് (Premalu In 144 theaters).

മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്‍റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്.

ഡിഎംകെ നേതാവും അഭിനേതാവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്‍റ് മുവീസാണ് പ്രേമലുവിന്‍റെ തമിഴ് തിയേറ്ററിക്കല്‍ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. ബീസ്റ്റ്, വിക്രം, പൊന്നിയിന്‍ സെല്‍വന്‍, വാരിസ്, തുനിവ്, ലാല്‍ സലാം തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ വിതരണക്കാരായ റെഡ് ജയന്‍റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ വിതരണം ഏറ്റെടുക്കുന്നത്.

ഉദയനിധിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മാമന്നനില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ച ഫഹദ് ഫാസില്‍ സഹനിര്‍മ്മാതാവായ ചിത്രം കൂടിയാണ് പ്രേമലു. ഇത്രയും വലിയ പ്രൊഡക്ഷന്‍ ഹൗസുകളുടെയും വിതരണക്കാരുടെയും പാര്‍ട്‌ണര്‍ഷിപ്പ് സാധ്യമാക്കിയ ചിത്രം കൂടിയാണ് പ്രേമലു (Premalu In 144 theaters).

തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ഡബ്ബ് ചിത്രമെന്ന പുലിമുരുകന്‍റെ നേട്ടം പ്രേമലു മറികടന്നു. 12 കോടിയാണ് പുലിമുരുകന്‍ നേടിയത്. എന്നാല്‍ പ്രേമലു 16 കോടിയോളമാണ് കളക്ഷന്‍ നേടിയത്. തമിഴ്‌നാട്ടില്‍ 6 കോടിയോളമാണ് ഇതിനകം ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ മാത്രം 62 കോടിയോളം രൂപ ചിത്രം കലക്‌ട് ചെയ്‌തു.

പത്തുകോടിയില്‍ താഴെ പ്രൊഡക്ഷന്‍ തുക വരുന്ന സിനിമയുണ്ടാക്കിയ ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് പ്രേമലുവിന് സ്വന്തമാണ്. 10 കോടിയില്‍ താഴെ മാത്രം ബഡ്‌ജറ്റില്‍ ഒരുക്കിയ ചിത്രം 135 കോടിയാണ് ആഗോളതലത്തില്‍ നേടിയത്. ഇതും പുതിയ റെക്കോര്‍ഡ് ആണ് (Premalu In 144 theaters).

നസ്ലന്‍, മമിത ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്‍റിക് കോമഡി എന്‍റെര്‍ടെയ്ന‌ര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും, കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ക്യാമറ: അജ്‌മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്‌ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ്, വിഎഫ്എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

ABOUT THE AUTHOR

...view details