പാലക്കാട്: പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സാംസ്‌കാരിക മന്ത്രി നടത്തിയ പ്രസംഗം തരം താഴ്ന്ന നടപടി ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സാധാരണ രീതിയിലുള്ള പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പറയാൻ ഉത്തരവാദിത്തമുള്ള മന്ത്രി, അങ്ങേയറ്റം നിയമ വിരുദ്ധമായ പുകവലിയെക്കുറിച്ച് പറയുമ്പോഴാണ് ഈ രീതിയിലുള്ള പരാമർശം നടത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചു.
ലഹരി വസ്‌തുക്കളിൽ നിന്ന് പുതിയ തലമുറയെ രക്ഷിക്കുമെന്ന് ആവർത്തിച്ച് പറയുന്ന എക്സൈസ് മന്ത്രി, സജി ചെറിയാൻ്റെ പ്രസ്‌താവനയെക്കുറിച്ച് കൃത്യമായ അഭിപ്രായം പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവാക്കൾ സ്നേഹവും സൗഹൃദവും രാഷ്ട്രീയവും പങ്കുവക്കട്ടെ. പുക പങ്കുവക്കേണ്ട. യുവാക്കളെ ലഹരിയിൽ നിന്ന് മോചിപ്പിക്കലാണ് ലക്ഷ്യമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് ആവർത്തിച്ച് പറയുന്നു. അത്തരം പ്രവർത്തനങ്ങൾക്ക് യൂത്ത് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സാംസ്‌കാരിക മന്ത്രിയുടെ വിവാദ പരാമർശത്തോട് മന്ത്രി രാജേഷ് പ്രതികരിക്കണം. താൻ ജയിലിൽ കിടക്കുമ്പോൾ പുകവലിക്കാറുണ്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്. പുകവലിക്കാനുള്ള സൗകര്യം ജയിലില്ലെന്ന് ആറ് തവണ അവിടെ കഴിഞ്ഞ തനിക്കറിയാം. വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ സാംസ്‌കാരിക മന്ത്രിക്കെതിരെ കേസെടുക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ച് സജി ചെറിയാന്‍ നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. എഫ്‌ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളതെന്നും പുകവലിക്കുന്നത് തെറ്റല്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
'കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും. എഫ്‌ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല. താനും പുകവലിക്കാറുണ്ട്. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നത് എന്തിനാണ്.' -സജി ചെറിയാന്‍ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഓഫിസ് പ്രവർത്തനം തുടങ്ങി. പാലക്കാട് മണപ്പുള്ളിക്കാവ് റോഡിൽ ദുർഗ നഗർ സെക്കൻ്റ് സ്ട്രീറ്റിലാണ് ഓഫിസ്. എംപിമാരായ വി കെ ശ്രീകണ്‌ഠനും ഷാഫി പറമ്പിലും ചേർന്ന് ഓഫിസ് ഉദ്ഘാടനം ചെയ്‌തു.
മുതിർന്ന നേതാവ് വിഎസ് വിജയരാഘവൻ, ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ, മുൻ എംഎൽഎ വി ടി ബൽറാം എന്നിവരടക്കം യുഡിഎഫിൻ്റെ നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് എംഎൽഎ ഓഫീസിൽ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറിയിച്ചു.
Also Read: കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; മരണകാരണം കാർബൺ മോണോക്സൈഡെന്ന് സ്ഥിരീകരണം