മമ്മൂട്ടി ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരുന്ന ആ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'ബസൂക്ക'യുടെ റിലീസ് തീയതിയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 'ബസൂക്ക' സിനിമയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. സിനിമയുടെ പുതിയ പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. "ഗെയിം ഈസ് ഓണ്‍.. 2025 ഫെബ്രുവരി 14ന് ബസൂക്ക തിയേറ്ററുകളില്‍ എത്തും" -എന്ന അടിക്കുറിപ്പോടു കൂടിയാണ് അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്നതും സിനിമയുടെ പ്രത്യേകതയാണ്. ഇവരെ കൂടാതെ ജഗദീഷ്, സണ്ണി വെയ്‌ന്‍, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സിദ്ധാര്‍ത്ഥ് ഭരതന്‍, സ്‌ഫടികം ജോര്‍ജ്, ഡീന്‍ ഡെന്നിസ്, ദിവ്യ പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് സംവിധായകനായ ഡീനോ ഡെന്നിസ്. 'ഒറ്റനാണയം', 'എന്നിട്ടും' തുടങ്ങി ചിത്രങ്ങളില്‍ ഡീനോ ഡെന്നിസ് അഭിനയിച്ചിട്ടുമുണ്ട്.
സരിഗമ, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ബാനറുകളിൽ ജിനു വി എബ്രഹാം, വിക്രം മെഹ്ര, ഡോൾവിൻ കുര്യാക്കോസ്, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. 'കാപ്പ', 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'ബസൂക്ക'.
നിമിഷ് രവിയാണ് ഛായാഗ്രഹണം. നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മിഥുൻ മുകുന്ദൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം - ഷിജി പട്ടണം, വസ്ത്രാലങ്കാരം - സമീറ സനീഷ്, ചീഫ് അസോസിയേറ്റ് - സുജിത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.