ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊടുത്തയച്ച ആചാരവേളകളിലെ പട്ട് ഷോളായ ഛദര്‍ അജ്‌മീര്‍ ഷരീഫ് ദര്‍ഗയില്‍ സമര്‍പ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ആദരണീയനായ സുല്‍ഫി സന്യാസിവര്യന്‍ ഖ്വജ മൊയ്‌നുദ്ദീന്‍ ചിഷ്‌ടിയുടെ 813മത് ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഛദര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
രാജ്യത്തിന് പുറത്തേക്ക് പോലും ഖ്യാതിയുള്ള രാജസ്ഥാനിലെ അജ്‌മീറില്‍ സ്ഥിതി ചെയ്യുന്ന ദര്‍ഗയാണിത്. രാവിലെ നടന്ന ചടങ്ങിലാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയായ കിരണ്‍ റിജിജു ഛദര്‍ സമര്‍പ്പണം നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദര്‍ഗയില്‍ ഇദ്ദേഹം പ്രധാനമന്ത്രിയുടെ സന്ദേശം വായിച്ചു. രാജ്യമെമ്പാടും വിവിധ മതങ്ങളില്‍ പെട്ടവര്‍ സഹവര്‍ത്തിത്വത്തോടെ കഴിയണമെന്ന് പ്രധാനമന്ത്രി തന്‍റെ സന്ദേശത്തില്‍ പറഞ്ഞു. ദര്‍ഗയുടെ വെബ്പോര്‍ട്ടലിനും മന്ത്രി തുടക്കം കുറിച്ചു. തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള ഗരിബ് നവാസ് എന്നൊരു ആപ്പിനും അദ്ദേഹം തുടക്കം കുറിച്ചു. ഖ്വജ മൊയ്‌നുദ്ദീന്‍ ചിഷ്‌ടിയെ ഗരിബ് നവാസ് എന്നറിയപ്പെട്ടിരുന്നു.
ശനിയാഴ്‌ച രാവിലെ ജയ്‌പൂര്‍ വിമാനത്താവളത്തിലെത്തിയ റിജിജു അജ്‌മീറിലേക്ക് റോഡ് മാര്‍ഗമാണ് എത്തിയത്. പ്രധാനമന്ത്രിയുടെ ഛദറുമായാണ് താന്‍ ഇവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിനായാണഅ താന്‍ പ്രാര്‍ത്ഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദേശം ലോകമെമ്പാടും വ്യാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും ഒന്നിച്ച് നിന്ന് രാജ്യത്തിനും സമൂഹത്തിനും ലോകസമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും റിജിജു ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇവിടെ വന്ന് പ്രാര്‍ത്ഥന നടത്താന്‍ കഴിയുന്നുണ്ട്. സ്‌ത്രീകളും കുട്ടികളും പ്രായമായവരും ഇവിടേക്ക് എത്തുന്നുണ്ട്. ഈ ദര്‍ഗ എല്ലാവരുടെയും ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇവിടെ വന്ന് അനുഭവിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ദര്‍ഗയ്ക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും തന്‍റെ മന്ത്രാലയത്തില്‍ നിന്നുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷ സന്നാഹങ്ങളാണ് ദര്‍ഗയിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നത്. ബിജെപിയുടെ സംസ്ഥാന ന്യൂനപക്ഷ മോര്‍ച്ചാ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു.
രാജ്യത്ത് മെച്ചപ്പെട്ട ഒരു സമാധാന അന്തരീക്ഷം സൃഷ്‌ടിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ സഹവര്‍ത്തിത്വത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ദര്‍ഗയിലേക്ക് ഹിന്ദു, മുസ്ലീം, ക്രിസ്‌ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന മതങ്ങളില്‍ നിന്നുള്ള ആര്‍ക്കും ദര്‍ഗയില്‍ ആരാധന നടത്താം. ദര്‍ഗ ശിവക്ഷേത്രത്തിന് മുകളിലാണ് പണിതിരിക്കുന്നതെന്ന പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന്, താന്‍ ഇവിടെ ഛദര്‍ സമ്മാനിക്കാന്‍ വന്നതാണെന്നും അല്ലാതെ അതുമിതും പറയാനല്ല വന്നതെന്നും പറഞ്ഞ് മന്ത്രി ഒഴിഞ്ഞു.
ഇക്കഴിഞ്ഞ നവംബറിലാണ് ദര്‍ഗയെ കുറിച്ച് അജ്‌മീറിലെ ഒരു കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ അജ്‌മീര്‍ ദര്‍ഗ കമ്മിറ്റിക്കും ന്യൂനപക്ഷ മന്ത്രാലയത്തിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഹിന്ദു സേന അധ്യക്ഷന്‍ വിഷ്‌ണുഗുപ്‌തയാണ് ഹര്‍ജിക്കാരന്‍. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി സമ്മാനിച്ച ഛദറുമായി മന്ത്രി എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി എല്ലാ കൊല്ലവും ദര്‍ഗയിലേക്ക് ഛദര്‍ സമ്മാനിക്കാറുണ്ട്.
Also Read: രാഹുല്‍ 'പണി പഠിച്ച് വരുന്നു', മെച്ചപ്പെടുന്നുണ്ട്, പ്രിയങ്ക മിടുമിടുക്കിയെന്നും കരണ്‍ സിങ്