ചെന്നൈ: നടൻ മൻസൂർ അലി ഖാനെതിരെ ചുമത്തിയ ഒരു ലക്ഷം രൂപ പിഴ റദ്ദാക്കി മദ്രാസ് ഹൈക്കോടതി. നടി തൃഷ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുക്കാനും, ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരവും ആവശ്യപ്പെട്ട് നടൻ മൻസൂർ അലി ഖാന്‍ നല്‍കിയ കേസ് കോടതി നേരത്തെ തള്ളിയിരുന്നു.
കൂടാതെ ഇയാൾക്കെതിരെ കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് ചുമത്തിയ ഒരു ലക്ഷം രൂപ പിഴ റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത് (Madras High Court Upholds Dismissal of Mansoor Ali Khan's Case, Cancels Fine)
നടിമാരായ തൃഷ, ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിലാണ് മൻസൂർ അലി ഖാൻ ഹർജി നൽകിയത്. കോടതിയുടെ സമയം പാഴാക്കാനും, പ്രശസ്തിക്കും വേണ്ടിയാണ് കേസ് നല്‍കിയതെന്ന് വിമര്‍ശിച്ച കോടതി ഒരു ലക്ഷം രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ട് മൻസൂർ അലിഖാന്‍റെ ഹർജി തള്ളുകയായിരുന്നു.
എന്നാല്‍ പിഴ ചുമത്തിയ ഉത്തരവ് റദ്ദാക്കണമെന്നും മറ്റ് രണ്ട് പേർക്കെതിരെ കേസെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മൻസൂർ അലി ഖാന്‍റെ ഭാഗം വ്യക്തമാക്കി. ഈ വാദം അംഗീകരിച്ച കോടതി മൻസൂർ അലി ഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയ ഉത്തരവ് റദ്ദാക്കി.
ലോകേഷ് കനകരാജ്-വിജയ്-തൃഷ കൂട്ടുകെട്ടിലിറങ്ങിയ ലിയോയില്‍ മന്‍സൂര്‍ അലി ഖാന്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിരുന്നു. ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ നടിക്കൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍റെ വിവാദ പരാമര്‍ശം (Mansoor Ali Khans Case).