മലയാള സിനിമ ഇന്‍ഡസ്‌ട്രി ഉണ്ടാക്കിയത് സുരേഷ് ഗോപിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ്. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നാണ് തരം അഭിപ്രായപ്പെടുന്നത്. താന്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകുമെന്നും മാധവ് പറയുന്നു.
ഒരു നടനും ഉണ്ടാക്കിയതല്ല മലയാള സിനിമ. എന്നും സിനിമയാണ് താരങ്ങളെ ഉണ്ടാക്കിയതെന്നും മാധവ് സുരേഷ് പറയുന്നു. 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിന്‍റെ പ്രിവ്യു ഷോ കഴിഞ്ഞിറങ്ങിയ മാധവ് മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.
മാധവിന്‍റെ വാക്കുകള്‍
"ഞാന്‍ പറഞ്ഞത് എന്താണെന്ന് എനിക്കറിയാം. അത് വീഡിയോയില്‍ റെക്കോര്‍ഡ് ആയി വന്നിട്ടുണ്ട്. അത്ര ഓര്‍മ്മക്കേടുള്ള ആളല്ല ഞാന്‍. സുരേഷ് ഗോപി അല്ല മലയാള സിനിമ ഉണ്ടാക്കിയത്. മലയാള സിനിമയാണ് ഓരോരുത്തരേയും താരങ്ങളെയും നടന്മാരെയുമൊക്കെ ആക്കിയത്. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. വ്യക്തമായി പറഞ്ഞ കാര്യം ആളുകള്‍ക്ക് മനസിലായില്ലെങ്കില്‍ എനിക്ക് ഒന്നും ചെയ്യാനില്ല. ആദ്യം ഞാന്‍ പറഞ്ഞത് എന്താണെന്ന് ശരിക്കും മനസിലാക്കുക. അത് ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്കിയാല്‍ മതി. ഒരാളെ കുറ്റപ്പെടുത്താന്‍ വേണ്ടി അവര്‍ പറയുന്നത് ഇരുന്ന് കേട്ട് കഴിഞ്ഞാല്‍ ഇങ്ങനെയൊക്കെ സ്വയമേ മനസിനകത്ത് ഓരോ കാര്യങ്ങള്‍ വായിച്ചു കൂട്ടാന്‍ പറ്റും. ഇതില്‍ കൂടുതല്‍ കമന്‍റൊന്നും പറയാനില്ല. ഫിലിം ഇറങ്ങുന്നതിന് മുന്നേ ആണെങ്കിലും ഇറങ്ങിക്കഴിഞ്ഞാലും സിനിമ ഇല്ലങ്കിലും ഇങ്ങനെ ആള്‍ക്കാര്‍ കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നതെന്നത് വിഷമിപ്പിക്കാറില്ല. എന്‍റെ സമയം അങ്ങനെ പാഴാക്കാന്‍ കഴിയില്ല. അവര്‍ സമയം കളയാന്‍ ഉണ്ടെങ്കില്‍ ചെയ്‌തോട്ടെ.