സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ മാരി സെൽവരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വാഴൈ. കലൈയരശൻ, നിഖില വിമല്‍, പൊൻവേൽ എം, രാകുൽ ആർ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച തമിഴ്‌നാട്ടിൽ റിലീസ് ചെയ്‌ത ചിത്രത്തിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്ന സിനിമ ഈ വാരം കേരളത്തിലും റിലീസ് ചെയ്യും. ഓഗസ്‌റ്റ് 30 നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുക.
ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. തമിഴ്‌നാട്ടിൽ വമ്പൻ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ചിത്രം ബോക്‌സ് ഓഫിസിലും ഗംഭീര കലക്ഷനാണ് നേടുന്നത്. സംവിധായകൻ മാരി സെൽവരാജിന്‍റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കി ഒരുക്കിയ ചിത്രം ആദ്യ വാരത്തിൽ 11 കോടിക്ക് മുകളിലാണ് ഗ്രോസ് നേടിയത്.