മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. കഴിഞ്ഞ ദിവസം ചെന്നൈ എയർപോർട്ടിൽ വച്ച് പ്രിയദർശനെ നേരിൽ കണ്ട അനുഭവം സംവിധായകൻ എംഎ നിഷാദ് ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു.
ഇപ്പോഴിതാ നിഷാദിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. മലയാള സിനിമയുടെ ചരിത്ര താളുകളിൽ, തങ്ക ലിപികളാൽ എഴുതപ്പെടുന്ന പേരുകളിൽ ഒന്നാണ് പ്രിയദര്‍ശന്‍റേത് എന്ന് കുറിച്ച് കൊണ്ടാണ് എംഎ നിഷാദ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
"പ്രിയങ്കരം... മലയാള സിനിമയുടെ ചരിത്ര താളുകളിൽ, തങ്ക ലിപികളാൽ എഴുതപ്പെടുന്ന പേരുകളിൽ ഒന്ന്... ''പ്രിയദർശൻ ''. അനന്തപദ്‌മനാഭന്‍റെ നാട്ടിൽ നിന്നും, മദിരാശിയിലേയ്‌ക്കുള്ള അദ്ദേഹത്തിന്‍റെ പ്രയാണം, ഒരു സിനിമയുടെ റീലുകൾ പോലെ എന്നെ പോലെയുളള ഒരു സിനിമാ പ്രേമിയുടെ അല്ലെങ്കിൽ പ്രവർത്തകന്‍റെ മനസ്സിൽ തെളിമയാർന്ന് നിൽക്കുന്നു... അന്നും ഇന്നും...
പ്രിയദർശൻ സിനിമകൾ കണ്ട് ചിരിക്കാത്ത മലയാളികളുണ്ടോ?.. ഇല്ല എന്നാണ് ഉത്തരം.. പുച്ചക്കൊരു മൂക്കൂത്തിയിൽ തുടങ്ങിയ അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം. മലയാളവും, തമിഴും കടന്ന് ഹിന്ദിയിൽ എത്തി അവിടെയും സ്വന്തമായൊരു കയ്യാെപ്പ് ചാർത്തി അഭംഗുരം യാത്ര തുടരുന്നു...
അക്ഷയ് കുമാറിനെ നായകനാക്കി തന്‍റെ 97-ാമത്തെ ചിത്രത്തിന്‍റെ പണിപ്പുരയിലാണദ്ദേഹം... ഈ കഴിഞ്ഞ ദിവസം മദ്രാസ് (ചെന്നൈ) എയർപ്പോർട്ടിൽ വെച്ച് ഞാനദ്ദേഹത്തെ കണ്ടു... ''ഒരു അന്വേഷണത്തിന്‍റെ തുടക്കം'' എന്ന എന്‍റെ പുതിയ സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേയ്‌ക്കുളള ഫ്‌ളൈറ്റില്‍ അദ്ദേഹവുമുണ്ടായിരുന്നു..
(കേരള പ്രീമിയർ ലീഗ്)-ൽ അദ്ദേഹവും ഒരു ടീം സ്വന്തമാക്കി ട്രാവൻകൂർ റോയൽസ്.... പ്രിയൻ ചേട്ടനോട് ഒരു പ്രത്യേക സ്നേഹം എന്നും എനിക്കുണ്ട്... മാർ ഇവാനിയോസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ എന്നതിനപ്പുറം, എന്‍റെ മരണപ്പെട്ട് പോയ അമ്മാവൻ അൻസാരിയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം... അദ്ദേഹം സിനിമയിൽ വരുന്നതിനും എത്രയോ മുമ്പ് എന്‍റെ ചെറുപ്പകാലത്ത്, അമ്മാവനോടൊപ്പം തിരുവനന്തപുരം മുട്ടടയിലെ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു...
തിരുവനന്തപുരം എന്‍റെ പ്രിയപ്പെട്ട നഗരമാണ്. മോഹൻലാൽ പ്രിയദർശൻ ചിത്രങ്ങളുടെ രസക്കൂട്ടിന് ജന്മം നൽകിയതും ആ നഗരമാണ്... നൂറാമത്തെ സിനിമക്ക്, ഇനി മൂന്ന് ചിത്രങ്ങൾ ബാക്കി...പ്രിയൻ ചേട്ടന്‍റെ നൂറാമത്തെ സിനിമ ഒരു ആഘോഷമാക്കി മാറ്റണമെന്ന് ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം ഒന്ന് ചിരിച്ചു... ഈ കാലഘട്ടത്തിലെ സിനിമകളെ പറ്റി അദ്ദേഹം വാചാലനായി... ക്രിക്കറ്റിനെ പറ്റി, പുതിയ പ്രതിഭകളെ പറ്റി... ഒരുപാട് നേരം സംസാരിച്ചു...
ഇൻസ്‌റ്റഗ്രാമിലും, ഫേസ്ബുക്കിലും നിറഞ്ഞാടുന്ന റീലുകളിൽ പലതും പ്രിയദർശൻ സിനിമകളുടേതാണെന്ന് അറിയുമ്പോൾ, കാലത്തിനപ്പുറം സഞ്ചരിക്കുന്ന കലാകാരനാണദ്ദേഹമെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുന്നു... ഏത് പ്രായക്കാരെയും അത്രമേൽ സ്വാധീനിക്കാൻ പ്രിയദർശൻ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന സത്യം..
അദ്ദേഹത്തിന്‍റെ പേര്.. മലയാള സിനിമാ ചരിത്രത്തിലെ മുന്നിരയിൽ തന്നെ അടയാളപ്പെടുത്തുന്നു... പ്രിയദർശൻ എന്ന പ്രിയൻ ചേട്ടന്‍റെ നൂറാമത്തെ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു സിനിമാസ്വാദകന്‍റെ കുറിപ്പ്..."-എംഎ നിഷാദ് കുറിച്ചു.
എംഎ നിഷാദിന്‍റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പിഎം കുഞ്ഞിമൊയ്‌തീന്‍റെ പൊലീസ് ഡിപ്പാർട്‌മെന്‍റിലെ സേവന കാലത്തുണ്ടായ ഒരു സംഭവ വികാസത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന "ഒരു അന്വേഷണത്തിന്‍റെ തുടക്കം" എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികൾ പൂർത്തിയാക്കി തിരിച്ചു വരവേയാണ് പ്രിയദർശനെ എംഎ നിഷാദ് എയർ പോർട്ടിൽ വച്ച് നേരിൽ കാണുന്നത്. ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, മുകേഷ്, സമുദ്രകനി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
Also Read:'എന്‍റര്‍ടെയിന്‍മെന്‍റ് എന്നുവച്ചാല്‍ ഇതാണ്' ; 'പ്രേമലു' സൂപ്പർ, നസ്‌ലനെ കാണണമെന്നും പ്രിയദര്‍ശന്‍