സിനിമയെന്ന ഇന്ദ്രജാല മാധ്യമത്തിൽ ജീവിതവും സ്വപ്‌നവും ഇടകലരുന്ന നിമിഷങ്ങൾ പ്രേക്ഷകർക്ക് സന്തോഷത്തിന്‍റെയും ആത്മസംതൃപ്‌തിയുടെയും തലമാണ് പലപ്പോഴും സൃഷ്‌ടിക്കുന്നത്. വിവിധയിടങ്ങളില്‍ നിന്ന് വിവിധ ഭാഷകളില്‍ ഒട്ടേറെ സിനിമകള്‍ പുറത്തിറങ്ങാറുണ്ട്. എന്നാല്‍ അതിന്‍റെ ചരിത്രമൊന്നും തേടി അധികം ആരും പോവാറില്ല. പക്ഷേ മലയാള സിനിമയ്ക്ക് വലിയൊരു ചരിത്രമുണ്ട്. മലയാള സിനിമയുടെ പിതാവിന്‍റെ പേരിലുള്ള ജെ സി ഡാനിയല്‍ പുരസ്‌കാരത്തെ കുറിച്ചൊക്കെ വര്‍ഷാവര്‍ഷം കേള്‍ക്കുന്നുണ്ടെങ്കിലും പലപ്പോഴും പറയാൻ മറന്നു പോയ ഒ ചരിത്രമുണ്ട്. അതിലൂടെ ഒന്ന് കണ്ണോടിക്കാം.
ചോര വിയർപ്പാക്കി ജെ സി ഡാനിയൽ സൃഷ്‌ടിച്ചെടുത്ത ആദ്യ കേരള സിനിമയായ 'വിഗതകുമാരൻ' അക്കാലത്ത് നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ നീരാളി കൈകളിൽ ഞെരിഞ്ഞമർന്നു. താഴ്ന്ന ജാതിയിൽപ്പെട്ട പി കെ റോസി എന്ന അഭിനയത്രിയെ തിരശ്ശീലയിൽ ഉയർന്ന കുലജാതയായി കാണിച്ചത് സവർണരെ ചൊടിപ്പിച്ചു. തുടർന്ന് ആദ്യ ഷോ തന്നെ മുടങ്ങി. തിയേറ്റർ ആക്രമിക്കപ്പെട്ടു.
പിൽക്കാലത്ത് സ്വന്തം മകൻ തന്നെ 'വിഗതകുമാര'ന്‍റെ ഫിലിം റീൽ കത്തിച്ചു കളയുന്നത് നിസ്സഹായനായി ജെ സി ഡാനിയൽ നോക്കിയിരുന്നു. മലയാള സിനിമയുടെ ജനനത്തെ കുറിച്ചുള്ള ചരിത്രം ഇങ്ങനെയാണെന്ന് നമുക്കെല്ലാവർക്കും അറിയാം.
വിഗതകുമാരന്‍ സിനിമയില്‍ നിന്ന് (ETV Bharat) 2012ൽ കമൽ സംവിധാനം ചെയ്‌ത 'സെല്ലിലോയ്‌ഡ്' എന്ന സിനിമയുടെ ആശയവും മലയാള സിനിമയുടെ ചരിത്രത്തെ പറ്റി സമാന കാര്യം തന്നെയാണ് ചർച്ച ചെയ്യുന്നത്. എന്നാൽ കേട്ടതൊന്നും പരമാർത്ഥം അല്ല. ചരിത്രാന്വേഷകനും സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ എം ജി ശശിഭൂഷന് പറയാൻ ഉള്ളത് മറ്റുചിലതാണ്.
കേരളത്തിലെ ആദ്യ സിനിമാ കൊട്ടകയായ ക്യാപ്പിറ്റോൾ തിയേറ്റർ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് എതിർവശത്താണ് സ്ഥിതി ചെയ്‌തിരുന്നത്. ഇപ്പോൾ ആ തിയേറ്റർ സ്ഥിതി ചെയ്‌തിരുന്ന സ്ഥലത്ത് ക്യാപ്പിറ്റോൾ ടവർ എന്ന കെട്ടിടം നിലനിൽക്കുന്നു.
തിരുവനന്തപുരത്തെ ക്യാപ്പിറ്റോൾ തിയേറ്റർ (ETV Bharat) 'സെല്ലിലോയ്‌ഡ്' എന്ന ചിത്രത്തിൽ പറയുന്നതുപോലെ 'വിഗതകുമാരൻ' പ്രദർശിപ്പിക്കുവാൻ വേണ്ടി മാത്രം ഉണ്ടാക്കിയ കൊട്ടകയല്ല ക്യാപിറ്റോൾ തിയേറ്റർ. വിഗതകുമാരന് മുൻപും ശേഷവും ധാരാളം നിശബ്‌ദ സിനിമകളും ശബ്‌ദ ചിത്രങ്ങളും ക്യാപ്പിറ്റോൾ തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നതായി എം ജി ശശിഭൂഷൻ വെളിപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'വിഗതകുമാരൻ' എന്ന കേരളത്തിലെ ആദ്യ സിനിമയെ കുറിച്ചുള്ള അറിവ് തനിക്ക് ലഭിക്കുന്നത് തന്‍റെ അച്ഛൻ പ്രൊഫസർ എസ് ഗുപ്‌തന്‍ നായരുടെ സുഹൃത്തായ നാഗവള്ളി എസ് കുറുപ്പിൽ നിന്നാണ്. നാഗവള്ളി കുറുപ്പ് എഴുത്തുകാരനാണ്.
പ്രശസ്‌ത മലയാള അഭിനേതാവും സംവിധായകനുമായ വേണു നാഗവള്ളിയുടെ അച്ഛനുമാണ്. ചരിത്രം പറയുന്നതുപോലെ 'വിഗതകുമാരൻ' എന്ന സിനിമ ആദ്യ ഷോയിൽ പ്രദർശനം അവസാനിപ്പിച്ചിട്ടില്ല. നാഗവള്ളി എസ് കുറുപ്പ് 'വിഗതകുമാരൻ' എന്ന ചിത്രം കണ്ടിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ്.
1937 ൽ തന്‍റെ പിതാവായ എസ് ഗുപ്‌തന്‍ നായർ തിരുവനന്തപുരത്ത് പഠിക്കാൻ എത്തുമ്പോൾ ക്യാപ്പിറ്റോൾ തിയേറ്റർ സജീവമാണ്. അക്കാലത്ത് അവിടെ ഇംഗ്ലീഷ് സിനിമകളാണ് പ്രദർശിപ്പിച്ചിരുന്നത്. 1928ലാണ് 'വിഗതകുമാരൻ' റിലീസ് ചെയ്യുന്നത്. ആദ്യ ഷോ തന്നെ മുടങ്ങി, തിയേറ്റർ ആക്രമിക്കപ്പെട്ടു എന്ന ചരിത്രത്തിന് അടിസ്ഥാമില്ല എന്ന് എം ജി ശശിഭൂഷൻ പറഞ്ഞു . എല്ലാം കേട്ടറിവാണ്. അച്ഛനിൽ നിന്നും അച്ഛന്‍റെ സുഹൃത്തായ നാഗവള്ളി എസ് കുറുപ്പിൽ നിന്നുമാണ് പല വിവരങ്ങളും മനസ്സിലാക്കിയത്.
സെല്ലുലോയ്‌ഡ് എന്ന സിനിമയില്‍ പൃഥ്വിരാജ് (ETV Bharat) ജാതി ചിന്ത കൊണ്ട് മാത്രമാണ് മലയാളത്തിന്‍റെ ആദ്യ നായിക പി കെ റോസി ആക്രമിക്കപ്പെട്ടതെന്ന് താൻ വിശ്വസിക്കുന്നില്ല. സിനിമയിൽ അഭിനയിക്കുന്നവരും സിനിമയിൽ പ്രവർത്തിക്കുന്നവരും സദാചാര വിരുദ്ധരാണെന്ന ഒരു ധാരണ സമൂഹത്തിൽ ഉണ്ടായിരുന്നു. അങ്ങനെയൊരു ധാരണയുടെ അടിസ്ഥാനത്തിൽ സിനിമയ്ക്ക് നേരെ ആക്രമണം നടന്നേക്കാം. ആക്രമണം നടന്നത് ആദ്യ ദിവസം അല്ല. ചിത്രം നിരവധി ദിവസങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
1924 ആണ് വൈക്കം സത്യാഗ്രഹം നടക്കുന്നത്. താഴ്ന്ന ജാതിയിൽ പെട്ടവർക്ക് അമ്പലത്തിൽ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു സത്യാഗ്രഹം. കേരളത്തിലെ ഉന്നതകുല ജാതരുടെ പിന്തുണയോടു കൂടി തന്നെയാണ് സത്യാഗ്രഹം വിജയിച്ചത്.
മന്നത്ത് പത്മനാഭനൊക്കെ ചേർന്ന് നയിച്ച സത്യാഗ്രഹത്തിന് പിന്തുണയുമായി മഹാത്മാവ് ഗാന്ധിജിയും എത്തിച്ചേർന്നു. അങ്ങനെയുള്ള കേരളത്തിൽ പ്രത്യേകിച്ചും തിരുവിതാംകൂർ രാജ്യത്ത് താഴ്ന്ന ജാതിയിൽ പെട്ടൊരാൾ ഉന്നതകുലജാതയായി സിനിമയിൽ വേഷമിട്ടു എന്നതിന്‍റെ അടിസ്ഥാനത്തിൽ സവർണർ പി കെ റോസിയെ ആക്രമിച്ചു എന്നു പറയുന്നതിൽ അടിസ്ഥാനമില്ലെന്ന് വിശ്വസിക്കുന്നതായി എം ജി ശശിഭൂഷൻ പറഞ്ഞു. പിന്നെ എന്തുകൊണ്ട് ആക്രമണം സംഭവിച്ചു എന്നതൊരു ചോദ്യമാണ്.
അക്കാലത്ത് സംഗീത നൃത്ത നാടക കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നതിന് ഒരു ചട്ടമ്പി ഫീസ് കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. സിനിമ പ്രദർശിപ്പിക്കുന്നതിന് ചട്ടമ്പി ഫീസ് നൽകാത്തതിന്‍റെ അടിസ്ഥാനത്തിലാണ് ആക്രമണം ഉണ്ടായതെന്ന് വേണമെങ്കിൽ കരുതാം.
'വിഗതകുമാരൻ' ആദ്യ മലയാള ചിത്രം എന്ന് ഒരിക്കലും പറയാൻ ആകില്ല. നിശബ്‌ദ ചിത്രം ആയിരുന്നു 'വിഗതകുമാരൻ'. ചിത്രത്തിന്‍റെ ടൈറ്റിലുകൾ പോലും മലയാളത്തിൽ അല്ല എഴുതി കാണിച്ചതെന്ന് നാഗവള്ളി എസ് കുറുപ്പ് വെളിപ്പെടുത്തിയതായി ശശിഭൂഷൻ പറഞ്ഞു.
ചാന്ദിനിയും പൃഥ്വിരാജും സെല്ലുലോയ്‌ഡ് സിനിമയില്‍ (ETV Bharat) ഇംഗ്ലീഷിലാണ് ടൈറ്റലുകൾ എഴുതി കാണിച്ചത്. ഒരു കേരള സിനിമ എന്ന് വിഗതകുമാരനെ വിശേഷിപ്പിക്കുന്നതാകും നല്ലത്. ഇ വി കൃഷ്‌ണ പിള്ളയുടെ നാടകങ്ങളുടെ ചുവടുപിടിച്ചാണ് 'വിഗതകുമാരന്‍റെ' ആശയം ജെ.സി ഡാനിയൽ ഒരുക്കിയിരുന്നത്. ബി എ മായാവി തുടങ്ങിയ കൃതികളുടെ ഒക്കെ പ്രചോദനം 'വിഗതകുമാരന്‍റെ' തിരക്കഥയിൽ വ്യക്തമായിരുന്നു.
സെല്ലുലോയ്‌ഡ് എന്ന സിനിമയില്‍ നിന്ന് (ETV Bharat) ഒന്ന് ചിന്തിച്ചു നോക്കണം മലയാള സിനിമയുടെ ആശയ സമ്പുഷ്‌ടത ആദ്യ സിനിമ തന്നെ ക്രൈം കോമഡി ഴൊണറിൽ. ഇങ്ങനെ ചിന്തിച്ചു തുടങ്ങിയ മലയാളം സിനിമ ലോക സിനിമകളുടെ നിലവാരത്തിന് ഒത്ത് ഉയർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. 'വിഗതകുമാരന്‍റെ' ആദ്യപ്രദർശനം മുടങ്ങിയിട്ടില്ല എന്ന് തറപ്പിച്ചു പറയാം എന്ന് എം ജി ശശിഭൂഷൻ വ്യക്തമാക്കി.
'വിഗതകുമാരൻ' എന്ന സിനിമയുടെ സൃഷ്ടി യുമായി ബന്ധപ്പെടുത്തി മലയാളത്തിൽ പുറത്തിറങ്ങിയ സെല്ലിലോയ്‌ഡ് എന്ന ചിത്രത്തിന് ചരിത്രവുമായി യാതൊരു ബന്ധവുമില്ല.അതുപോലെ തിയേറ്റർ പൂർണ്ണമായും ആക്രമിച്ച് തകർത്തിട്ടില്ല. ഷോ തുടങ്ങി ദിവസങ്ങൾ കഴിഞ്ഞ് ആക്രമണം ഉണ്ടായി എന്നുള്ളത് വാസ്‌തവമാണ്. പക്ഷേ തിയേറ്ററിന്‍റെ തിരശ്ശീല മാത്രമാണെന്ന് നശിപ്പിക്കപ്പെട്ടത്. എന്തുകൊണ്ട് ആക്രമണം ഉണ്ടായി എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും മേൽപ്പറഞ്ഞതൊക്കെ സംഭവിക്കാവുന്ന കാരണങ്ങൾ മാത്രമാണെന്നും ശ്രീ എം ജി ശശിഭൂഷൻ വെളിപ്പെടുത്തി.
സെല്ലുലോയ്‌ഡ് എന്ന സിനിമയില്‍ പൃഥ്വിരാജ് (ETV Bharat) വിഗതകുമാരന്‍റേതായി ചരിത്ര ശേഷിപ്പുകൾ ഒന്നും തന്നെ നമുക്ക് അധികം ഇല്ല. എങ്കിലും ഇപ്പോഴും പ്രസക്തമായ ഒരു ആശയം എടുത്ത് സിനിമയാക്കാൻ കാണിച്ച ജെ സ്സി ഡാനിയൽ എല്ലാ അർത്ഥത്തിലും മലയാള സിനിമയുടെ പിതാവ് തന്നെയാണ്. അദ്ദേഹം വെട്ടിയ വഴിയിലൂടെയാണ് മലയാള സിനിമ സഞ്ചരിക്കുന്നത്. സാംസ്കാരികപരമായി കൂടി ചേർന്നുനിൽക്കുന്ന ചലച്ചിത്രമേളകൾ വിഗതകുമാരൻ ബാലൻ തുടങ്ങിയ ചരിത്രം കൂടി പ്രേക്ഷകന് വിളമ്പേണ്ടതുണ്ട്.
Also Read:സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്'; 2024 ല്‍ ലാഭം കൊയ്‌തത് 22 സിനിമകള്‍, എന്നിട്ടും നഷ്‌ടം 1000 കോടി