മലയാളത്തിന്‍റെ സ്വന്തം ദുൽഖർ സൽമാന്‍ നായകനായ ഏറ്റവും പുതിയ പാൻ ഇന്ത്യൻ തെലുഗു ചിത്രം 'ലക്കി ഭാസ്‌കർ' വമ്പൻ ഹിറ്റായി തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. ഒരേസമയം മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്‌ത ചിത്രം ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച പാന്‍ ഇന്ത്യന്‍ ചിത്രം ഒന്‍പത് ദിവസത്തിനുള്ളില്‍ ആഗോള കലക്ഷൻ 77 കോടി 20 ലക്ഷം രൂപയായിരിക്കുകയാണ്. കേരളത്തിലും ബ്ലോക്ക്ബസ്‌റ്റര്‍ ഹിറ്റായ ചിത്രം ഇതിനോടകം 13 കോടി രൂപയോളം നേടിയെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്‌ത ചിത്രം രണ്ടാം വാരത്തിലും 200 ലധികം സ്ക്രീനുകളിലാണ് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്നത്. ഒക്ടോബർ 31 ന് ആഗോള റിലീസായാണ് ലക്കി ഭാസ്‌കര്‍ തിയേറ്ററില്‍ എത്തിയത്.
ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്‌തിരിക്കുന്നത്. കുടുംബ പ്രേക്ഷകരും കുട്ടികളും യുവാക്കളുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്‍റെ പശ്‌ചാത്തലത്തിൽ ഭാസ്‌കര്‍ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്‍റെ കഥയാണ് അവതരിപ്പിക്കുന്നത്.
ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ലക്കി ഭാസ്‌കര്‍ കുതിക്കുന്നത്. ഇതോടെ തെലുഗില്‍ ഹാട്രിക് ബ്ലോക്ക്ബസ്‌റ്റര്‍ നേടുന്ന ആദ്യത്തെ മലയാളി താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍. മാത്രമല്ല, കമൽ ഹാസന് ശേഷം ആദ്യമായാണ് തെലുഗ് ഇന്‍ഡസ്ട്രിക്ക് പുറത്ത് നിന്നെത്തിയ ഒരു താരം തെലുഗില്‍ തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്നത്.