എറണാകുളം: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാടറിയിക്കണമെന്ന് ഹൈക്കോടതി. കേസ് ഡയറിയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ സത്യവാങ്മൂലവും ഡിസംബർ ആറിന് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
കേസിൽ അന്തിമ റിപ്പോർട്ട് നൽകുന്നത് തടയണമെന്ന കുടുംബത്തിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണം പൂര്‍ത്തിയാക്കുന്നതിനെ എതിര്‍ക്കുന്നതെന്തിന് എന്ന് കോടതി ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കുറ്റപത്രം നല്‍കിയാലും കോടതിയുടെ അധികാരം ഇല്ലാതാകുന്നില്ല. കുറ്റപത്രം നല്‍കിക്കഴിഞ്ഞാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകും എന്നും സിംഗിൾ ബെഞ്ച് വാദത്തിനിടെ പറഞ്ഞു. നവീൻ ബാബുവിന്‍റേത് ആത്മഹത്യ സംബന്ധിച്ച കേസല്ലേ എന്നും, കൊലപാതകമാണ് എന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു.
പ്രതിയായ പി പി ദിവ്യ രാഷ്‌ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഇവർ തെളിവുകളിൽ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും കൊലപാതകമെന്ന സംശയം നിഴലിക്കുന്നതായും നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകൻ മറുപടി നൽകി. ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസാണ് സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചത്.