സുരേഷ് ഗോപി
തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്നുമാണ് ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി വിജയിച്ചത്. ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലത്തിലൂടെ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു. ഇതോടെ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ എംപിയായി സുരേഷ് ഗോപി മാറി.
കങ്കണ റണാവത്ത്
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നും ബിജെപി ടിക്കറ്റിലാണ് കങ്കണ റണാവത്ത് ജനവിധി തേടിയത്. രാഷ്‌ട്രീയ പ്രമുഖരുടെ കടുത്ത മത്സരത്തിനൊടുവിൽ സ്വന്തം നാട്ടിൽ നിന്നും കങ്കണ വിജയംകൊയ്‌തു. വിക്രമാദിത്യ സിംഗ്, പ്രതിഭ സിംഗ് എന്നീ വമ്പൻമാരെ പിന്തള്ളിയാണ് ആദ്യ ഊഴത്തിൽ കങ്കണയുടെ വിജയക്കുതിപ്പ്.
പവൻ കല്യാൺ
ജനസേന പാർട്ടി സ്ഥാപകൻ പവൻ കല്യാൺ ആന്ധ്രാപ്രദേശിലെ പിതപുരത്ത് വിജയിച്ച് തൻ്റെ ആരാധകരെയും അണികളെയും ആവേശത്തിലാക്കി. വൈഎസ്ആർസിപിയുടെ വംഗ ഗീത വിശ്വനാഥത്തിനെതിരായ വിജയം രാഷ്ട്രീയ രംഗത്തെ അദ്ദേഹത്തിൻ്റെ ജനപ്രീതിയും സ്വാധീനവും വീണ്ടും ഉറപ്പിച്ചിരിക്കുന്നു.
അരുൺ ഗോവിൽ
രാമാനന്ദ് സാഗറിൻ്റെ രാമായണ പരമ്പരയിൽ ശ്രീരാമനെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ നടനാണ് അരുൺ ഗോവിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് താരം ജനവിധി തേടിയത്. കടുത്ത മത്സരത്തിനൊടുവിലായിരുന്നു അരുൺ ഗോവിലിന്‍റെ വിജയം.
മനോജ് തിവാരി
ഭോജ്‌പുരി സൂപ്പർതാരവും ബിജെപി സ്ഥാനാർഥിയുമായ മനോജ് തിവാരി വടക്ക്-കിഴക്കൻ ഡൽഹി ലോക്‌സഭ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻ്റ് കനയ്യ കുമാറിനെ പരാജയപ്പെടുത്തിയാണ് നടന്‍റെ നേട്ടം.
ഹേമ മാലിനി
ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ നിന്ന് ബിജെപിക്ക് വിജയം നേടിക്കൊടുത്ത് തന്‍റെ രാഷ്‌ട്രീയ പ്രാഗത്ഭ്യം തെളിയിക്കാൻ മുതിർന്ന നടി ഹേമമാലിനിക്കായി. മറ്റ് 16 സ്ഥാനാർഥികൾക്കെതിരായ നടിയുടെ വിജയം, അവരുടെ സ്ഥായിയായ ജനപ്രീതിയാണ് അടിവരയിടുന്നത്.
ശത്രുഘ്നൻ സിൻഹ
തൃണമൂൽ കോൺഗ്രസിൻ്റെ (ടിഎംസി) സ്ഥാനാർഥിയായി പശ്ചിമ ബംഗാളിലെ അസൻസോൾ സീറ്റില്‍ മത്സരിച്ച മുതിർന്ന നടൻ ശത്രുഘ്നൻ സിൻഹ മികച്ച വിജയമാണ് സ്വന്തമാക്കിയത്. വെള്ളിത്തിരയിൽ നിന്ന് രാഷ്‌ട്രീയ രംഗത്തേക്കുള്ള അദ്ദേഹത്തിൻ്റെ മാറ്റം ജനങ്ങൾ ഏറ്റെടുത്തുവെന്നാണ് ഫലം തെളിയിക്കുന്നത്.
രവി കിഷൻ
ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നാണ്, ആവേശകരമായ മത്സരത്തിനൊടുവിൽ നടനും ബിജെപി സ്ഥാനാർഥിയുമായ രവി കിഷൻ വിജയക്കൊടി പാറിച്ചത്. ശക്തരായ എതിരാളികൾക്കെതിരായ അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് വിജയം രാഷ്‌ട്രീയ ഭൂപടത്തിൽ അദ്ദേഹത്തിൻ്റെ വർധിച്ചുവരുന്ന സ്വാധീനത്തെ എടുത്തുകാണിക്കുന്നതാണ്.
ജൂൺ മാലിയ
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും ബംഗാളി നടനുമായ ജൂൺ മലിയ പശ്ചിമ ബംഗാളിലെ മെദിനിപൂരിൽ നിന്നുമാണ് വിജയിച്ചത്. പ്രാദേശിക രാഷ്ട്രീയത്തിലെ തന്‍റെ ശക്തമായ സ്ഥാനം കൂടുതൽ ഉറപ്പിച്ചിരിക്കുകയാണ് ജൂൺ മാലിയ.
സതാബ്‌ദി റോയ്
ബംഗാളി നടനും മൂന്ന് തവണ തൃണമൂൽ എംപിയുമായ സതാബ്‌ദി റോയ്‌ക്ക് ഇത്തവണയും തൻ്റെ സീറ്റ് നിലനിർത്താനായി. 11 മത്സരാർഥികളെ പരാജയപ്പെടുത്തിയാണ് ബിർഭൂമിൽ സതാബ്‌ദി റോയ് വിജയിച്ചത്.
ദേവ് അധികാരി
പശ്ചിമ ബംഗാളിലെ ഘടൽ മണ്ഡലത്തിൽ നിന്നുമാണ് തൃണമൂൽ കോൺഗ്രസിൻ്റെ ദേവ് അധികാരി വിജയിച്ചത്. ഭാരതീയ ജനത പാർട്ടിയുടെ ഹിരൺ ചാറ്റർജി ഉയർത്തിയ കനത്ത വെല്ലുവിളിയെ മറികടന്നാണ് ദേവ് അധികാരിയുടെ വിജയം. ഇതോടെ തൻ്റെ രാഷ്‌ട്രീയ യാത്രയിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്താനും അദ്ദേഹത്തിനായി.
രചന ബാനർജി
സാംസ്‌കാരിക കേന്ദ്രമായ കൊൽക്കത്തയിൽ, ബിജെപിയുടെ ലോക്കറ്റ് ചാറ്റർജിയും തൃണമൂൽ കോൺഗ്രസിൻ്റെ രചന ബാനർജിയും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഒടുക്കം വിജയം രചന ബാനർജിക്കൊപ്പമായിരുന്നു. രചനയുടെ ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. നിശ്ചയദാർഢ്യത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും ശക്തി പ്രകടമായിരുന്നു രചനയുടെ ചരിത്രവിജയം.
ALSO READ:ശക്തന്‍ തമ്പുരാന്‍റെ നാട്ടില്‍ ശക്തി തെളിയിച്ച് സുരേഷ് ഗോപി; കണക്കുകൂട്ടലുകള്‍ പിഴച്ച് യുഡിഎഫും എല്‍ഡിഎഫും