നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായ 'പണി'യെ അഭിനന്ദിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 'ജോജുവിന്‍റെ എട്ടും എട്ടും പതിനാറിന്‍റെ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി' എന്നാണ് അദ്ദേഹം ചിത്രം കണ്ട ശേഷം സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.
ജോജുവിന്‍റെ സംവിധാന അരങ്ങേറ്റത്തിന് കിട്ടാവുന്ന ഏറ്റവും മികച്ച റിവ്യൂവാണ് ലിജോ ജോസ് പെല്ലിശ്ശേരി നൽകിയിരിക്കുന്നത് എന്നാണ് പലരും കമന്‍റുകളായി കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചുരുങ്ങിയ വാക്കുകളില്‍ എത്തിയിരിക്കുന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രശംസ ജോജുവിന് കിട്ടാവുന്നതിൽ ഏറ്റവും നല്ല അംഗീകാരമായിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ജോജുവിനൊപ്പം സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായുള്ളത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യ ദിനം മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്. 'ജോസഫി'ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം ഏത് തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് 'നായാട്ടി'ലൂടേയും 'ഇരട്ട'യിലൂടെയുമൊക്കെ തെളിയിച്ചു. ജോജു കരയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ പ്രേക്ഷകരും ഒപ്പം ചേർന്നു.
മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ തന്‍റെ അനുഭവ സമ്പത്തുമായാണ് 'പണി'യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിയിരിക്കുന്നത്.