കേരളം

kerala

ETV Bharat / entertainment

'എന്‍റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്‍റെ അറിവോടെയല്ല': ലിജോ ജോസ് പെല്ലിശ്ശേരി - Lijo Jose Pellisserry reacts

താന്‍ പ്രോഗസീവ് ഫിലിം മേക്കേഴ്‌സിന്‍റെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംവിധായകന്‍റെ പ്രതികരണം. അതേസമയം ചലച്ചിത്ര സംവിധായക നിർമ്മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്‌മ എന്ന ആശയത്തോട് താന്‍ യോജിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Lijo Jose Pellisserry  progressive film makers  ലിജോ ജോസ് പെല്ലിശ്ശേരി  പ്രോഗസീവ് ഫിലിം മേക്കേഴ്‌സ്
Lijo Jose Pellisserry (ETV Bharat)

By ETV Bharat Entertainment Team

Published : Sep 18, 2024, 9:57 AM IST

മലയാള സിനിമയില്‍ പ്രോഗസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരില്‍ പുതിയ സംഘടന വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അഞ്ജലി മേനോന്‍, നടി റീമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി സംവിധായകന്‍ ആഷിഖ് അബു അറിയിച്ചിരുന്നു.

സംഘടനയ്‌ക്കായി ആദ്യഘട്ട ചര്‍ച്ച നടത്തിയവരുടെ നിരയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പേരും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ലിജോ ജോസ്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്‌മയില്‍ താന്‍ നിലവില്‍ ഭാഗമല്ലെന്നാണ് ലിജോ ജോസ് അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ലിജോ ജോസിന്‍റെ പ്രതികരണം. സ്വതന്ത്ര കൂട്ടായ്‌മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും എന്നാല്‍ തന്‍റെ പേരില്‍ പ്രചരിക്കുന്ന ഒന്നും തന്‍റെ അറിവോടെ അല്ലെന്നും ലിജോ ജോസ് ഫേസ്‌ബുക്കില്‍ കുറിച്ചു.

'മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്‌മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രിയാത്‌മകമായ ചലച്ചിത്ര സംവിധായക നിർമ്മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്‌മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെ ഒരു കൂട്ടായ്‌മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും. അതുവരെ എന്‍റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്‍റെ അറിവോടെയല്ല.'-ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചു.

അതേസമയം പുതിയ സംഘനട രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കിയിരുന്നു. സിനിമ പ്രവര്‍ത്തകരുടെ ശാക്തീകരണമാണ് ലക്ഷ്യമെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. പുതിയ സംഘടനയിലൂടെ മലയാളം സിനിമ മേഖലയില്‍ പുതിയ സംസ്‌കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. സമത്വം സംരക്ഷിക്കുക, സമൂഹ്യനീതി നടപ്പാക്കുക തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തനം. പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഏവരും മുന്നിട്ടിറങ്ങണമെന്നും കത്തില്‍ പരാമര്‍ശിച്ചിരുന്നു.

കത്തിെലെ പ്രസക്‌ത ഭാഗങ്ങള്‍-

'ഒരു പുത്തൻ മലയാള സിനിമ സംസ്‌കാരത്തെ പിന്താങ്ങുന്ന, സിനിമ പിന്നണി പ്രവർത്തകരുടെ ഒരു പുതിയ കൂട്ടായ്‌മ ഇവിടെ അനിവാര്യമാണ്. ധാർമ്മികമായ ഉത്തരവാദിത്തം, ചിട്ടയായ ആധുനീകരണം, തൊഴിലാളികളുടെ ശാക്തീകരണം എന്നീ മൂല്യങ്ങളിൽ അധിഷ്‌ഠിതമായും ആധുനിക സമൂഹത്തിന് അത്യന്താപേക്ഷിതമായ, നീതിയുക്തവും ന്യായപൂർണവുമായ തൊഴിലിടങ്ങൾ സൃഷ്‌ടിക്കുക എന്ന വീക്ഷണത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കണം.

ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്വവും ഉൾക്കൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പിന്നണി പ്രവർത്തകർ എന്ന നിലയിൽ നമ്മളാണ് ഈ വ്യവസായത്തെ രൂപകല്‍പ്പന ചെയ്യുന്നത്. അതിനാൽ തന്നെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ സൃഷ്‌ടിക്കാനും നമ്മുടെ സംരംഭങ്ങൾ സുസ്ഥിരവും ധാർമ്മികവുമാണെന്ന് ഉറപ്പുവരുത്താനുമുള്ള ബാധ്യത നമുക്കുണ്ട്. ഒട്ടും എളുപ്പമല്ലെങ്കിലും ഈ മാറ്റം അത്യന്താപേക്ഷിതമാണ്. പരസ്‌പര പിന്തുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഇത് കൈവരിക്കാനാവുകയുള്ളൂ. ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനുള്ള പരസ്‌പരപൂരകങ്ങളായ സഹായങ്ങളും പദ്ധതിഘടനകളും മാർഗരേഖകളും, പിന്തുണയും നൽകുന്ന കൂട്ടായ്‌മയാണ് നാം വിഭാവന ചെയ്യുന്നത്.

നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം, സർഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം. സിനിമ എന്ന വ്യവസായത്തിന്‍റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള സ്വപ്‌നത്തില്‍ നമുക്ക് ഒന്നിച്ച് അണിചേരാം'.

Also Read: 'പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ്‌'; മലയാള സിനിമ മേഖലയിൽ പുതിയ സംഘടനക്ക് നീക്കം - progressive film makers

ABOUT THE AUTHOR

...view details