റഷ്യയിലെ കിനാബ്രാവോ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്. മികച്ച സംഗീതത്തിനുളള പുരസ്‌കാരമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയത്. ബെസ്‌റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ സുഷിന്‍ ശ്യാമിനാണ് പുരസ്‌കാരം. അവാര്‍ഡ് ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം ഏറ്റു വാങ്ങി. ഈ മേളയില്‍ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും 'മഞ്ഞുമ്മല്‍ ബോയ്‌സ്' ആണ്. ഈ വര്‍ഷം മത്സരവിഭാഗത്തില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ സിനിമയും ഇതാണ്.
മത്സരേതര വിഭാഗത്തില്‍ പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്', എസ് എസ് രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യയിലെ സോച്ചിയിലാണ് ചലച്ചിത്ര മേള നടന്നത്.
ഇറ്റാലിയന്‍ നിരൂപകനും ചലച്ചിത്ര ചരിത്രക്കാരനും നിര്‍മാതാവുമായ മാര്‍കോ മുള്ളറാണ് ജൂറി അധ്യക്ഷന്‍. വിശാല്‍ ഭരദ്വാജ് ആണ് ഇന്ത്യയില്‍ നിന്നുള്ള ജൂറി അംഗം.
സിനിമ കണ്ട് റഷ്യക്കാര്‍ കരഞ്ഞുവെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം പ്രതികരിച്ചു. പ്രദര്‍ശനത്തിന് ശേഷം ഒരുപാട് പേര്‍ വന്ന് പ്രതികരണം അറിയിച്ചുവെന്നും സംവിധായകന്‍ പറഞ്ഞു.