ഹൈദരാബാദ്:ഫർഹാൻ അക്തർ 'ഡോൺ' സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ അധ്യായം പ്രഖ്യാപിച്ചതുമുതൽ ആരാകും പ്രധാന വേഷങ്ങളിൽ എത്തുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. സിനിമാപ്രഖ്യാപനത്തിന് പിന്നാലെ രൺവീർ സിങ്ങാകും പുതിയ ഡോൺ എന്നും അണിയറക്കാർ അറിയിച്ചു. പിന്നീട് ആരാകും നായികയെന്ന് അറിയാനുള്ള കാത്തിരിപ്പിലായി ആരാധകർ.
ഇപ്പോഴിതാ അവരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. 'ഡോൺ 3'യിൽ കിയാര അദ്വാനി നായികയായി എത്തുമെന്ന പ്രഖ്യാപനം പുറത്തുവന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെ ഫർഹാൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ആക്ഷന്‍ വേഷത്തിലായിരിക്കും കിയാര എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഫർഹാൻ അക്തറിൻ്റെ പ്രൊഡക്ഷൻ ബാനറായ എക്‌സൽ എൻ്റർടെയ്ൻമെൻ്റാണ് ഡോൺ ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രം നിർമിക്കുന്നത്. എക്‌സൽ എൻ്റർടെയ്ൻമെൻ്റും കിയാരയെ സ്വാഗതം ചെയ്‌തുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കിട്ടിട്ടുണ്ട്. 'ഡോൺ പ്രപഞ്ചത്തിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പും വീഡിയോയ്‌ക്ക് താഴെ നൽകിയിട്ടുണ്ട്.
ഇതാദ്യമായാണ് കിയാര ഫർഹാനും രൺവീറിനുമൊപ്പം പ്രവർത്തിക്കുന്നത്. റൊമാൻ്റിക് - കോമഡി സിനിമകളിൽ തിളങ്ങുന്ന കിയാരയുടെ ആക്ഷൻ പ്രകടനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. കിയാര നായികയായി എത്തുന്ന മറ്റൊരു ചിത്രമായ 'വാർ 2'ലും ആക്ഷൻ വേഷമാണ് കൈകാര്യം ചെയ്യുന്നത്.