കേരളം

kerala

ETV Bharat / entertainment

മണ്ണെണ്ണ വെളിച്ചത്തില്‍ ആദ്യ സിസേറിയന്‍; മേരി പുന്നന്‍ ലൂക്കോസിന്‍റെ ചരിത്രം പിറന്ന കൈകള്‍

ആദ്യ നിയമസഭാ സാമാജിക ഡോ മേരി പുന്നന്‍ ലൂക്കോസിന്‍റെ ചരിത്രം പിറന്ന കൈകള്‍ ഡോക്യുമെന്‍ററിയാകുന്നു. മണ്ണെണ്ണ വെളിച്ചത്തില്‍ ആദ്യ സിസേറിയന്‍ നടത്തിയ വനിതാ ഡോക്‌ടര്‍, പിന്നീട് തിരുവിതാംകൂര്‍ നിയമസഭാംഗം..

DR MARY POONEN LUKOSE  മേരി പുന്നന്‍ ലൂക്കോസ്  ചരിത്രം പിറന്ന കൈകള്‍  KERALAS FIRST WOMAN DOCTOR
Mary Poonen Lukose (ETV Bharat)

By ETV Bharat Entertainment Team

Published : Oct 16, 2024, 4:18 PM IST

Updated : Oct 16, 2024, 4:45 PM IST

ആദ്യ വനിത സര്‍ജന്‍ ജനറല്‍, ആദ്യ സിസേറിയന്‍ നടത്തിയ വനിത ഡോക്‌ടര്‍, ആദ്യ നിയമസഭ സാമാജിക അങ്ങനെ തീര്‍ത്താല്‍ തീരാത്ത വിശേഷണങ്ങളാണ് ഡോ. മേരി പുന്നന്‍ ലൂക്കോസിന്. 1924ല്‍ സ്വാതന്ത്ര്യലബ്‌ദിക്ക് മുന്‍പ് കേരളക്കര നവോത്ഥാന പോരാട്ടങ്ങളെ സാക്ഷ്യം വഹിച്ച നാളുകളിലാണ് മേരി പൂന്നന്‍ ലൂക്കോസ് ചരിത്രത്തിലേക്ക് നടന്നു കയറിയത്.

പ്രഥമ വനിത:ആദ്യത്തെ വനിത സാമാജിക, ആദ്യമായി വിദേശത്ത് പോയി എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ വനിത, ആദ്യത്തെ സീ സെക്ഷന്‍ സര്‍ജറി ചെയ്‌ത വനിത ഡോക്‌ടര്‍, ആദ്യ വനിത സര്‍ജന്‍ ജനറല്‍ എന്നിങ്ങനെ കേരളത്തില്‍ പല മേഖലകളിലും ''പ്രഥമ'' എന്ന ചേര്‍ത്ത് പറയാവുന്ന വനിത വ്യക്‌തിത്വമായി ഡോ. മേരി പുന്നന്‍ ലൂക്കോസ് അറിയപ്പെടുന്നു.

ചരിത്രം പിറന്ന കൈകള്‍: ഇപ്പോഴിതാ മേരി പുന്നന്‍ ലൂക്കോസിന്‍റെ ജീവിതത്തെ ആസ്‌പദമാക്കി സഭാ ടിവി ''ചരിത്രം പിറന്ന കൈകള്‍'' എന്ന പേരില്‍ ഒരു ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോക്യുമെന്‍ററി പുറത്തുവിട്ടത്. കേരള നിയമസഭയുടെ ഔദ്യോഗിക മാധ്യമ സ്ഥാപനമായ സഭാ ടിവി ഒരുക്കിയ ഡോക്യുമെന്‍ററി ഇപ്പോള്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയാണ്.

Mary Poonen Lukose Documentary (ETV Bharat)

ആദ്യ സിസേറിയന്‍ സര്‍ജറി:മൈക്കിള്‍ സാവരി മുത്തു എന്ന സി സെക്ഷന്‍ ബേബിയുടെ പേര് മലയാളി ഒരിക്കലും മറക്കാന്‍ ഇടയില്ല. തിരുവിതാംകൂറിലെ ആദ്യ സിസേറിയന്‍ സര്‍ജറിയിലൂടെ പിറന്ന കുഞ്ഞ്.. 1920ലായിരുന്നു ഈ ചരിത്ര സംഭവം. മണ്ണെണ്ണ റാന്തലിന്‍റെ വെളിച്ചത്തില്‍ ഡോ.മേരി പുന്നന്‍ ലുക്കോസ് കേരളത്തിലെ ആദ്യത്തെ സിസേറിയന്‍ പ്രസവത്തിന് ചുക്കാന്‍ പിടിച്ചു. 1920ല്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ടില്ല. തിരുവനന്തപുരത്തെ തൈക്കാട് ഗവണ്‍മെന്‍റ് ആശുപത്രിയിലായിരുന്നു പ്രസവം.

വസൂരി വാക്‌സിനേഷന് പിന്നില്‍:കേരളത്തിന്‍റെ ആരോഗ്യ മുന്നേറ്റങ്ങളില്‍ മേരി പുന്നന്‍ ലുക്കോസ് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. നിയമസഭയില്‍ വസൂരി വാക്‌സിനേഷന് വേണ്ടി മേരി പുന്നന്‍ ലുക്കോസ് ശബ്‌ദമുയര്‍ത്തിയിട്ടുണ്ട്. വസൂരിക്കെതിരെയുള്ള സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ സാധ്യമായതും മേരി പുന്നന്‍ ലുക്കോസിന്‍റെ പ്രയത്‌നത്തിലൂടെയാണ്.

100 വര്‍ഷം പിന്നിടുന്ന നിയമസഭ വനിത അംഗം:1924 സെപ്റ്റംബര്‍ 23നാണ് മേരി പുന്നന്‍ ലുക്കോസ് തിരുവിതാംകൂര്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്‌തത്. 2024 സെപ്റ്റംബര്‍ 23ല്‍, മേരി പുന്നന്‍ ലുക്കോസ് നിയമസഭ അംഗമായി മാറിയിട്ട് 100 വര്‍ഷം പിന്നിടും. ഈ വസ്‌തുതയുടെ അടിസ്‌ഥാനത്തിലാണ് സഭാ ടിവി മേരി പുന്നന്‍ ലൂക്കോസിന്‍റെ ജീവിതത്തെ ആസ്‌പദമാക്കി "ചരിത്രം പിറന്ന കൈകള്‍" എന്ന ഡോക്യുമെന്‍ററി തയ്യാറാക്കാന്‍ തീരുമാനിച്ചത്.

Mary Poonen Lukose (ETV Bharat)

നാല് മാസത്തെ പരിശ്രമഫലം: സഭാ ടിവി റിസര്‍ച്ച് അസിസ്‌റ്റന്‍റായ പ്രസീത കെയുടെ മേല്‍നോട്ടത്തിലാണ് ഡോക്യുമെന്‍ററി ഒരുങ്ങിയത്. ഏകദേശം നാല് മാസത്തെ അതികഠിനമായ ഗവേഷണങ്ങളിലൂടെയാണ് പ്രസീതയും സംഘവും ഡോക്യുമെന്‍ററിക്ക് ആവശ്യമായ വിവര ശേഖരണം നടത്തി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 2024 ഒക്ടോബര്‍ 9ന് വൈകുന്നേരം സമ്മേളനത്തിന് ശേഷം ഡോക്യുമെന്‍ററി നിയമസഭയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ഇപ്പോഴിതാ മേരി പുന്നന്‍ ലൂക്കോസ് എന്ന വിഖ്യാത വനിതയെ കുറിച്ചും ഡോക്യുമെന്‍ററി തയ്യാറാക്കിയ വഴികളെ കുറിച്ചും സഭാ ടിവി റിസര്‍ച്ച് അസിസ്‌റ്റന്‍റ് ഡോ. കെ പ്രസീത ഇടിവി ഭാരതിനോട് സംസാരിച്ചിരിക്കുകയാണ്. ആരോഗ്യ രംഗത്ത് കേരള സംസ്ഥാനം പിന്തുടരുന്ന രീതികള്‍ ഒക്കെയും മേരി പുന്നന്‍ ലൂക്കോസ് എന്ന വ്യക്‌തിയുടെ ദീര്‍ഘവീക്ഷണത്തിന്‍റെയും കാഴ്‌ച്ചപ്പാടിന്‍റെയും അടിസ്ഥാനത്തിലാണ്.

ലോകത്തിന് മാതൃകയായ മേരി പുന്നന്‍ ലുക്കോസ്:കേരളത്തിലെ ആദ്യത്തെ സീ സെക്ഷന്‍ സര്‍ജറി, മലയാളിയായ ആദ്യ വനിതാ ഡോക്‌ടര്‍, ആദ്യ വനിത നിയമസഭ അംഗം തുടങ്ങിയ നിലകളിലൊക്കെ മേരി പുന്നന്‍ ലുക്കോസ് ലോകത്തിന് മാതൃകയാണ്. പക്ഷേ മേരി പുന്നന്‍ ലുക്കോസിന്‍റെ ജീവിതത്തിലൂടെ യാത്ര ചെയ്യുക എന്നുള്ളത് വളരെ വിഷമകരമായിരുന്നുവെന്ന് ഡോ.കെ പ്രസീദ പ്രതികരിച്ചു.

മേരി പുന്നന്‍ ലൂക്കോസിനെ കുറിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് നിയമസഭയുടെ ആര്‍ക്കേവ് സംവിധാനം മുഖേനയാണ്. മേരി പുന്നന്‍ ലൂക്കോസ് തിരുവിതാംകൂര്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സിലില്‍ പ്രസംഗിച്ച കാര്യങ്ങളൊക്കെയും സ്‌കാന്‍ഡ് കോപ്പികളായി സഭാ ടിവിയുടെ ആര്‍ക്കൈവില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ പ്രസംഗങ്ങളിലൂടെ ചരിത്രം പിറന്ന കൈകള്‍ എന്ന ഡോക്യുമെന്‍ററിക്ക് അടിസ്ഥാന തിരക്കഥ ഉണ്ടാകാന്‍ സാധിച്ചു.

സഭിയില്‍ ആദ്യമായി നേരിട്ട ചോദ്യം:മേരി പുന്നന്‍ ലൂക്കോസിന്‍റെ പ്രസംഗങ്ങള്‍ എല്ലാം തന്നെ ഇംഗ്ലീഷ് ഭാഷയിലാണ്. ഒരു സാമാജിക എന്ന നിലയില്‍ സഭയില്‍ അവതരിപ്പിച്ചിട്ടുള്ള പ്രസംഗങ്ങളെല്ലാം ഹൃദയ സ്‌പര്‍‍ശിയാണ്. തിരുവിതാംകൂര്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സിലില്‍ അക്കാലത്ത് പുരുഷ സാമാജികര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

മേരി പുന്നന്‍ ലൂക്കോസ് എന്നൊരു സ്ത്രീ സഭയിലേക്ക് കടന്നു വരുമ്പോള്‍ നേരിട്ടേക്കാവുന്ന പല എതിര്‍പ്പുകളെ കുറിച്ചും അവര്‍ക്ക് ധാരണയുണ്ടായിരുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ നിക്ഷിപ്‌തമായിരിക്കുന്ന കര്‍മ്മ മേഖലയില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടു കൂടിയും പ്രവര്‍ത്തിക്കാനാകുമോ? സഭയില്‍ മേരി പുന്നന്‍ ലൂക്കോസ് ആദ്യമായി നേരിട്ട ചോദ്യം ഇതായിരുന്നു.

സഭയിലെ ആദ്യ പ്രതികരണം:ഏതൊരു പുരുഷനെ പോലെ തനിക്കും ജോലി ചെയ്യാന്‍ സാധിക്കും. എവിടേയ്ക്കും യാത്ര ചെയ്യാന്‍ സാധിക്കും. ഒരു സ്ത്രീ എന്ന നിലയില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെട്ട് ജീവിക്കുന്ന ഒരാളല്ല താന്‍ എന്നാണ് ചോദ്യ ശരങ്ങള്‍ക്ക് മറുപടിയായി സഭയില്‍ ആദ്യമായി മേരി പുന്നന്‍ ലൂക്കോസ് പ്രതികരിച്ചത്.

ഒരു സ്ത്രീ എന്ന നിലയില്‍ അവരുടെ ആത്‌മവിശ്വാസം എത്രത്തോളം ഉണ്ടായിരുന്നു എന്ന് വ്യക്‌തമാക്കുന്ന കാര്യങ്ങളാണ് മേരി പുന്നന്‍ ലൂക്കോസിനെ കുറിച്ച് പഠിച്ചു തുടങ്ങിയപ്പോള്‍ ആദ്യ ദിനം തന്നെ മനസ്സിലാക്കാന്‍ സാധിച്ചതെന്ന് പ്രസീത പറഞ്ഞു.

മഹാറാണിയുടെ നിര്‍ദേശം:അന്ന് തിരുവിതാംകൂറിന്‍റെ ആരോഗ്യ മേഖലയുടെ ചുമതല, മഹാറാണിയുടെ നിര്‍ദേശ പ്രകാരം മേരി പുന്നന്‍ ലൂക്കോസ് ഏറ്റെടുത്തു. ബ്രിട്ടീഷ് ഭരണമായത് കൊണ്ട് തിരുവിതാംകൂര്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സിലില്‍ തിരഞ്ഞെടുപ്പ് പതിവില്ല. തിരുവിതാംകൂര്‍ രാജ്യത്തെ ഔദ്യോഗിക പദവി വഹിക്കുന്നവര്‍ നോമിനേറ്റ് ചെയ്യപ്പെട്ടാണ് സഭയില്‍ അംഗങ്ങളാവുക. അത്തരത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടാണ് മേരി പുന്നന്‍ ലൂക്കോസും സഭാംഗത്വം നേടുന്നത്.

സാമാജിക ആയതോടെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ കൃത്യമായി സഭയെ ബോധിപ്പിക്കുന്നതിന് മേരി പുന്നന്‍ ലൂക്കോസിന് സഹായകമായി. തിരുവിതാംകൂറില്‍ സഞ്ചരിക്കാവുന്ന സ്ഥലങ്ങളില്‍ ഒക്കെയും സഞ്ചരിച്ച് മേരി പുന്നന്‍ ലൂക്കോസ് വിവര ശേഖരണം നടത്തി. പല ആശുപത്രികളുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി. ഇത്തരം കാര്യങ്ങള്‍ കൃത്യമായ രേഖകളോടെയാണ് സഭയില്‍ അവര്‍ അവതരിപ്പിച്ചിരുന്നത്.

വര്‍ഷങ്ങളായി ആരോഗ്യ മേഖലയിലെ ചുമതലയുള്ള പുരുഷ ഡോക്ടേഴ്‌സ് സന്ദര്‍ശിക്കാത്ത പല ഉള്‍നാടന്‍ ആശുപത്രികളും മേരി പുന്നന്‍ ലൂക്കോസ് സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ പഠിച്ചു. പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിച്ചപ്പോള്‍ പല പരിഹാര മാര്‍ഗ്ഗങ്ങളും സഭയുടെ ഭാഗത്ത് നിന്നും ഉണ്ടായി. എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരലബ്‌ദി ഉണ്ടായോ എന്നത് സംശയമാണ്. കാരണം സഭ ഉത്തരവിട്ടാല്‍ ആ കാര്യം നടപ്പാക്കപ്പെടുന്നത് ഉദ്യോഗസ്ഥര്‍ മുഖേനയാണ്. ആരോഗ്യവകുപ്പിലെ പഴയ ഫയലുകള്‍ കൂടി പരിശോധിച്ചാല്‍ മാത്രമേ അതിനുള്ള വ്യക്‌തത ലഭിക്കുകയുള്ളൂ.

വസൂരിക്കെതിരെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍:അക്കാലത്തെ ഏറ്റവും വലിയ രോഗങ്ങളില്‍ ഒന്നായിരുന്നു വസൂരി. വസൂരിയെ 'അമ്മ വിളയാട്ടം' എന്നുള്ള തരത്തില്‍ അന്ധവിശ്വാസങ്ങളില്‍ ഉള്‍പ്പെടുത്തി മരുന്ന് നല്‍കുന്നത് എതിര്‍ക്കപ്പെട്ടിരുന്ന ഒരു കാലമായിരുന്നു അത്. അങ്ങനെയുള്ള ഒരു കാലത്ത് വസൂരിക്കെതിരെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പദ്ധതിക്കായി വലിയ ശബ്‌ദം മേരി പുന്നന്‍ ലൂക്കോസ് ഉയര്‍ത്തിയിരുന്നു.

വസൂരി വാക്‌സിനെതിരെ സഭയില്‍ പോലും വലിയ എതിര്‍പ്പുണ്ടായി. എങ്കിലും ഒരു ഡോക്‌ടര്‍ ഒരു രോഗത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ സംസാരിക്കുന്നു എന്നൊരു വസ്‌തുത സഭാംഗങ്ങളെ കാര്യബോധ്യം ഉള്ളവരാക്കി മാറ്റി. കേരളത്തില്‍ നിന്ന് വസൂരിയെ തുടച്ചുനീക്കുന്നതില്‍ മേരി പുന്നന്‍ ലൂക്കോസ് വഹിച്ച പങ്ക് ചെറുതല്ല.

തിരുവിതാംകൂറിലെ ആദ്യ ബിരുദ വനിത:മേരി പുന്നന്‍ ലൂക്കോസിനെ കുറിച്ച് പഠിച്ച് ഡോക്യുമെന്‍ററി ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഡോക്യുമെന്‍ററി ഇപ്രകാരം തുടങ്ങിയാല്‍ നന്നായിരിക്കും എന്നൊരു വ്യക്‌തത ഉണ്ടായിരുന്നതായി ഡോ. പ്രസീത പറയുന്നു. ഇപ്പോഴത്തെ വിജെടി ഹാളിലാണ് അന്നത്തെ തിരുവിതാംകൂര്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ യോഗം കൂടിയിരുന്നത്.

1924ലാണ് മേരി പുന്നന്‍ ലൂക്കോസ് സഭാംഗത്വം നേടുന്നത്. 1909ല്‍ ഇതേ വിജെടി ഹാളില്‍ അവരെ ആദരിക്കുന്ന ഒരു ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. തിരുവിതാംകൂറില്‍ നിന്ന് ബിരുദം നേടുന്ന ആദ്യത്തെ വനിത എന്നുള്ള നിലയിലാണ് സ്വീകരണം. കേരള യൂണിവേഴ്‌സിറ്റിയില്‍ അക്കാലത്ത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് എതിരഭിപ്രായം ഉണ്ടായിരുന്നു.

പോരാട്ടം നടത്തി നേടിയ ബിരുദം:പ്രത്യേകിച്ചും സയന്‍സ് സംബന്ധമായ വിഷയങ്ങള്‍ പഠിക്കുന്നതിന്. ഇക്കാരണത്താല്‍ മിഷേല്‍ എന്ന യൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പല്‍ മേരി പുന്നന്‍ ലൂക്കോസിന് അഡ്‌മിഷനും നിഷേധിച്ചു. പിന്നീട് വളരെയധികം പോരാട്ടം നടത്തിയാണ് ഹിസ്‌റ്ററിക്കും എക്കണോമിക്‌സിനും (രണ്ട് വിഷയങ്ങള്‍ക്ക്) മേരി പുന്നന്‍ ലൂക്കോസ് യൂണിവേഴ്‌സിറ്റിയില്‍ അഡ്‌മിഷന്‍ നേടിയെടുത്തത്. 1909ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതോടെ തിരുവിതാംകൂറിലെ മൂന്ന് ക്രിസ്ത്യന്‍ സഭകള്‍ മേരി പുന്നന്‍ ലൂക്കോസിനെ ആദരിക്കാന്‍ തീരുമാനിച്ചു. അതും ഒരു ചരിത്രമാണ്.

ക്രിസ്ത്യന്‍ സഭയുടെ ചരിത്രത്തില്‍ ആദ്യം: ഒരു ക്രിസ്ത്യന്‍ സഭ ഒരു സ്ത്രീയെ ആദ്യമായി ആദരിക്കുന്നതും ചരിത്രത്തില്‍ ആദ്യം. വര്‍ഷങ്ങള്‍ക്കിപ്പുറം നിയമസഭാ സാമാജികയായി വിജെടി ഹാളിന്‍റെ പടി ചവിട്ടി കയറുന്ന മേരി പുന്നന്‍ ലൂക്കോസിനെ ഒരു സിനിമ നായികയെ പോലെയാണ് കെ പ്രസീത ഓര്‍ത്തെടുത്തത്. ഈ രീതിയില്‍ ഡോക്യുമെന്‍ററി തുടങ്ങണമെന്ന് ആഗ്രഹിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ മറ്റൊരു രീതിയിലാണ് ഡോക്യുമെന്‍ററി ആരംഭിക്കുന്നത്.

ഡോക്യുമെന്‍ററി മുന്നൊരുക്കങ്ങള്‍:കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖ വ്യക്‌തിത്വങ്ങളുടെ കാഴ്‌ച്ചപ്പാടിലൂടെയാണ് മേരി പുന്നന്‍ ലൂക്കോസിനെ കുറിച്ചുള്ള ഡോക്യുമെന്‍ററി പുരോഗമിക്കുന്നത്. പുനരാവിഷ്‌കരിച്ച ചില രംഗങ്ങള്‍ ഡോക്യുമെന്‍ററിയിലുണ്ട്. ആ സംഭവം കേരളത്തിലെ ആദ്യത്തെ സിസേറിയന്‍ സര്‍ജറിയാണ്. സഭാ ടിവിയുടെ പരിമിതികള്‍ കാരണം വലിയൊരു ബജറ്റില്‍ അത്തരമൊരു രംഗം ചിത്രീകരിച്ചെടുക്കാന്‍ ആകില്ലെന്ന് മനസ്സിലായി. അതിനാല്‍ ഈ രംഗങ്ങള്‍ പ്രതീകാത്‌മകമായി ഒരു നിഴല്‍ ചിത്രം പോലെ ചിത്രീകരിക്കാന്‍ തീരുമാനിച്ചതായി പ്രസീത പറഞ്ഞു.

മണ്ണെണ്ണ വെളിച്ചത്തില്‍ സിസേറിയന്‍: തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ പഴയ മണ്ണെണ്ണ റാന്തല്‍ വെളിച്ചത്തിലാണ് മലയാള ദേശത്തെ ആദ്യത്തെ സിസേറിയന്‍ പ്രസവം സംഭവിക്കുന്നത്. സ്ത്രീ സഹജമായ രോഗങ്ങള്‍ക്ക് ഒരു ഡോക്‌ടറെ പോയി കാണുക എന്നൊരു ശീലം പോലും അക്കാലത്ത് ഇല്ലായിരുന്നു. മറ്റൊരു മാധ്യമത്തില്‍ മേരി പുന്നന്‍ ലൂക്കോസ് എഴുതി പ്രസിദ്ധീകരിച്ച ആത്‌മ കഥയിലൂടെയാണ് ആദ്യത്തെ സിസേറിയന്‍ സര്‍ജറിയുടെ അനുഭവങ്ങള്‍ ഡോക്യുമെന്‍ററിക്കായി മനസ്സിലാക്കുന്നത്. ഒരു മണ്ണെണ്ണ വിളക്ക് വെളിച്ചത്തില്‍ ശരീരം വെട്ടി മുറിക്കുന്ന ഒരു ഡോക്‌ടറുടെ മാനസികാവസ്ഥ എത്രത്തോളമാണെന്ന് ചിന്തിക്കാനാകില്ല.

പുനരാവിഷ്‌കരിച്ച് സിസേറിയന്‍ സര്‍ജറി: ഡോക്യുമെന്‍ററിയില്‍ എന്തുകൊണ്ടും ഈ ഭാഗം പുനരാവിഷ്‌കരിച്ച് ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചു. പ്രസീതയുടെ മകള്‍ പഠിക്കുന്നത് തൈക്കാട് മോഡല്‍ സ്‌കൂളിലാണ്. അവിടുത്തെ ടിടിസി വിദ്യാര്‍ത്ഥികള്‍ ഒരു പാഠ ഭാഗം നിഴല്‍ രൂപത്തില്‍ സൃഷ്‌ടിച്ച് അവതരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടു. ആ ടിടിസി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് ഡോക്യുമെന്‍ററിയില്‍ കേരളത്തിലെ ആദ്യത്തെ സിസേറിയന്‍ സര്‍ജറി പുനരാവിഷ്‌കരിച്ചത്.

ഹോളി ഏഞ്ചല്‍സില്‍ പ്രാഥമിക വിദ്യാഭ്യാസം:തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്‌കൂളിലാണ് മേരി പുന്നന്‍ ലൂക്കോസ് തന്‍റെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. ഡോക്യുമെന്‍ററിയുടെ ഭാഗമായി ഹോളി ഏഞ്ചല്‍സ് സ്‌കൂളില്‍ സഭാ ടിവി അംഗങ്ങളോടൊപ്പം പ്രസീത സന്ദര്‍ശനം നടത്തി. ഏറ്റവും കൗതുകകരമായ വസ്‌തുത മേരി പുന്നന്‍ ലൂക്കോസ് ഇവിടെ പഠിച്ചിരുന്നു എന്നുപോലും പലര്‍ക്കും അറിയില്ല. 100 വര്‍ഷം മുന്‍പത്തെ ഇന്‍ഫാസ്ട്രക്‌ച്ചര്‍ അല്ല ഇപ്പോള്‍ സ്‌കൂളിലുള്ളത്. അതുകൊണ്ടുതന്നെ ഡോക്യുമെന്‍ററിയില്‍ സ്‌കൂളിനെ ഉള്‍പ്പെടുത്തുക വളരെ ബുദ്ധിമുട്ടായിരുന്നു.

ഒരു പഴയ കെട്ടിടം സ്‌കൂളിനുള്ളില്‍ തന്നെ കണ്ടെത്തി അവിടെയാണ് പരിമിതമായ രീതിയില്‍ കാര്യങ്ങള്‍ ചിത്രീകരിച്ചത്. കേരള യൂണിവേഴ്‌സിറ്റിയില്‍ മേരി പുന്നന്‍ ലൂക്കോസിന്‍റെ ഓര്‍മ്മ ചിത്രങ്ങളെല്ലാം തന്നെ സൂക്ഷിച്ചിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായില്ല. കാരണം യൂണിവേഴ്‌സിറ്റിയുടെ പഴയ കെട്ടിടമാണ് അന്നത്തെ മെയിന്‍ ക്യാമ്പസ്.

മേരി പുന്നന്‍ ലൂക്കോസ് താമസിച്ചിരുന്ന വീട് പൊളിച്ചു മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ അവിടെ നബാര്‍ഡിന്‍റെ ഓഫീസാണ്. സെക്രട്ടേറിയേറ്റിന് മുന്നിലുള്ള പുന്നന്‍ റോഡ് മേരി പുന്നന്‍ ലൂക്കോസിന്‍റെ അച്ഛന്‍റെ പേരിലുള്ളതാണ്. കോട്ടയമാണ് മേരി പുന്നന്‍ ലൂക്കോസിന്‍റെ ജന്മസ്ഥലം. എന്നാല്‍ വളരെ ചെറുപ്പത്തിലെ അവര്‍ കുടുംബത്തോടൊപ്പം തിരുവിതാംകൂറിലേക്ക് താമസം മാറ്റി.

ബന്ധുക്കളെ തേടിയുള്ള യാത്ര:ഡോക്യുമെന്‍ററിക്കായി മേരി പുന്നന്‍ ലൂക്കോസിന്‍റെ ബന്ധുക്കളെ തിരഞ്ഞുള്ള വലിയൊരു യാത്ര തന്നെ നടത്തി. ആകെ കണ്ടെത്താനായത് എറണാകുളത്ത് ഗൈനക്കോളജിസ്‌റ്റായി ജോലി ചെയ്യുന്ന ഡോക്‌ടര്‍ മെറിന വര്‍ഗീസിനെയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് മറീന വര്‍ഗീസിനെ ബന്ധപ്പെടുന്നത്. 2018ല്‍ ബജറ്റ് പ്രസംഗത്തിനിടെ മന്ത്രിയായിരുന്ന തോമസ് ഐസക്ക്, മേരി പുന്നന്‍ ലൂക്കോസിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. ഈ പ്രസംഗത്തിന് മറുപടി എഴുതി മെറിന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തതാണ് പ്രസീതയ്‌ക്കും സംഘത്തിനും മെറിന്‍ വര്‍ഗീസിലേക്കുള്ള വഴി തുറന്നു കിട്ടാന്‍ സഹായകരമായത്.

ചരിത്രം പിറന്ന കൈകള്‍ എന്ന ഡോക്യുമെന്‍ററി ഏകദേശം നാല് മാസത്തെ സമയപരിധിയിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്തായിരുന്നു മുഴുവന്‍ ചിത്രീകരണവും. മേരി പുന്നന്‍ ലൂക്കോസ് എന്ന വ്യക്‌തിയെ കുറിച്ചുള്ള പരമാവധി വിവരശേഖരണം നടത്താന്‍ സാധിച്ചത് സഭാ ടിവി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് കൊണ്ട് മാത്രമാണെന്നും ഡോ.പ്രസീത കൂട്ടിച്ചെര്‍ത്തു.

Also Read: "എന്നെ മലയാളികളെ അംഗീകരിക്കൂ"; നല്ലവനായ ഉണ്ണിയും, മദ്യം പോലെ കട്ടൻചായ വലിച്ചു കുടിക്കുന്ന പൃഥ്വിയും.. - BIBIN GEORGE INTERVIEW

Last Updated : Oct 16, 2024, 4:45 PM IST

ABOUT THE AUTHOR

...view details