കേരളം

kerala

ETV Bharat / entertainment

"സനൽകുമാറിന്‍റേത് ഒരു നിർമ്മാതാവിനെ കരയിപ്പിക്കുന്ന പ്രവൃത്തി", സനല്‍കുമാറിനെതിരെ നിര്‍മ്മാതാവ് - SHAJI MATHEW AGAINST SANAL KUMAR

സിനിമ സൗജന്യമായി ഓണ്‍ലൈനിലൂടെ പുറത്തുവിടാന്‍ സനല്‍കുമാര്‍ ശശിധരന് യാതൊരു അവകാശവും ഇല്ലെന്നാണ് നിര്‍മ്മാതാവ് ഷാജി മാത്യു ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇതിനെതിരെ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

SHAJI MATHEW  SANAL KUMAR SASIDHARAN  സനല്‍കുമാറിനെതിരെ നിര്‍മ്മാതാവ്  ഷാജി മാത്യു
Shaji Mathew (Etv Bharat)

By ETV Bharat Entertainment Team

Published : Jan 24, 2025, 2:58 PM IST

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'കയറ്റം'. കഴിഞ്ഞ ദിവസം സംവിധായകൻ സനൽകുമാർ ശശിധരൻ ചിത്രം സൗജന്യമായി ഓണ്‍ലൈനില്‍ റിലീസ് ചെയ്‌തിരുന്നു. സംവിധായകന്‍റെ ഈ പ്രവൃത്തിയില്‍ നിർമ്മാതാവ് ഷാജി മാത്യു ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ്. വിഷയത്തില്‍ ഇടിവി ഭാരതിനോടാണ് നിര്‍മ്മാതാവ് ആദ്യമായി പ്രതികരിച്ചിരിക്കുന്നത്.

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്‌ത 'ഒരാൾ പൊക്കം', 'ഒഴിവു ദിവസത്തെ കളി' തുടങ്ങിയ സിനിമകൾ ഷാജി മാത്യു ഇതിന് മുമ്പ് നിർമ്മിച്ചിട്ടുണ്ട്. 'കയറ്റം' സിനിമയുടെ നിർമ്മാണ പങ്കാളിയാണെങ്കിലും സിനിമയുടെ 95% മുതൽ മുടക്കും നടത്തിയത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് 'കയറ്റം' സിനിമ സനൽകുമാർ ശശിധരൻ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചത്. അത്തരം ഒരു പ്രവൃത്തി ചെയ്യാൻ സിനിമയുടെ മേൽ അദ്ദേഹത്തിന് യാതൊരു അവകാശവും ഇല്ലെന്നാണ് ഷാജി മാത്യുവിന്‍റെ പ്രതികരണം. ഈ വിഷയത്തില്‍ മാധ്യമങ്ങൾക്ക് മുന്നിൽ ഇതുവരെയും പ്രതികരിക്കാത്തത് ഒരു പബ്ലിസിറ്റി സ്‌റ്റണ്ടിൽ താല്‍പ്പര്യം ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാതാവിന്‍റെ സമ്മതമില്ലാതെ സിനിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രവൃത്തിക്കെതിരെ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Shaji Mathew against Sanal Kumar (ETV Bharat)

"സനൽകുമാർ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്ന ഒരു കാര്യങ്ങൾക്കും അടിസ്ഥാനമില്ല. 2020ൽ ചിത്രീകരിച്ച സിനിമയാണ് കയറ്റം. നിർമ്മാണ പങ്കാളിയായി മഞ്ജു വാര്യരും, സനൽകുമാർ ശശിധരനും ഈ സിനിമക്കൊപ്പം ഉണ്ടെങ്കിലും ചിത്രത്തിന്‍റെ 95 ശതമാനം മുതൽമുടക്കും എന്‍റേതാണ്. ഏകദേശം 80 ലക്ഷം രൂപയാണ് ഞാന്‍ ഈ സിനിമയ്‌ക്ക് വേണ്ടി ചിലവാക്കിയിരിക്കുന്നത്," ഷാജി മാത്യു പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ സിനിമ പങ്കുവെച്ചത് കടന്ന കയ്യായിപ്പോയി എന്നാണ് നിര്‍മ്മാതാവിന്‍റെ പ്രതികരണം. സനൽകുമാർ ശശിധരന്‍റെ മുൻ ചിത്രങ്ങൾ താൻ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതേകുറിച്ചും നിര്‍മ്മാതാവ് പ്രതികരിച്ചു.

"ഒരു സമാന്തര സിനിമ ചെയ്യാൻ ഒരു നിർമ്മാതാവ് തീരുമാനിക്കുമ്പോൾ എല്ലാവരും മനസ്സിലാക്കേണ്ട ഒരു വസ്‌തുത ഉണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ചിലവാക്കുന്ന പണം വെള്ളത്തിൽ കളയുന്നത് പോലെയാണ്. മിക്കപ്പോഴും സമാന്തര സിനിമകൾ റിലീസിന് ശേഷം ഒരു രൂപ പോലും നിർമ്മാതാവിന് മുടക്കിയ പണം തിരിച്ചു കിട്ടാറില്ല. ഒരു കൊമേഴ്‌ഷ്യല്‍ സിനിമയാണ് ചെയ്യുന്നതെങ്കിൽ ചിലവാക്കിയ പൈസ തിരിച്ചു കിട്ടുമെന്നൊരു ഉറപ്പെങ്കിലും ഉണ്ട്. ഒരു ലാഭേച്ഛയും കൂടാതെ നല്ല സിനിമകൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സനൽകുമാർ ശശിധരനുമായി പലപ്പോഴും സഹകരിച്ചിട്ടുള്ളത്. ഞങ്ങളുടെ ആരുടെയും സമ്മതമില്ലാതെ എന്‍റെ ഉടമസ്ഥതയിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ചത് ഒരു കടന്ന കയ്യായിപ്പോയി," നിർമ്മാതാവ് പ്രതികരിച്ചു.

Shaji Mathew against Sanal Kumar (ETV Bharat)

സനൽകുമാർ ശശിധരൻ നിർമ്മാണ പങ്കാളി ആണെങ്കിലും ഈ സിനിമയ്‌ക്ക് അദ്ദേഹം പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് ഷാജി മാത്യുവിന്‍റെ വെളിപ്പെടുത്തല്‍. കയറ്റം സിനിമയുടെ റിലീസ് വൈകാനുണ്ടായ കാരണവും അദ്ദേഹം വ്യക്‌തമാക്കി.

"സിനിമ റിലീസ് ചെയ്യാൻ ആരൊക്കെയോ സമ്മതിക്കുന്നില്ലെന്ന് സനൽകുമാർ ആരോപിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിൽ ആണെന്ന് മനസ്സിലാകുന്നില്ല. ഈ സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ പലപ്പോഴും പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ മഞ്ജു വാര്യർ ഈ വ്യക്‌തിക്കെതിരെ നൽകിയ പരാതിയും ഒരു കാരണമായി. ഒരു സമാന്തര സിനിമ തിയേറ്ററുകളിൽ എത്തിക്കുമ്പോൾ എല്ലാ സാഹചര്യങ്ങളും ഒത്തു വന്നാൽ മാത്രമെ പ്രേക്ഷക പിന്തുണ ലഭിക്കുകയുള്ളൂ. അങ്ങനെയൊരു മികച്ച സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ ചെയ്‌തത്. മാത്രമല്ല സിനിമയുടെ ഡിജിറ്റൽ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ മുന്നോട്ടു നീങ്ങുകയായിരുന്നു," നിര്‍മ്മാതാവ് വ്യക്‌തമാക്കി.

ചിത്രം സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യാനൊരുങ്ങുന്ന വിവരം സനല്‍കുമാര്‍ തന്നെ അറയിച്ചിട്ടില്ലെന്നും നിര്‍മ്മാതാവ് തുറന്നു പറഞ്ഞു. "എല്ലാം ചെയ്‌തത് അയാളുടെ ഇഷ്‌ടപ്രകാരമാണ്. ഈ പ്രവൃത്തിക്ക് ശേഷം അയാളുമായി വിളിച്ച് സംസാരിക്കാനും ഞാൻ തയ്യാറായില്ല. മാധ്യമങ്ങളോട് പ്രതികരിക്കാനും എനിക്ക് വിമുഖത ആയിരുന്നു. എനിക്ക് ഉടമസ്ഥാവകാശമുള്ള ചിത്രം ദുരുപയോഗം ചെയ്‌തതിനെതിരെ നിയമപരമായി നീങ്ങാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഒരു നിർമാതാവിനെ കരയിപ്പിക്കുന്ന പ്രവർത്തിയാണ് സനൽകുമാർ ശശിധരന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ ഞാൻ കരയുകയായിരുന്നു," അദ്ദേഹം പറഞ്ഞു.

പല മാധ്യമങ്ങളും ഈ സംഭവത്തിന്‍റെ വാസ്‌തവം അന്വേഷിച്ച് തന്നെ വിളിച്ചെന്നും എന്നാല്‍ താന്‍ ആരോടും പ്രതികരിച്ചില്ലെന്നും ഷാജി മാത്യു പറഞ്ഞു. "മാധ്യമങ്ങളോട് അങ്ങനെ പ്രതികരിക്കാനുള്ള മാനസികാവസ്ഥ ഇല്ല. പ്രസ്‌തുത വിഷയത്തിൽ എന്‍റെ അതേ മാനസികാവസ്ഥ തന്നെയാണ് മഞ്ജു വാര്യർക്കും ഉള്ളത്. എന്തിനെയും നിയമപരമായി നേരിടാം എന്നതാണ് ഞങ്ങളുടെ തീരുമാനം," നിര്‍മ്മാതാവ് വ്യക്‌തമാക്കി.

സനൽകുമാർ ശശിധരൻ ഉന്നയിക്കുന്ന പല ആരോപണങ്ങളുടെയും വാസ്‌തവം എന്താണെന്ന് തനിക്കറിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ സംവിധായകനുമായി ദീർഘനാളത്തെ ബന്ധമുണ്ടെന്ന് സമ്മതിച്ചു. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായാണ് സനൽകുമാർ ശശിധരൻ ഇങ്ങനെയൊക്കെയാണ് പെരുമാറുന്നതെന്നും നിര്‍മ്മാതാവ് പറഞ്ഞു.

സനല്‍കുമാര്‍-മഞ്ജു വാര്യര്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. "മഞ്ജു വാര്യരുടെ ജീവന് ഭീഷണി, ഓഡിയോ സന്ദേശം തുടങ്ങിയ കാര്യങ്ങൾ ഇന്നലെ മുതൽ സജീവ ചർച്ചയിൽ ഉണ്ടെന്ന് അറിയാൻ സാധിച്ചു. സനൽകുമാറിന്‍റെ ആദ്യ കാലം മുതൽ അയാൾക്കൊപ്പം വലിയ പിൻബലം നൽകി നിൽക്കുന്ന ഒരു നിർമ്മാതാവാണ് ഞാൻ. അങ്ങനെ ഒരാളെ ചതിച്ച ഒരു വ്യക്‌തി പറയുന്ന ഈ കാര്യങ്ങളിൽ അടിസ്ഥാനം ഉണ്ടോ എന്ന് കേൾക്കുന്നവരാണ് തീരുമാനിക്കേണ്ടത്. ഇയാൾ പറയുന്നത് പോലെ മഞ്ജു വാര്യരുടെ ജീവന് ഭീഷണി ഉണ്ടെങ്കിൽ അവരെ സംരക്ഷിക്കേണ്ട ചുമതല നമ്മുടെ നിയമസംഹിതയ്‌ക്കാണ്. അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ മഞ്ജുവാര്യർ തന്നെ നേരിട്ട് മുന്നോട്ടെത്തും," ഷാജി മാത്യു വ്യക്‌തമാക്കി.

'കയറ്റം' സിനിമയുടെ റിലീസിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "ചിത്രം ഉടൻ തന്നെ ഏതെങ്കിലും മുഖ്യധാരാ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാനാണ് ഞങ്ങൾ ഇനി ശ്രമിക്കുന്നത്," ഷാജി മാത്യു പറഞ്ഞു.

Also Read: അത് മഞ്ജു വാര്യര്‍ തന്നെയാണോ? നടിയുടെ പേരില്‍ സനല്‍കുമാര്‍ പങ്കുവച്ച ആ ഓഡിയോ ക്ലിപ്പുകള്‍ ആരുടേത്? - NETIZENS AGAINST SANAL KUMAR

ABOUT THE AUTHOR

...view details