മലയാളികളുടെ സ്‌നേഹനിധിയായ അമ്മയാണ് കവിയൂര്‍ പൊന്നമ്മ. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച കവിയൂര്‍ പൊന്നമ്മയ്‌ക്ക് യഥാര്‍ത്ഥ ജീവിതത്തിലെ അമ്മ വേഷം സമ്മാനിച്ചത് വേദനകളായിരുന്നോ?
കുടുംബത്തിനായി നന്നെ ചെറുപ്പത്തില്‍ തന്നെ കവിയൂര്‍ പൊന്നമ്മ അഭിനയത്തിലേയ്‌ക്ക് ഇറങ്ങിയിരുന്നു. വീട്ടിലെ ആവശ്യങ്ങളും ആവശ്യക്കാരും കൂടിയതോടെ സിനിമ സെറ്റുകളിലേയ്‌ക്കുള്ള പൊന്നമ്മയുടെ ഓട്ടവും കൂടി. അതുകൊണ്ട് ഏക മകളായ ബിന്ദുവിനെ പൊന്നമ്മയ്‌ക്ക് അധികം ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അഭിനയമാണ് ആദ്യ പ്രയോരിറ്റി എന്നുള്ളത് കൊണ്ട് അമ്മ തനിക്ക് സ്‌നേഹം തന്നില്ലെന്നായിരുന്നു മകളുടെ പരാതി. എന്നാല്‍ ഒപ്പം ഉണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നുവെന്ന് പൊന്നമ്മ, ജോണ്‍ ബ്രിട്ടാസിന്‍റെ ജെബി ജംഗ്ഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞിരുന്നു. 'ഉള്ള സമയത്ത് അതുപോലെ സ്‌നേഹം വാരിക്കോരി കൊടുത്തിട്ടുണ്ടെന്നും മകളുടെ പരിഭവം മാറില്ലെന്നും അതില്‍ ദു:ഖം ഇല്ലെന്നുമായിരുന്നു പൊന്നമ്മയുടെ മറുപടി.
'മകള്‍ അമേരിക്കയില്‍ സെറ്റില്‍ഡാണ്. എന്‍റെ രണ്ടാമത്തെ നാത്തൂന്‍റെ മകനാണ് കല്യാണം കഴിച്ചത്. അവര്‍ക്ക് മകനും മകളും ഉണ്ട്. സ്‌നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പം ഉണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നു. എല്ലാവര്‍ക്കും ഭക്ഷണം കഴിക്കണമെങ്കില്‍ ഞാന്‍ ജോലിക്ക് പോവണമായിരുന്നു.
കുട്ടിയായിരുന്നപ്പോള്‍ അറിയില്ലെന്ന് വയ്‌ക്കാം. മുതിര്‍ന്നപ്പോഴെങ്കിലും മനസ്സിലാക്കണമല്ലോ. ഭയങ്കര ശാഠ്യം ആയിരുന്നു. ഉള്ള സമയത്ത് അതുപോലെ സ്‌നേഹം വാരിക്കോരി കൊടുത്തിട്ടുണ്ട്. ആ ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം മാറില്ല. ദു:ഖമില്ല. നോക്കാന്‍ എനിക്ക് ചിലപ്പോള്‍ പറ്റിയിട്ടില്ല. അവള്‍ പറഞ്ഞതിലും കാര്യമുണ്ട്.' -പൊന്നമ്മ പറഞ്ഞു.
ഇതിന് പിന്നാലെ മുലപ്പാല്‍ പോലും തന്നില്ലെന്ന് മകള്‍ ആരോപിച്ചതിനെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനും പൊന്നമ്മ മറുപടി നല്‍കി. 'പറയാന്‍ പാടില്ല, എങ്കിലും പറയുകയാണ്. എട്ട് മാസം വരെയേ പാല് കൊടുത്തുള്ളൂ'. ഇതിന് പിന്നാലെ അന്നുണ്ടായൊരു സംഭവവും കവിയൂര്‍ പൊന്നമ്മ പങ്കുവച്ചിരുന്നു.
'ശിക്ഷ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നു. സത്യന്‍ സാറും ഞാനുമാണ് ജോഡി. സംവിധായകന്‍ സത്യന്‍ മാഷിന്‍റെ ചെവിയില്‍ എന്തോ പറഞ്ഞു. പൊന്നീ നമുക്കീ സീന്‍ നാളെ എടുത്താലോ എന്ന് ചോദിച്ചു. എന്താണ് സാര്‍ എന്ന് ഞാന്‍ ചോദിച്ചു. ഇന്ന് വേണ്ട പൊന്നി പൊയ്‌ക്കോ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു.
ഞാന്‍ ചെയ്‌തത് ശെരിയായില്ലേ, എന്നാല്‍ അത് പറയേണ്ടേ എന്ന് ഞാന്‍ വിചാരിച്ചു. പട്ടു സാരിയാണ് ഞാനുടുത്തത്. മുറിയില്‍ വന്ന് പട്ടുസാരി മാറാന്‍ കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍ മുലപ്പാല്‍ വീണ് ആകെ നനഞ്ഞിരിക്കുകയായിരുന്നു. ഞാന്‍ സ്‌നേഹിച്ചില്ല എന്ന് പറഞ്ഞാല്‍ എനിക്കത് സഹിക്കാന്‍ പറ്റില്ല.'-കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
Also Read: 'ഒരുപാട് വേദനകള്‍ സഹിച്ചു, ആരുമില്ലാത്ത സ്ഥിതിയും ഉണ്ടായി'; പൊന്നമ്മയുടെ ഓര്‍മ്മയില്‍ മധു - Madhu remembering Kaviyoor Ponnamma