നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ തേങ്ങുകയാണ് മലയാള സിനിമ ലോകം. എന്നാല്‍ നേരത്തെ മരണത്തെ കുറിച്ച് പൊന്നമ്മ എഴുതിയ വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്‍റെ പ്രിയപ്പെട്ടവരുടെ വിയോഗത്തിലായിരുന്നു പൊന്നമ്മ ഇങ്ങനെ കുറിച്ചത്...
'തന്‍റെ പ്രായത്തിലുള്ള പലരുടെയും പ്രശ്‌നം ഒന്നും ചെയ്യാനില്ലാത്തതാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് പലരും മരണത്തെ കാത്തിരിക്കുന്നു. താന്‍ അങ്ങനെ അല്ല. എനിക്കാവുന്ന കാര്യങ്ങള്‍ ചെയ്യും. മരിക്കാന്‍ തനിക്ക് ഭയമില്ല. മരണത്തെ താന്‍ കാത്തിരിക്കുന്നതുമില്ല. അപകട മരണം ആകരുതേ എന്നുണ്ട്. പ്രത്യേകിച്ചും വെള്ളത്തില്‍ മുങ്ങിയുള്ള മരണം. ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നത് മാത്രം ആലോചിക്കാന്‍ വയ്യ' ഇതായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍.
സഹോദരി രേണുകയുടെ മരണം കവിയൂര്‍ പൊന്നമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കവിയൂര്‍ രേണുക മരിക്കുമ്പോള്‍ കാശിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു പൊന്നമ്മ. എങ്കിലും നാട്ടിലേക്ക് മടങ്ങി സഹോദരിയെ ഒരു നോക്ക് കണ്ടിരുന്നു. പീന്നീട് മകള്‍ ബിന്ദുവിന്‍റെ ആദ്യ കുഞ്ഞിന്‍റെ മരണവും നൊമ്പരമായിരുന്നു.
മുപ്പത് വര്‍ഷത്തെ മദ്രാസ് ജീവിതത്തിന് ശേഷമാണ് കവിയൂര്‍ പൊന്നമ്മ ആലുവയില്‍ പെരിയാര്‍ തീരത്ത് ശ്രീപദം എന്ന വീട് നിര്‍മിച്ചത്. പിന്നീടുള്ള വിശ്രമ ജീവിതം മുഴുവന്‍ ഈ വീട്ടിലായിരുന്നു.