എറണാകുളം: കേരള ടൂറിസത്തിന്‍റെ പുത്തൻ പ്രതീക്ഷകൾക്ക് ചിറക് വിരിച്ച് സീപ്ലെയിൻ കൊച്ചി കായലിൽ നിന്നും പറന്നുയർന്നു. കൊച്ചി മൂന്നാർ സീ പ്ലെയിൻ പരീക്ഷണ പറക്കൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്‌തു. പരീക്ഷണ പറക്കലിന് മുന്നോടിയായി മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, മന്ത്രി ശിവൻ കുട്ടി എന്നിവരെയും വഹിച്ച് സീപ്ലെയിൻ കൊച്ചിയുടെ ആകാശത്ത് ഒരു തവണ വട്ടമിട്ട് പറന്ന ശേഷമായിരുന്നു മൂന്നാറിലേക് തിരിച്ചത്.
സീ പ്ലെയിൻ പദ്ധതി പണക്കാർക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ജനകീയ പദ്ധതിയാക്കി മാറ്റുന്ന രീതിയിലാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിൽ വലിയ സാധ്യതകളാണ് ഉള്ളത്, ‘സീപ്ലെയിൻ’ വിനോദ സഞ്ചാര മേഖലയില കുതിപ്പിന് വേഗത കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
കനേഡിയൻ പൈലറ്റുമാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്‌ഗർ ബ്രിൻഡ്‌ജർ എന്നിവരാണ് മൂന്നാറിലേക്കുളള പരീക്ഷ പറക്കലിൽ സീപ്ലെയിൻ പറത്തിയത്. പരീക്ഷണപ്പറക്കലിന്‍റെ ഭാഗമായി കൊച്ചി കായലിൽ പറന്നുയർന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ജലാശയത്തിൽ പറന്നിറങ്ങി. ഈ വിമാനത്തിലിരുന്ന് യാത്രക്കാർക്ക് കാഴ്‌ചകൾ നന്നായി കാണാൻ കഴിയും.
കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള യാത്രയിൽ മൂന്നാറിന്‍റെയും പശ്ചിമഘട്ടത്തിന്‍റെയും കാഴ്‌ചകൾ യാത്രകാർക്ക് ആസ്വദിക്കാൻ കഴിയുന്ന പ്രത്യേകതയുമുണ്ട്. കൊച്ചിയിൽ നിന്നും റോഡ് മാർഗം മൂന്നാറിലെത്താൻ നാല് മണിക്കൂർ സമയമാണെടുക്കുന്നത്. എന്നാൽ ടൂറിസ്‌റ്റ് സീസൺ സമയങ്ങളിൽ ഗതാഗത കുരുക്കിനെ തുടർന്ന് അഞ്ചു മണിക്കൂറും അതിലേറെയും സമയമെടുക്കാറുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സീപ്ലെയിൻ കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള യാത്രാ സമയം വെറും മുപ്പത് മിനിറ്റായി കുറയ്ക്കും. തടസങ്ങളില്ലാത്ത ആകാശ യാത്ര വേറിട്ടൊരു കാഴ്‌ചാനുഭവം കൂടിയാണ് സമ്മാനിക്കുക. സീപ്ലെയ്൯ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ വിപ്ലവം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീപ്ലെയിൻ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ൪മാരെയും ജനങ്ങളെയും സീപ്ലെയിൻ പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന സ൪വീസ് മാത്രമാണ് ഇപ്പോൾ നടത്തുന്നത്. ഇതിനു വേണ്ടി കേന്ദ്രസർക്കാറിന്‍റെ ആർ സി ഉഡാൻ പദ്ധതി വരുന്നുണ്ട്.
മൂന്ന് വർഷത്തേക്ക് കേരളത്തിലെ എട്ടോളം ജലാശയങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ സർവിസ് നടത്താൻ കേന്ദ്ര സർക്കാർ സമ്മതം അറിയിച്ചിട്ടുണ്ട്. ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ സീപ്ലെയിൻ യാത്രാ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാലദ്വീപിൽ നൂറ്റിമുപ്പതോളം സീ പ്ലെയിനുകൾ കടലിൽ നിന്നാണ് സർവിസ് നടത്തുന്നത്. മാലിദ്വീപിനെ കവച്ചുവെക്കുന്ന സാധ്യതകളാണ് രാജ്യത്തും സംസ്ഥാനത്തും ഉള്ളത്.
കൊച്ചി കായൽ, ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ ,കൊല്ലം അഷ്‌ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും, വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
Also Read:കൊച്ചിയിൽ നിന്ന് മൂന്നാറിലെത്താൻ ഇനി വെറും 30 മിനിറ്റ്; സീപ്ലെയിന്‍ സര്‍വീസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും