കേരളം

kerala

ETV Bharat / entertainment

ഒരുകയ്യില്‍ കാപ്പി കപ്പ്, മറുകയ്യില്‍ പുകയുന്ന സിഗരറ്റ്; നടന്‍ ദര്‍ശന്‍റെ 'ജയില്‍ ചിത്രങ്ങള്‍' പുറത്ത്, അധികൃതര്‍ക്ക് വിമര്‍ശനം - Actor Darshan Jail photos - ACTOR DARSHAN JAIL PHOTOS

ജയില്‍ ജീവിതം ആഘോഷമാക്കി കന്നഡ താരം ദര്‍ശന്‍. ചിത്രങ്ങള്‍ പുറത്തായതോടെ ജയില്‍ അധികൃതര്‍ക്ക് വിമര്‍ശനം. പ്രതികരിക്കാതെ പൊലീസ്. സൂപ്പര്‍ താരം ജയിലിലെത്തിയത് കൊലക്കുറ്റത്തിന് റിമാന്‍ഡ് ചെയ്യപ്പെട്ട്.

KANNADA ACTOR DARSHAN CASE  MURDER CASE ON ACTOR DARSHAN  ACTOR DARSHAN AND PAVITHRA GOWDA  RENUKASWAMY MURDER CASE BENGALURU
Actor Darshan Jail photo (IANS)

By ETV Bharat Kerala Team

Published : Aug 25, 2024, 5:59 PM IST

ബെംഗളൂരു : കൊലപാതക കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കന്നഡ സിനിമ താരം ദര്‍ശന്‍റെ ജയിലില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. താരം ജയിലില്‍ കാപ്പി കുടിക്കുന്നതിന്‍റെയും സിഗരറ്റ് പുകയ്‌ക്കുന്നതിന്‍റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജയിലില്‍ സൂപ്പര്‍ താരത്തിന് വിഐപി പരിഗണന നല്‍കുന്നതില്‍ ജയില്‍ അധികൃതര്‍ക്കെതിരെ വിമര്‍ശനവും രൂക്ഷമാണ്.

ആരാധകനായ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ദര്‍ശന്‍. ബെഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് താരം. ഒരു കയ്യില്‍ കാപ്പി കപ്പും മറുകയ്യില്‍ കത്തിച്ച സിഗരറ്റുമായി കസേരയില്‍ ഇരിക്കുന്ന ദര്‍ശന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ദര്‍ശന് സമീപം മറ്റ് കസേരകളിലായി അദ്ദേഹത്തിന്‍റെ മാനേജറെയും മറ്റുരണ്ട് തടവുകാരെയും ചിത്രത്തില്‍ കാണാം. നാലുപേരും സന്തോഷകരമായി സംസാരിക്കുന്നതായും കാണാനാകും.

കൊലപാതക കുറ്റത്തിന് റിമാന്‍ഡ് ചെയ്യപ്പെട്ട് ജലിയില്‍ എത്തിയ താരത്തിന് സുഖ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ജയില്‍ അധികാരികള്‍ എന്നാണ് നെറ്റിസണ്‍സ് ചിത്രത്തിന് നല്‍കുന്ന പ്രതികരണം. ജയിലില്‍ പ്രത്യേകം സജ്ജമാക്കിയ ബാരക്കിലാണ് ദര്‍ശനെ പാര്‍പ്പിച്ചിരിക്കുന്നത്. താരത്തിന് ജയില്‍ വളപ്പില്‍ ചുറ്റിക്കറങ്ങാനും മറ്റ് തടവുകാരെ കാണാനും അധികൃതര്‍ അനുമതി നല്‍കിയതായാണ് വിവരം.

ദര്‍ശനും പങ്കാളിയായ പവിത്ര ഗൗഡയും മറ്റ് 15 പേരും ചേര്‍ന്നാണ് രേണുകസ്വാമിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള കേസിന്‍റെ അവസാനഘട്ട നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ജാമ്യത്തിന് ശ്രമിക്കാമെന്ന വിശ്വാസത്തിലാണ് ദര്‍ശനെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതിനിടെയാണ് വെല്ലുവിളിയായി ജയിലില്‍ നിന്നുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂണ്‍ എട്ടിനാണ് ബെംഗളൂരുവില്‍ രേണുകസ്വാമി അതി ദാരുണമായി കൊല്ലപ്പെട്ടത്. സ്വദേശമായ ചിത്രദുര്‍ഗയില്‍ നിന്ന് രേണുകസ്വാമിയെ ബെംഗളൂരുവില്‍ എത്തിച്ച് ഷെഡില്‍ അടച്ചിട്ട് പീഡിപ്പിച്ച്, വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടതിന് പിന്നാലെ മൃതദേഹം അഴുക്കുചാലില്‍ തള്ളുകയും ചെയ്‌തു.

ഒരു സ്വകാര്യ അപ്പാര്‍ട്ട്‌മെന്‍റിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മൃതദേഹം നായ്‌ക്കള്‍ വലിച്ചിഴയ്‌ക്കുന്നതായി കണ്ടെത്തിയത്. പിന്നാലെ സംഭവം പുറത്തറിയുകയായിരുന്നു. മാതാപിതാക്കളും സഹോദരിയും ഭാര്യയും അടങ്ങുന്നതാണ് കൊല്ലപ്പെട്ട രേണുകസ്വാമിയുടെ കുടുംബം.

പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കൊലപാതക കുറ്റം ഏറ്റെടുത്ത് നാലുപേര്‍ കീഴടങ്ങിയിരുന്നു. കാമാക്ഷിപാളയ പൊലീസ് ഇവരെ ചോദ്യം ചെയ്‌തതോടെയാണ് കേസില്‍ നടന്‍ ദര്‍ശന്‍റെയും പങ്കാളി പവിത്ര ഗൗഡയുടെയും പങ്ക് പുറത്തായത്. ജൂണ്‍ 11ന് പുലര്‍ച്ചെയാണ് ദര്‍ശനെ മൈസൂരില്‍ വച്ച് അറസ്റ്റ് ചെയ്‌തത്. പവിത്രയും മറ്റ് കൂട്ടാളികളും ബെംഗളൂരുവില്‍ വച്ചും അറസ്റ്റ് ചെയ്യപ്പെട്ടു.

പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ ദര്‍ശന്‍റെയും പവിത്രയുടെയും മറ്റ് കൂട്ടാളികളുടെയും കസ്റ്റഡി കാലാവധി ഓഗസ്റ്റ് 28 വരെയാണ്.

Also Read: നടി പവിത്ര ഗൗഡ പൊലീസ് കസ്റ്റഡിയിൽ; സംഭവം കൊലപാതകക്കേസിൽ നടൻ ദർശന്‍റെ അറസ്റ്റിന് പിന്നാലെ

ABOUT THE AUTHOR

...view details