കങ്കണ റണാവത്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'എമർജൻസി'യുടെ റിലീസ് തീയതി പുറത്ത്. സെപ്‌റ്റംബർ 6ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയായി ലോക്‌സഭയിൽ കങ്കണ റണാവത്ത് സത്യപ്രതിജ്ഞ ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് റിലീസ് പ്രഖ്യാപനം.
രാജ്യത്തെ അടിയന്തരാവസ്ഥ കാലത്തെ പ്രമേയമാക്കുന്ന ഈ ചിത്രം കങ്കണ തന്നെയാണ് കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നതും. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തിൽ താരം എത്തുന്നത്. സീ സ്റ്റുഡിയോസും കങ്കണ റണാവത്തിൻ്റെ മണികർണിക ഫിലിംസും ചേർന്നാണ് 'എമർജൻസി'യുടെ നിർമാണം.
പിരിയഡ് പൊളിറ്റിക്കൽ ഡ്രാമയായി അണിയിച്ചൊരുക്കിയ 'എമർജൻസി'യുടെ റിലീസ് നിർമാതാക്കൾ പലതവണ മാറ്റിവച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 24ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ജൂൺ 14 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിപ്പുണ്ടായി. എന്നാൽ പിന്നെയും റിലീസ് നീണ്ടുപോവുകയായിരുന്നു.
അതേസമയം 'എമർജൻസി'യുടെ നിർമാണ ഘട്ടത്തിൽ വില്യം ഷേക്‌സ്‌പിയറിൻ്റെ "ദി ട്രാജഡി ഓഫ് മാക്ബത്ത്" എന്ന നാടകത്തിൽ നിന്ന് ഏറെ പ്രചോദനം ഉൾക്കൊണ്ടിരുന്നതായി കങ്കണ പറഞ്ഞു. 'വില്യം ഷേക്‌സ്‌പിയറിൻ്റെ 'മാക്ബത്ത്' എനിക്ക് ആഴത്തിൽ പ്രചോദനം നൽകിയിട്ടുണ്ട്. ധാർമ്മിക പരിമിതികളാൽ ആഗ്രഹങ്ങൾ അനിയന്ത്രിതമാകുമ്പോൾ സംഭവിക്കുന്ന നാശമാണ് അടിയന്തരാവസ്ഥയുടെ സാരാംശം.
നിസംശയമായും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഏറ്റവും സെൻസേഷണൽ അധ്യായമാണ് ഈ സിനിമ. സെപ്റ്റംബർ 6ന് സിനിമയുടെ ലോകമെമ്പാടുമുള്ള റിലീസിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്', കങ്കണ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു. "സ്വതന്ത്ര ഇന്ത്യയിലെ ഇരുണ്ട അധ്യായത്തിൻ്റെ 50-ാം വർഷത്തെ കൂടിയാണ് തന്‍റെ സിനിമ അടയാളപ്പെടുത്തുന്നതെന്നും താരം കുറിച്ചു. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ഭാഗത്തിന്‍റെ സ്‌ഫോടനാത്മകമായ അവതരണമാണ് 'എമർജൻസി'യെന്നും കങ്കണ കൂട്ടിച്ചേർത്തു.
അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, അന്തരിച്ച സതീഷ് കൗശിക് എന്നിവർക്കൊപ്പം മലയാളി താരം വിശാഖ് നായരും ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. സഞ്‍ജയ് ഗാന്ധിയായി ആണ് മലയാളത്തിലെ യുവ താരം എത്തുന്നത്. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് 'എമർജൻസി'. 'പിങ്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റിതേഷ് ഷായാണ് 'എമർജൻസി'യ്‌ക്കായി തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
ALSO READ:'ഒരു സെക്‌സ് എജ്യുക്കേഷന്‍' ; കൗതുകമുണർത്തി 'സമാധാന പുസ്‌തകം' ട്രെയിലർ