ഇതിഹാസ നടൻ കമൽ ഹാസനും സംവിധായകൻ ഷങ്കറും ഒരിക്കൽക്കൂടി കൈകോർക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജൂലൈ 12നാണ് തിയേറ്ററുകളിൽ എത്തുക. ഷങ്കറിന്‍റെ തന്നെ സംവിധാനത്തിൽ 1996ൽ റിലീസായ 'ഇന്ത്യൻ' സിനിമയുടെ തുടർച്ചയാണ് 'ഇന്ത്യൻ 2'.
ഒന്നാം ഭാഗത്തിന്‍റെ അഭൂതപൂർവമായ വിജയം പുതിയ ചിത്രവും ആവർത്തിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അടുത്തിടെ പുറത്തുവന്ന ട്രെയിലറും സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. രണ്ടാം ഭാഗം പുറത്തിറങ്ങി ഏതാനും മാസങ്ങൾക്ക് ശേഷം മൂന്നാം ഭാഗമായ 'ഇന്ത്യൻ 3' പുറത്തിറക്കാനും നിർമാതാക്കൾ പദ്ധതിയിട്ടിട്ടുണ്ട്.
'ഇന്ത്യൻ 2' റിലീസ് തിരക്കിനിടയിൽ 'ഇന്ത്യൻ 3'യുടെ ആവേശം കമൽ ഹാസൻ തുറന്നുപറഞ്ഞിരുന്നു. 'ഇന്ത്യൻ 3'യിൽ താത്പര്യമുള്ളതിനാലാണ് 'ഇന്ത്യൻ 2' ചെയ്യാൻ താൻ സമ്മതിച്ചതെന്നാണ് കമൽ ഹാസൻ ഒരു മുൻ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഇത് വാസ്‌തവത്തിൽ ആരാധകരെ ആശങ്കയിലാഴ്‌ത്തുകയാണ് ചെയ്‌തത്. 'ഇന്ത്യൻ 2 നിരാശപ്പെടുത്തുമോ, ഇന്ത്യൻ 3 ആകുമോ മികച്ചത്' തുടങ്ങിയ തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നത്.
ഇപ്പോഴിതാ ഇത്തരം ചർച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് നടൻ. അടുത്തിടെ ചെന്നൈയിലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് താരം വർധിച്ചുവരുന്ന ആരാധകരുടെ ഇത്തരം ആശങ്കകളെ അഭിസംബോധന ചെയ്‌തത്. 'ഇന്ത്യൻ 3'യെ പ്രശംസിച്ചത് 'ഇന്ത്യൻ 2' ഒരു മോശം ചിത്രമാണെന്ന് അർഥമാക്കുന്നില്ലെന്ന് കമൽ ഹാസൻ വിശദീകരിച്ചു.
'ഇന്ത്യൻ 2'ഉം 'ഇന്ത്യൻ 3'യും നല്ല സിനിമകളാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം മൂന്നാം ഭാഗത്തിന്‍റെ കഥയെക്കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അതാണ് തന്‍റെ ആവേശം ഇരട്ടിയാക്കുന്നതെന്നും പറഞ്ഞു. ഇതൊക്കെയാണെങ്കിലും, 'ഇന്ത്യൻ 2' അഭിനന്ദിക്കപ്പെടേണ്ട ഒരു ചിത്രമാണെന്നും അദ്ദേഹം അടിവരയിട്ടു. അതേസമയം 'ഇന്ത്യൻ 4'ന്‍റെ സാധ്യതയെക്കുറിച്ച് സൂചന നൽകി ആരാധകർക്ക് ഒരു വലിയ സർപ്രൈസും കമൽ ഹാസൻ വാഗ്‌ദാനം ചെയ്‌തു.
നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഇന്ത്യൻ'ന് രണ്ടാം ഭാഗം ഒരുങ്ങിയത് എന്നതും ശ്രദ്ധേയം. എന്നാൽ ഈ രണ്ട് സിനിമകൾ തമ്മിലുള്ള കാലതാമസം ക്രൂവിന്‍റെ തെറ്റല്ലെന്നും സാഹചര്യങ്ങളാണ് അതിന് കാരണമെന്നും കമൽ ഹാസൻ 'ഇന്ത്യൻ 2' ട്രെയിലർ ലോഞ്ചിനിടെ വ്യക്തമാക്കിയിരുന്നു. സിദ്ധാർഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, വിവേക്, കാജൽ അഗർവാൾ, എസ് ജെ സൂര്യ, ബോബി സിംഹ, ബ്രഹ്മാനന്ദം, സമുദ്രക്കനി, നെടുമുടി വേണു, ഡൽഹി ഗണേഷ്, മനോബാല, ജഗൻ, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ തുടങ്ങിയവരാണ് 'ഇന്ത്യൻ 2'ൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ALSO READ:'ഇത് രണ്ടാം സ്വാതന്ത്ര്യ സമരം'; ഉലകനായകനും ഷങ്കറും ഒന്നിക്കുന്ന 'ഇന്ത്യൻ 2' ട്രെയിലർ പുറത്ത്