തെന്നിന്ത്യ മാത്രമല്ല ഇന്ത്യൻ സിനിമാലോകം തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നാണ് (ജൂണ്‍ 25) ഈ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടത്. ജൂൺ 25ന് ചെന്നൈയിൽ വച്ചായിരുന്നു ട്രെയിലർ സ്‌ക്രീനിങ്.
സംവിധായകൻ ഷങ്കർ, കമൽഹാസൻ, ബോബി സിംഹ, സിദ്ധാർഥ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവരുൾപ്പടെ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ചെന്നൈയിൽ നടന്ന ട്രെയിലർ സ്‌ക്രീനിങ്ങിൽ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തി. ഷങ്കറിന്‍റെ തന്നെ സംവിധാനത്തിൽ 1996ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' സിനിമയുടെ തുടർച്ചയാണ് 'ഇന്ത്യൻ 2'. 28 വർഷത്തിന് ശേഷമാണ് കമൽ ഹാസൻ തകർത്തഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഇന്ത്യന്‍' രണ്ടാം ഭാഗം ഒരുങ്ങിയത്.
ജൂലൈ 12ന് 'ഇന്ത്യൻ 2' തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. വർണാഭമായിരുന്നു ചെന്നൈയിൽ നടന്ന ട്രെയിലർ സ്‌ക്രീനിങ്. ചടങ്ങിൽ ട്രെയിലർ റിലീസ് ഇവൻ്റ് വൈകിയതിൽ സംവിധാകൻ ഷങ്കർ പ്രേക്ഷകരോട് ക്ഷമ ചോദിച്ചു. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് തന്നെ ട്രെയിലർ പുറത്തുവിടുന്നതിൽ നിന്നും തടഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പ്രൊജക്റ്റിനോടുള്ള കമൽഹാസൻ്റെ പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. "എല്ലാ ദിവസവും സെറ്റിൽ എല്ലാവരെക്കാളും മുമ്പ് കമൽ എത്തും. സെറ്റിൽ നിന്ന് അവസാനമായി പോകുന്നതും കമൽ ആയിരുന്നു. അത്രമാത്രം സിനിമയോട് അർപ്പണ ബോധമുള്ളയാളായിരുന്നു അദ്ദേഹമെന്നും" സംവിധായകൻ പറഞ്ഞു.
'ആദ്യ ഭാഗത്തിൽ കമൽ പ്രോസ്‌തെറ്റിക്‌സ് ഉപയോഗിച്ച് 40 ദിവസമാണ് ജോലി ചെയ്‌തത്. എന്നാൽ ഇന്ത്യൻ 2ൽ അത് 70 ദിവസത്തേക്ക് നീണ്ടു. മേക്കപ്പ് നീക്കം ചെയ്യാൻ ഒരു മണിക്കൂറാണ് സമയമെടുത്തത്. കയറുപയോഗിച്ച് പ്രകടനം നടത്തുന്ന രംഗങ്ങൾ പോലും ഉണ്ടായിരുന്നു' 'ഇന്ത്യൻ മുത്തച്ഛൻ' ശരിക്കും തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും ഷങ്കർ കൂട്ടിച്ചേർത്തു.
റെഡ് ജയൻ്റ്‌സുമായി സഹകരിച്ച് ലൈക്ക പ്രൊഡക്ഷൻസാണ് 'ഇന്ത്യൻ 2' സിനിമയുടെ നിർമാണം. അഴിമതിക്കെതിരെ ജാഗരൂകനായി മാറിയ സ്വാതന്ത്ര്യ സമര സേനാനിയായ സേനാപതിയായി കമൽ വീണ്ടും എത്തുകയാണ്. ട്രെയിലർ സ്‌ക്രീനിങ്ങിൽ സ്റ്റൈലിഷ് ലുക്കിലാണ് കമൽഹാസൻ എത്തിയത്. "ഉയിരേ, ഉലഗെ, തമിഴേ (എൻ്റെ ജീവിതം, എൻ്റെ ലോകം, തമിഴ്...)" എന്ന് പറഞ്ഞുകൊണ്ടാണ് താരം തൻ്റെ പ്രസംഗം ആരംഭിച്ചത്.
നിരവധി സിനിമകളിൽ സഹകരിച്ച അന്തരിച്ച നടന്മാരായ വിവേകിനും മനോബാലയ്‌ക്കും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. "വിവേകും മനോബാലയും ഇനി നമ്മോടൊപ്പമില്ലെന്നും അവർ ഇന്ന് നമ്മോടൊപ്പം ഇവിടെ ഉണ്ടാകണമായിരുന്നു എന്നും കമൽ പറഞ്ഞു. അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതത്തിനും താരം കൈയ്യടിച്ചു. അനിരുദ്ധ് തന്‍റെ പ്രതീക്ഷകളെയെല്ലാം മറികടന്നു. അദ്ദേഹത്തിന് നന്ദി പറയുന്നുവെന്നും കമൽ പറഞ്ഞു. 'ഇന്ത്യന്' നൽകിയ പിന്തുണ 'ഇന്ത്യൻ 2'നും ഉണ്ടാവണമെന്ന് കമൽ ആരാധകരോട് പറഞ്ഞു.
ഇതിനിടെ ഇന്ത്യൻ ഫ്രാഞ്ചൈസിയുടെ ഭാവി സാധ്യതയെക്കുറിച്ചും മാധ്യമ പ്രവർത്തകരിൽ നിന്നും ചോദ്യം ഉയർന്നു. അതിനെക്കുറിച്ചുള്ള ചിന്ത തന്നെ പിരിമുറുക്കത്തിലാക്കുന്നു എന്നായിരുന്നു കമൽഹാസന്‍റെ മറുപടി. രണ്ട് സിനിമകൾ തമ്മിലുള്ള നീണ്ട വിടവ് ക്രൂവിൻ്റെ തെറ്റല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സാഹചര്യങ്ങളാണ് അതിന് കാരണമെന്നും ചൂണ്ടിക്കാട്ടി.
അതേസമയം ചെന്നൈയിലെ 'ഇന്ത്യൻ 2' ട്രെയിലർ പ്രദർശനത്തിന് ശേഷം ടീം മുംബൈയിൽ പ്രമോഷനുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. 'അഴിമതിക്കെതിരായ പോരാട്ടം' എന്ന കേന്ദ്ര പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് 'ഇന്ത്യൻ 2' സഞ്ചരിക്കുന്നത്. സിദ്ധാർഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, വിവേക്, കാജൽ അഗർവാൾ, എസ് ജെ സൂര്യ, ബോബി സിംഹ, ബ്രഹ്മാനന്ദം, സമുദ്രക്കനി, നെടുമുടി വേണു, ഡൽഹി ഗണേഷ്, മനോബാല, ജഗൻ, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ എന്നിവരാണ് 'ഇന്ത്യൻ 2'ലെ താരനിര. രവി വർമ്മൻ്റെ ഛായാഗ്രഹണവും ശ്രീകർ പ്രസാദിൻ്റെ എഡിറ്റിങ്ങും പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്.
ALSO READ:ആക്ഷനിലെ ദി കിങ്; വൈറലായി അജിത്തിന്‍റെ 'ഫ്ലയിങ് കാർ സ്റ്റണ്ട്'