കേരളം

kerala

ETV Bharat / entertainment

"ഇതില്‍ അദ്‌ഭുതം ഇല്ല, ലക്കി ഭാസ്‌കര്‍ എന്തൊരു സിനിമയാണ്": കല്യാണി പ്രിയദര്‍ശന്‍

നെറ്റ്‌ഫ്ലിക്‌സ് ടോപ് 10ല്‍ ടോപ് വണ്‍ ആയി ദുല്‍ഖര്‍ സല്‍മാന്‍റെ ലക്കി ഭാസ്‌കര്‍. തിയേറ്ററില്‍ വിജയിച്ച ചിത്രം ഒടിടിയിലും ട്രെന്‍ഡിംഗാവുകയാണ്. ഈ വര്‍ഷത്തെ തന്‍റെ പ്രിയ ചിത്രങ്ങളില്‍ ഒന്നാണ് ലക്കി ഭാസ്‌കര്‍ എന്ന് കല്യാണി.

KALYANI PRAISES DULQUER SALMAAN  KALYANI PRIYADARSHAN  കല്യാണി പ്രിയദര്‍ശന്‍  ലക്കി ഭാസ്‌കര്‍
Kalyani Priyadarshan (ETV Bharat)

By ETV Bharat Entertainment Team

Published : Dec 3, 2024, 11:31 AM IST

ദുല്‍ഖര്‍ സല്‍മാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ തെലുങ്ക് ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. തിയേറ്ററുകളില്‍ വിജയക്കൊടി പാറിച്ച ചിത്രത്തിന് ഒടിടിയിലും വന്‍ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. രണ്ട് ദിവസം പിന്നിടുമ്പോള്‍ ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ ട്രെന്‍ഡിംഗില്‍ തുടരുകയാണ്.

ഇപ്പോഴിതാ 'ലക്കി ഭാസ്‌കര്‍' നെറ്റ്‌ഫ്ലിക്‌സിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളില്‍ ഒന്നാമതായിരിക്കുകയാണ്. ഇന്ത്യ, ഒമാന്‍, ഖത്തര്‍, യുഎഇ, ബഹറൈന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലും ചിത്രം ട്രെന്‍ഡിംഗില്‍ നമ്പര്‍ വണ്‍ ആണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് നടത്തുന്നത്.

ഇപ്പോഴിതാ 'ലക്കി ഭാസ്‌കറി'നെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. 'ലക്കി ഭാസ്‌കര്‍' എന്തുകൊണ്ട് ഒന്നാം സ്ഥാനത്തെത്തി എന്നതില്‍ തനിക്ക് അദ്‌ഭുതം തോന്നുന്നില്ലെന്നാണ് കല്യാണി പറയുന്നത്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു കല്യാണിയുടെ പ്രതികരണം.

"എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും മികച്ച 10 സിനിമകളില്‍ ഒന്നായി ലക്കി ഭാസ്‌കര്‍ മാറിയത് എന്നതില്‍ എനിക്ക് അദ്‌ഭുതം ഇല്ല. എന്തൊരു സിനിമയാണിത്. ദുല്‍ഖര്‍ സല്‍മാന്‍, നിങ്ങള്‍ ക്യാമറയെ പ്രണയിച്ച് രസിച്ച് അഭിനയിച്ചത് സിനിമയില്‍ കാണാന്‍ കഴിയുന്നുണ്ട്.

ക്യാമറയ്‌ക്ക് പിന്നില്‍ നിമിഷ് രവി എന്ത് മാജിക്കാണ് ചെയ്‌തത്. എല്ലാവരില്‍ നിന്നും മികച്ച പ്രകടനങ്ങളോടെ, പിടിച്ചിരുത്തുന്ന തിരക്കഥയുമായി എത്തിയ ലക്കി ഭാസ്‌കര്‍ ഉറപ്പായും എന്‍റെ ഈ വര്‍ഷത്തെ പ്രിയ ചിത്രങ്ങളില്‍ ഒന്നാണ്."-കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. 1980-1990 കാലഘട്ടത്തിലെ കഥ പറഞ്ഞ ചിത്രത്തില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ ദുല്‍ഖറുടെ നായികയായി വേഷമിട്ടത്.

'ലക്കി ഭാസ്‌കര്‍' ബോക്‌സ്‌ ഓഫീസില്‍ തരംഗമായി മാറിയിരുന്നു. സമീപകാല തെലുങ്ക് റിലീസുകളില്‍ വന്‍ വിജയമായിരുന്നു 'ലക്കി ഭാസ്‌കര്‍'. 111 കോടി രൂപയാണ് ചിത്രം ഇതുവരെ ആഗോളതലത്തില്‍ കളക്‌ട് ചെയ്‌തത്. ഇന്ത്യയില്‍ നിന്നും 83 കോടി രൂപയും ചിത്രം കളക്‌ട് ചെയ്‌തു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള സിനിമയുടെ നെറ്റ് കളക്ഷന്‍ 72 കോടി രൂപയാണ്.

ഇതോടെ തെലുങ്കില്‍ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ ബോക്‌സ്‌ ഓഫീസ് ഹിറ്റടിച്ച് ഹാട്രിക് നേടിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 'മഹാനടി', 'സീതാരാമം' എന്നിവയായിരുന്നു ഇതിന് മുമ്പ് ബോക്‌സ് ഓഫീസില്‍ വിജയം കൈവരിച്ച ദുല്‍ഖറിന്‍റെ തെലുങ്ക് ചിത്രങ്ങള്‍.

Also Read: ലക്കി ഭാസ്‌കര്‍ 5 ഭാഷകളില്‍ ഒടിടിയില്‍.. തിയേറ്ററുകളില്‍ നിന്നും വാരിക്കൂട്ടിയത് 110 കോടി

ABOUT THE AUTHOR

...view details