നാഗ് അശ്വിൻ - പ്രഭാസ് ചിത്രം 'കൽക്കി 2898 എഡി' കേരളത്തിൽ വിതരണത്തിനെത്തിക്കുക ദുൽഖർ സൽമാന്‍റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ്. ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കൽക്കി 2898 എഡി'യിൽ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ ഇതിഹാസ താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക.
'കൽക്കി'യുടെ വരവിനായി മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്ത് ആണ് വമ്പൻ ബജറ്റിൽ ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായ 'സീതരാമം' നിർമിച്ചതും വൈജയന്തി മൂവീസായിരുന്നു. ഇരുവരും മറ്റൊരർഥത്തിൽ വീണ്ടും ഒന്നിക്കുകയാണ് 'കൽക്കി 2898 എഡി'യിലൂടെ.
'കൽക്കി 2898 എഡി'യുടെ കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസിന് (ETV Bharat) ജൂണ്‍ 27ന് ആണ് 'കൽക്കി' സിനിമയുടെ ആഗോള റിലീസ്. കഴിഞ്ഞ ദിവസമായിരുന്നു ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടത്. ലോകമെമ്പാടും വലിയ ഹൈപ്പുണ്ടാക്കാൻ ട്രെയിലറിന് സാധിച്ചു. കേരളത്തിലുൾപ്പടെ 'കൽക്കി' ചർച്ചയാക്കി മാറ്റാൻ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്.
മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി, ബിസി 3101 മുതൽ 2898 എഡി വരെയുള്ള, സഹസ്രാബ്‌ദങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയാണ് 'കൽക്കി' എന്ന ഈ സിനിമയുടെ ഇതിവൃത്തം എന്നാണ് സൂചന. ദിഷ പഠാനിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. തെന്നിന്ത്യയിലെ മറ്റ് പ്രമുഖ താരങ്ങളും 'കൽക്കി 2898 എഡി'യിൽ അണിനിരക്കുന്നു.
ALSO READ:'പുള്ളുവത്തി പെൺകുട്ടിയുടെയും നമ്പൂതിരി യുവാവിന്‍റെയും പ്രണയ കഥ'; 'മായമ്മ'യുടെ വിശേഷങ്ങള്‍ പങ്കുവച്ച് അണിയറ പ്രവർത്തകർ