ഹൈദരാബാദ് :തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ദേവര'യുടെ ഷൂട്ടിങ് തിരക്കിലാണ് ജൂനിയർ എൻടിആർ. ഓസ്‌കറിൽ തിളങ്ങിയ 'ആർആർആർ' സിനിമയ്‌ക്ക് ശേഷം ജൂനിയർ എൻടിആർ പ്രധാന വേഷത്തിലെത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം കൊരട്ടല ശിവയാണ് സംവിധാനം ചെയ്യുന്നത്. അതേസമയം രാജ്യത്തെ പ്രമുഖ സിനിമ നിർമ്മാതാക്കൾക്കൊപ്പമാണ് വരും സിനിമകളിൽ ജൂനിയർ എൻടിആർ കൈകോർക്കുന്നത്.
'സലാർ', 'കെജിഎഫ്' സീരീസുകളിലൂടെ പ്രശസ്‌തനായ സംവിധായകൻ പ്രശാന്ത് നീലിനൊപ്പമുള്ള ജൂനിയർ എൻടിആറിന്‍റെ വരാനിരിക്കുന്ന ചിത്രം ദക്ഷിണേന്ത്യൻ ചലച്ചിത്രപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഈ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ അപ്‌ഡേറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പുറത്തുവന്ന ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്, ജൂനിയർ എൻടിആറും പ്രശാന്തും ഒന്നിക്കുന്ന പുതിയ പ്രൊജക്റ്റ് അടുത്ത വർഷം ആരംഭിക്കും.
'ഇന്ത്യൻ സിനിമയിൽ ഒരു പുതിയ മാനദണ്ഡം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ള ഹൈ-ഒക്‌ടെയ്ൻ ദൃശ്യാവിഷ്‌കാരമായി കണക്കാക്കപ്പെടുന്ന ഈ ചിത്രം നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. കൂടാതെ 'ദേവര' പോലെ രണ്ട് ഭാഗങ്ങളിലായാകും ഈ ചിത്രവും പ്രേക്ഷകരിലേക്ക് എത്തുക. മൈത്രി മുവി മേക്കേഴ്‌സിന്‍റെ ബാനറിൽ ഒരുങ്ങുന്ന മറ്റൊരു ഇതിഹാസ സിനിമാ കാഴ്‌ചയ്‌ക്കായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.