കേരളം

kerala

ETV Bharat / entertainment

"എന്‍റെ ജീവിതമാണ് സിനിമ, ഭീഷണിപ്പെടുത്തിയില്ല...ദേഷ്യവും പ്രയാസവും തോന്നി": ജോജു ജോര്‍ജ്

പണി സിനിമയെ വിമര്‍ശിച്ചയാളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ പ്രതികരിച്ച് ജോജു ജോര്‍ജ്. ആദ്യ രണ്ട് ദിവസങ്ങളിലെ ഡീ​ഗ്രേഡിം​ഗ് തളര്‍ത്തിയെന്നും സിനിമയെപ്പറ്റി മോശം പറഞ്ഞ ഒരാളെ പോലും താന്‍ വിളിച്ചിട്ടില്ലെന്നും ജോജു ജോര്‍ജ്..

JOJU GEORGE  PANI REVIEW CONTROVERSY  ജോജു ജോര്‍ജ്  പണി
Joju George (ETV Bharat)

By ETV Bharat Entertainment Team

Published : 4 hours ago

പണി സിനിമയെ വിമര്‍ശിച്ച് റിവ്യു പങ്കുവച്ച ഗവേഷണ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോജു ജോര്‍ജ്. താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്‍റെ സിനിമയെ മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്‍റെ പേരിലാണ് പ്രതികരിച്ചതെന്നും ജോജു. ഇന്‍സ്‌റ്റഗ്രാമിലൂടെ വിശദീകരണ വീഡിയോയുമായി എത്തുകയായിരുന്നു താരം.

"ഞാന്‍ ഒരാളെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പ്രചരിച്ചിക്കുന്നുണ്ട്. ആ ഫോണ്‍ കോള്‍ ഞാന്‍ തന്നെ വിളിച്ചതാണ്. ഒരു വേദി കിട്ടിയത് കൊണ്ട് കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോള്‍ വന്നത്. പണി എന്ന സിനിമയെ സംബന്ധിച്ച് ഞാന്‍ രക്ഷപെട്ട സന്തോഷത്തിലാണ്.

ഒരുപാട് പൈസ ഇന്‍വെസ്‌റ്റ് ചെയ്‌ത സിനിമയാണ്. ആ സിനിമയുടെ പേരില്‍ ആദ്യത്തെ രണ്ട് ദിവസങ്ങളിലെ ഡീ​ഗ്രേഡിം​ഗ് നമ്മളെ വളരെ തളര്‍ത്തി. പക്ഷേ പ്രേക്ഷകര്‍ ആ സിനിമ ഏറ്റെടുത്തു. അത് ഭാഗ്യമെന്നോ ദൈവാനുഗ്രം എന്നോ വിളിക്കാം. അതിന് ശേഷം സിനിമയുടെ പ്രിന്‍റുകള്‍ വന്നു പല സൈറ്റുകളിലും.

ഒരുപാട് റിവ്യൂസ് വന്നിട്ടുണ്ട് നെ​ഗറ്റീവ് ആയിട്ട്. ഞാന്‍ ഒരാളെ പോലും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ്. എന്‍റെ സിനിമ ഇഷ്‌ടമല്ലെങ്കില്‍ ഇഷ്‌ടമല്ല എന്നു തന്നെ പറയണം. നല്ലതാണെന്ന് പറയാന്‍ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല.

പക്ഷേ ഈ കക്ഷി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്‌റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും കമന്‍റുകളില്‍ പലരോടും ഈ സിനിമ കാണരുതെന്ന് എഴുതുകയും ചെയ്‌തിട്ടുള്ള ആളാണ്. ഈ സിനിമയെപ്പറ്റി മോശം പറഞ്ഞിട്ടുള്ള ഒരാളെ പോലും ഞാന്‍ വിളിച്ചിട്ടില്ല. റിവ്യൂവിന്‍റെ പേരിലല്ല അദ്ദേഹത്തെ വിളിച്ചത്. പക്ഷേ ഒരുപാട് സ്ഥലങ്ങളില്‍ ഇത് കോപ്പി പേസ്‌റ്റ് ചെയ്യപ്പെട്ടു. അത് ബോധപൂര്‍വ്വം ഒരാള്‍ ചെയ്യുന്നതാണ്.

അപ്പോള്‍ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി. കാരണം എന്‍റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എനിക്ക് കിട്ടിയ രേഖകള്‍ വച്ചിട്ട് നിയമപരമായി ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരു കഥയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുക റിവ്യൂ ചെയ്യുന്ന ഒരാളും ചെയ്യാറില്ല. ഇതിലെ പ്രധാന കാര്യം പറഞ്ഞാണ് അയാള്‍ എഴുതിയിട്ടുള്ളത്.

എന്‍റെ ജീവിതമാണ് സിനിമ. കോടകള്‍ മുടക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു സിനിമയുടെ കഥയിലെ സ്‌പോയിലര്‍ പ്രചരിപ്പിക്കുകയാണ് ഇയാള്‍ ചെയ്‌തത്. ഞങ്ങളുടെ ജീവിത പ്രശ്‌നമാണിത്. അതുകൊണ്ടാണ് പ്രതികരിച്ചത്."- ജോജു ജോര്‍ജ് പറഞ്ഞു.

വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ജോജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. "വെറും ഒരു ജൂനിയർ ആർട്ടിസ്‌റ്റിൽ നിന്നും ഇവിടം വരെ എത്തിയെങ്കിൽ ജോജു ഏട്ടാ നിങ്ങൾ വേറെ ലെവൽ തന്നെയാ", "നല്ലൊരു സിനിമയാണ്, പ്രേക്ഷകർ ഇഷ്‌ടപ്പെട്ടു കഴിഞ്ഞു", "പടം ഒരു രക്ഷയും ഇല്ല", "ഞെട്ടിച്ചു ക്ലൈമാക്‌സ്‌ സീൻ, ആളുകൾ കയ്യടിച്ചാണ് തിയേറ്റർ വിട്ട് പോവുന്നത്", "കില്‍ മൂവിക്ക് ശേഷം ഇത്രയും സൂപ്പർ വില്ലൻമാരെ ഞാൻ കണ്ടിട്ടില്ല അടിപൊളി മൂവി... സാഗര്‍, ജുനൈസ് സൂപ്പർ" -ഇങ്ങനെ നീണ്ടുപോകുന്നു കമന്‍റുകള്‍.

Also Read: "നിനക്കെന്‍റെ മുന്നിൽ വരാൻ ധൈര്യമുണ്ടോ?" ഇത് ജോജുവിന്‍റെ ഭീഷണിയോ?

ABOUT THE AUTHOR

...view details