കേരളം

kerala

ETV Bharat / entertainment

"ഒരു തിരിച്ചു പോക്കില്ല, 20 വര്‍ഷമെടുത്താലും എനിക്ക് എന്‍റെ കുട്ടികളെ വേണം": ജയം രവി - Jayam Ravi reacts to divorce - JAYAM RAVI REACTS TO DIVORCE

തന്‍റെ കുട്ടികളാണ് തന്‍റെ ഭാവിയെന്നും അവരാണ് തന്‍റെ സന്തോഷമെന്നും ജയം രവി. എത്ര വര്‍ഷം എടുത്താലും വിവാഹ മോചനത്തിനെതിരെ കോടതിയിൽ പോരാടാൻ താൻ തയ്യാറാണെന്ന് ജയം രവി.

JAYAM RAVI  JAYAM RAVI ABOUT HIS KIDS  ജയം രവി  വിവാഹമോചനത്തോട് ജയം രവി
Jayam Ravi (ETV Bharat)

By ETV Bharat Entertainment Team

Published : Sep 26, 2024, 2:28 PM IST

തെന്നിന്ത്യന്‍ താരം ജയം രവിയുടെ വിവാഹമോചന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമയ്‌ക്കകത്തും പുറത്തും ചര്‍ച്ചയാവുന്നത്. തന്‍റെ വിവാഹമോചന വാര്‍ത്ത ജയം രവി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. എന്നാല്‍ തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി തീരുമാനം എടുത്തതെന്ന് പ്രതികരിച്ച് ഭാര്യ ആരതിയും രംഗത്തെത്തിയിരുന്നു.

ജയം രവിയുടെയും ഭാര്യയുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായത് ഗായിക കെനിഷ ഫ്രാന്‍സിസ് ആണെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഗായികയുമായുള്ള ബന്ധത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്തി ജയം രവി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്‍റെ വിവാഹ മോചനത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് ജയം രവി.

തനിക്ക് ആരതിയില്‍ നിന്നും വിവാഹ മോചനം വേണമെന്നാണ് ജയം രവി പറയുന്നത്. വിവാഹ മോചനത്തിന് സമ്മതമല്ലെന്ന് പറഞ്ഞ ഭാര്യ ആരതിയോട് സംസാരിച്ചോ എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന്, തനിക്ക് വിവാഹ മോചനം വേണമെന്നായിരുന്നു ജയം രവിയുടെ മറുപടി.

"ആരതി പറയുന്നത് പോലെ അനുരഞ്ജനം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുകൊണ്ട് അവര്‍ എന്നെ സമീപിച്ചില്ല? എന്തുകൊണ്ടാണ് ഞാൻ അയച്ച രണ്ട് വക്കീൽ നോട്ടീസുകളോടും അവര്‍ പ്രതികരിക്കാതിരുന്നത്? ഈ പെരുമാറ്റം, എന്നോട് അനുരഞ്ജനം നടത്താൻ ആഗ്രഹിക്കുന്നത് പോലെ തോന്നുന്നുണ്ടോ? അനുരഞ്ജനമാണ് ഉദ്ദേശമെങ്കിൽ കാമുകിയെ കുറിച്ചുള്ള വാർത്തകൾ ഉണ്ടാകുമോ?" -ജയം രവി ആരാഞ്ഞു.

ഗായിക കെനിഷ ഫ്രാൻസിസുമായുള്ള ഡേറ്റിംഗ് വാർത്തയെ കുറിച്ചും ജയം രവി പ്രതികരിച്ചു. "എങ്ങനെയാണ് ഈ വ്യക്തിയെ കുറിച്ച് കിംവദന്തികൾ ആരംഭിച്ചത്? എന്തിന് മൂന്നാമതൊരാളെ അനാവശ്യമായി ഈ വിഷയത്തിലേയ്‌ക്ക് വലിച്ചിഴക്കണം? കെനിഷയുമായി ചേർന്ന് ഒരു ആത്‌മീയ രോഗ ശാന്തി കേന്ദ്രം ആരംഭിക്കാൻ ഞാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി അനുയോജ്യമായ ചില സ്ഥലങ്ങൾ ഞങ്ങള്‍ തിരയുകയാണ്.

എന്‍റെ വിവാഹമോചനത്തിന് ഇതുമായി ഒരു ബന്ധവുമില്ല. ഇത് എന്നെ മോശമായി പ്രതിഫലിപ്പിക്കുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും ഇത് മോശമായി പ്രതിഫലിപ്പിക്കുന്നു. ആരെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?" -ജയം രവി ചോദിച്ചു.

തന്‍റെ മക്കളുടെ കസ്‌റ്റഡിയെ കുറിച്ചും ജയം രവി സംസാരിച്ചു. "അതെ, എനിക്ക് എന്‍റെ മക്കളുടെ സംരക്ഷണം വേണം - ആരവ്, അയാൻ. 10 വർഷമോ 20 വർഷമോ അല്ലെങ്കിൽ എത്ര വര്‍ഷം എടുത്താലും ഈ വിവാഹ മോചനത്തിനെതിരെ കോടതിയിൽ പോരാടാൻ ഞാൻ തയ്യാറാണ്. എന്‍റെ കുട്ടികളാണ് എന്‍റെ ഭാവി. അവരാണ് എന്‍റെ സന്തോഷം.

എന്‍റെ മകൻ ആരവിനൊപ്പം ഒരു സിനിമ നിർമ്മിക്കാനും ശരിയായ സമയത്ത് അവനെ സിനിമയിലേക്ക് പരിചയപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു. അതാണ് ഞാൻ കണ്ട സ്വപ്‌നം. ആറ് വർഷം മുമ്പ് 'ടിക് ടിക് ടിക്കി'ൽ മകനോടൊപ്പം അഭിനയിച്ചപ്പോൾ, എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു അതെന്ന് ഞാനൊരു വേദിയിൽ പറഞ്ഞിരുന്നു. ഞാൻ വീണ്ടും ആ ദിവസത്തിനായി കാത്തിരിക്കുകയാണ്."-ജയം രവി പറഞ്ഞു.

തന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും ഇനിയൊരു തിരിച്ചുപോക്കില്ലെന്നും ജയം രവി തുറന്നു പറഞ്ഞു. "എല്ലാവരും നമ്മുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞാൻ എന്‍റെ പ്രസ്‌താവനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേസ് കോടതിയിലാണ്, ഒക്ടോബറിൽ ആദ്യ വാദം കേൾക്കും. മുന്നോട്ട് പോകുമ്പോൾ, ഞാൻ എല്ലാം നിയമപരമായി ചെയ്യും. ഒരു തിരിച്ചു പോക്കില്ല - എനിക്ക് വിവാഹമോചനം വേണം."-ജയംരവി പറഞ്ഞു.

Also Read: 'എന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാഹ മോചനം'; ജയം രവിക്കെതിരെ ആരതി - Jayam Ravi wife Aarti reacts

ABOUT THE AUTHOR

...view details