എറണാകുളം :ഒരിക്കലും മറക്കാത്തനിരവധി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് ജാസി ഗിഫ്‌റ്റ്.'ലജ്ജാവതിയെ' എന്നൊരു ഒറ്റ ഗാനം മതി മലയാളികൾക്ക് ജാസി ഗിഫ്‌റ്റിനെക്കുറിച്ച് ഓർക്കാൻ. തന്‍റെ സംഗീത ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ അദ്ദേഹം ഇടിവി ഭാരതുമായി പങ്കുവച്ചു.
ഒരിക്കലും സിനിമ സംഗീത ലോകത്തിലേക്ക് കടന്നുവരണമെന്ന് ആഗ്രഹിച്ച ഒരാളായിരുന്നില്ല ഞാൻ. യൂണിവേഴ്‌സിറ്റി കോളജിൽ എംഫിൽ ചെയ്യുന്ന കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന നിരവധി ബാന്‍റുകളുടെ കീബോർഡിസ്റ്റും വോക്കൽ ആർട്ടിസ്റ്റും ആയിരുന്നു. അക്കാലത്ത് ഒരു ടെലിവിഷൻ പ്രൊഡക്ഷന് വേണ്ടി ഒരു മ്യൂസിക്കൽ ആൽബം തയ്യാറാക്കുകയും സംവിധായകൻ ജയരാജ് അതു കേട്ട് സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.
കുഞ്ഞുനാൾ മുതൽ തന്നെ ധാരാളം പാട്ടുകൾ കേൾക്കുന്ന വ്യക്തിയായിരുന്നു താൻ. ലോകത്തെ എല്ലാ ഭാഷയിലുള്ള പാട്ടുകളും അതിർവരമ്പുകൾ ഇല്ലാതെ കേൾക്കുമായിരുന്നു. ഇറ്റാലിയൻ ആൽബം ലബാമ പോലുള്ള ലോകത്തിൽ ഏറ്റവും അധികം പോപ്പുലറായ പാട്ടുകൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ലബാമയുടെ വരികളുടെ അർഥം മനസിലാക്കി ഒന്നുമല്ല പാടിയിരുന്നത്. അതുകൊണ്ടുതന്നെ പിൽക്കാലത്ത് സംഗീത സംവിധായകനായപ്പോൾ പാട്ടുകളുടെ വരികളെക്കാൾ കൂടുതൽ പ്രാധാന്യം സംഗീതത്തിന് നൽകി.
ജാസി ഗിഫ്റ്റിന്‍റെ പാട്ടുകളുടെ വരികൾ മലയാള സംഗീതത്തിന് യോജിച്ചതല്ല എന്ന അക്കാലത്തെ പല വിമർശനങ്ങളും ചെവിക്കൊണ്ടില്ല. ജനങ്ങൾക്ക് ആസ്വാദ്യകരമാകുന്ന തരത്തിൽ സംഗീതം ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു. ലജ്ജാവതിയെ അടക്കമുള്ള ഫോർ ദി പീപ്പിൾ എന്ന സിനിമയിലെ ഗാനങ്ങൾ സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിലും ഒരുക്കാൻ സാധിച്ചു. അപ്പോൾ മനസിലാക്കാം ആ ഗാനത്തിന്‍റെ സംഗീതത്തിനാണ് പ്രാധാന്യം. ഒരു പാട്ടിന് നല്ലൊരു ട്യൂൺ ഉണ്ടെങ്കിൽ അത് ആസ്വാദ്യകരമാണെങ്കിൽ വരികൾ ജനങ്ങൾ ശ്രദ്ധിക്കില്ല.
പക്ഷേ ട്യൂണിനും വരികൾക്കും ഗാനങ്ങളിൽ തുല്യ പ്രാധാന്യമുണ്ട്. ലജ്ജാവതിയെ എന്ന ഗാനം ശ്രീലങ്കൻ ഭാഷയിൽ ഒരുക്കുന്നതിന് ഒരു സംഘം സമീപിച്ചിരുന്നു. പക്ഷേ നിർഭാഗ്യവശാൽ നടന്നില്ല. ഫോർ ദ പീപ്പിൾ എന്ന സിനിമക്കൊപ്പം വളർന്ന ഓർമ്മകൾ ഉണ്ട്. എറണാകുളം പനമ്പിള്ളി നഗറിലെ ഡയറക്‌ടർ ജയരാജന്‍റെ ഒരു കെട്ടിടത്തിലാണ് ഞങ്ങൾ അക്കാലത്ത് താമസിച്ചിരുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ആദ്യം ലോഞ്ച് ചെയ്‌തത് നടൻ മമ്മൂട്ടിയുടെ വീട്ടിൽ ആയിരുന്നു. പിന്നീട് സിനിമ പുറത്തിറങ്ങി ഗാനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ ഞങ്ങൾ താമസിക്കുന്ന വീടിനു ചുറ്റും ആരാധക വൃന്ദം പ്രത്യക്ഷപ്പെട്ടു തുടങ്ങി.