കേരളം

kerala

ETV Bharat / entertainment

'ചാക്കോച്ചൻ പറഞ്ഞത് കള്ളം', ജോലി ഉപേക്ഷിച്ചു, അവഗണനയും പരിഹാസവും ഏറ്റുവാങ്ങി; 'ബോഗയ്‌ന്‍വില്ല'യുടെ തിരക്കഥാകൃത്ത് ലാജോ ജോസ്

സിനിമ സ്വപ്‌നം കണ്ട് ഇറങ്ങുന്ന ഒരാൾ പലപ്പോഴും പരാചിതനായിപോകുന്നതിന്‍റെ കാരണത്തെ കുറിച്ച് ലാജോ ജോസ്.

BOUGAINVILLEA WRITER  SCRIPT WRITER LAJO JOSE  ലാജോ ജോസ് ബോഗയ്‌ന്‍വില്ല  ലാജോ ജോസ് നോവല്‍
'ബോഗയ്‌ന്‍വില്ല'യുടെ തിരക്കഥാകൃത്ത് ലാജോ ജോസ് (ETV Bharat)

By ETV Bharat Entertainment Team

Published : 4 hours ago

സിനിമ മാത്രം സ്വപ്‌നം കണ്ടു ജീവിച്ചൊരു ചെറുപ്പക്കാരൻ. പഠനം പൂർത്തിയായ ശേഷം ഒരു സ്വകാര്യ ഫൈനാൻഷ്യൽ കമ്പനിയിൽ ജോലിക്ക് ചേർന്നു. സിനിമാ മോഹം ഉള്ളിൽ കലശലായതോടെ ചെയ്‌തുകൊണ്ടിരുന്ന ജോലിക്ക് ഗുഡ്ബൈ പറഞ്ഞു. ഇനി സിനിമാക്കാരൻ ആയിട്ട് ബാക്കി കാര്യമുള്ളൂ എന്ന് ഉള്ളിൽ ഉറപ്പിച്ച് കളത്തിൽ ഇറങ്ങുമ്പോൾ നേരിടേണ്ടി വരാവുന്ന പ്രതിബന്ധങ്ങളെ കുറിച്ച് ആ ചെറുപ്പക്കാരന് ആദ്യം ധാരണ ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു സിനിമക്കാരന്‍ ആവുന്നതിന് മുന്‍പേ തന്നെ അവനെ ആളുകള്‍ അറിഞ്ഞു തുടങ്ങിയിരുന്നു. അദ്ദേഹത്തിന്‍റെ എഴുത്തുകളോട് വായനക്കാര്‍ക്ക് ആരാധന തോന്നിതുടങ്ങിയിരുന്നു.

വായനക്കാരുടെ മനസില്‍ ഇടം പിടിച്ച് ആ ചെറുപ്പക്കാരനാണ് മലയാളത്തിലെ പ്രശസ്‌തമായ ത്രില്ലർ നോവലുകളുടെ രചയിതാവായ ലാജോ ജോസ്. ഒരു നോവലിസ്‌റ്റ് ആകണം എന്നതിലുപരി സിനിമ മാത്രം സ്വപ്‌നം കണ്ടു ജീവിച്ച വ്യക്തിയായിരുന്നു ലാജോ. ഇന്ന് തന്‍റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന്‍റെ കഥ പറയുകയാണ് അദ്ദേഹം. തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'ബോഗയ്‌ന്‍വില്ല' എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്താണ് ഈ ലാജോ ജോസ്. അമല്‍ നീരദിനോടൊപ്പം ചേര്‍ന്ന് രചന നിര്‍വഹിച്ച 'ബോഗയ്‌ന്‍വില്ല' യുടെ വിശേഷങ്ങള്‍ ഇ ടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് ലാജോ ജോസ്.

സിനിമ മോഹം ഉള്ളിലുദിച്ചത്

2010 ലാണ് സിനിമയിൽ ഒരു തിരക്കഥാകൃത്ത് ആകണമെന്ന് ഉറച്ച തീരുമാനവുമായി ജോലി ഉപേക്ഷിക്കുന്നത്. അക്കാലത്ത് താൻ എച്ച്ഡിഎഫ് ബാങ്കിന്‍റെ ലൈഫ് ഇൻഷുറൻസ് സെക്ഷനിൽ ട്രെയിനിങ് മാനേജരായി ജോലി ചെയ്‌തു കൊണ്ടിരിക്കുകയായിരുന്നു. സിനിമാ മോഹം തലയ്ക്കു പിടിച്ചതോടെ ജോലിയിൽ ശ്രദ്ധിക്കാന്‍ സാധിക്കാതെയായി. ഒരു സുപ്രഭാതത്തിൽ ജോലി രാജിവയ്ക്കുന്നു. പിറ്റേദിവസം മുതൽ തന്നെ വീട്ടിലിരുന്ന് തിരക്കഥകൾ എഴുതാൻ ആരംഭിക്കുന്നു. രണ്ട് തിരക്കഥകൾ ആണ് ആദ്യം എഴുതിയത്. രണ്ടും വലിയ പരാജയമായിരുന്നു എന്ന് സ്വയബോധ്യം ഉണ്ടായി. വെറുതെ അങ്ങ് ഒരാൾക്ക് ഒരു ദിവസം തിരക്കഥ എഴുതി തുടങ്ങാൻ സാധിക്കില്ല. കൃത്യമായി തിരക്കഥ എഴുതാൻ പഠിക്കണം. വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരുടെ പുസ്‌ത കങ്ങളും തിരക്കഥകളും പിന്നീടുള്ള ദിവസങ്ങളിൽ വായിച്ചു. പിന്നാടാണ് വിശ്വസനീയമായ രീതിയിൽ ഒരു തിരക്കഥ എഴുതി പൂർത്തിയാക്കുന്നത്.

ലാജോ ജോസ് (ETV Bharat)

2012ലായിരുന്നു ആ തിരക്കഥ പൂർത്തിയാകുന്നത്. ആ തിരക്കഥയുമായി നിരവധി സിനിമാക്കാരുടെ പടിക്കൽ ദിവസവും ചെന്നു നിൽക്കുന്നത് പതിവായി. അപമാനവും കളിയാക്കലും തിരക്കഥയുമായി ചെല്ലുന്ന സംവിധായകരിൽ നിന്നും നിർമാതാക്കളിൽ നിന്നും പതിവായി. തികഞ്ഞ അവഗണനയും പരിഹാസവും ഏറ്റുവാങ്ങുമ്പോൾ ആ മാനസികാവസ്ഥയെ ഒറ്റയ്ക്ക് നേരിടാൻ ആകില്ല എന്ന തിരിച്ചറിവ് സംഭവിച്ചു. അതിനെ പാർട്ട് ഓഫ് ദ ജോബ് എന്ന് വിശേഷിപ്പിക്കാൻ ആണ് ഇപ്പോൾ തോന്നുന്നത്.

സിനിമ മാത്രമായി ചിന്ത
2012 മുതൽ 2024 വരെ 12 വർഷക്കാലം സിനിമ മാത്രമായിരുന്നു ചിന്ത. സ്വപ്‌ന സാക്ഷാത്കാരത്തിനായി അത്രയും വർഷം എടുത്തു. പലപ്പോഴും ഈ കാലയളവിൽ സിനിമ എന്ന മോഹവുമായി ഇൻഡസ്ട്രിയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഏതൊരു ചെറുപ്പക്കാരനും നേരിടുന്ന വെല്ലുവിളികൾ താനും നേരിട്ടിട്ടുണ്ട്. ഇക്കാലഘട്ടത്തിലെ മാനസികാവസ്ഥയെ ഒറ്റയ്ക്ക് നേരിടാനുള്ള ത്രാണി തനിക്ക് ഇല്ലായിരുന്നു. ഒത്തിരി കളിയാക്കലുകളും പരിഹാസങ്ങളും കേട്ട് മനസു മടുത്താകും വീട്ടിലേക്ക് തിരിച്ചെത്തുക. ജോലി രാജിവച്ച് വർഷങ്ങൾ കഴിഞ്ഞതു കാരണം കയ്യിൽ ഒട്ടും പണവും ഉണ്ടാകില്ല. അപ്പോഴൊക്കെ തനിക്ക് മികച്ച പിന്തുണയായത് ഭാര്യ സരിതയാണ്. ഇപ്പോൾ ലഭിക്കുന്ന കയ്യടിക്ക് പ്രധാന കാരണം തന്‍റെ ഭാര്യ സരിത ആണെന്ന് ഒന്നുകൂടി ഉറപ്പിച്ചു പറയേണ്ടതായി വരും.

ഭാര്യ സരിതയുടെ പിന്തുണ
ഭാര്യയിൽ നിന്ന് ലഭിച്ച പിന്തുണയും ആശ്വാസ വാക്കുകളും ആണ് പരാജയപ്പെട്ട് പിൻ മാറാതിരിക്കാൻ പ്രധാന കാരണമായത്. പലപ്പോഴും സിനിമ വേണ്ട എന്ന് ചിന്തിച്ച് പിന്മാറാൻ ഒരുങ്ങിയിരുന്നു. മനസു മടിച്ച് കരഞ്ഞു കൊണ്ടായിരിക്കും അത്തരമൊരു തീരുമാനമെടുക്കുക. തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള കാര്യങ്ങളൊക്കെ നോക്കാൻ ആരംഭിക്കും. ആ സമയത്ത് ഭാര്യ സരിത തന്നെ മോട്ടിവേറ്റ് ചെയ്യും. "ജോലിക്ക് പോകുന്നതിൽ അല്ല കാര്യം. നിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സിനിമയല്ലേ അതിന് പിന്നാലെ പോകുന്നതാണ് നല്ലത്. " ഇത്തരത്തിലുള്ള ഭാര്യയുടെ വാക്കുകളാണ് 'ബോഗയ്‌ന്‍വില്ല' എന്ന ചിത്രത്തിലൂടെ ലഭിച്ച ആഗ്രഹ നിർവ്രതിക്ക് കാരണം.

ലാജോ ജോസ് അമല്‍ നീരദിനോടൊപ്പം (ETV Bharat)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സിനിമ സ്വപ്‌നം കണ്ട് ഇറങ്ങുന്ന ഒരാൾ പലപ്പോഴും പരാജിതനായിപോകുന്നത് ഇത്തരത്തിലുള്ള ഒരു പിന്തുണ ലഭിക്കാത്തതു മൂലമാണ്. നമുക്ക് ഉള്ളിൽ ആവശ്യത്തിന് സമ്മർദ്ദങ്ങൾ ഉണ്ടാകും. അതിന്‍റെ കൂടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പിന്തുണ കൂടി ലഭിക്കാതെ ആകുമ്പോൾ എല്ലാം മതിയെന്ന് സ്വയം തോന്നും. നമുക്കൊരു ഗോട്ട് ഫാദർ ഇല്ലെങ്കിൽ, നമ്മൾ ഒരു നെപ്പോകിഡ് അല്ലെങ്കിൽ സിനിമയിലേക്ക് കടന്നു വരുക ഒരല്‌പം പ്രയാസമുള്ള കാര്യം തന്നെയാണ്. നമുക്ക് മികച്ച പിന്തുണ തരും എന്ന് കരുതുന്ന സുഹൃത്തുക്കൾ പോലും കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ കളിയാക്കാൻ ആരംഭിക്കും. ഇത്തരം അവസ്ഥകൾ ഒക്കെ അതിജീവിച്ചാൽ മാത്രമേ ലക്ഷ്യത്തിൽ എത്തിച്ചേരുകയുള്ളൂ.

നോവലിസ്‌റ്റ്
ഒരു നോവലിസ്‌റ്റ് ആകണം എന്നത് ജീവിതത്തിലെ അജണ്ടയിൽ ഉള്ള കാര്യമായിരുന്നില്ല. സിനിമയിലെ അവസരങ്ങൾ എളുപ്പം ലഭിക്കുന്നതിനായി കണ്ട മാർഗ്ഗങ്ങളിൽ ഒന്നാണ് ഉള്ളിലെ ആശയങ്ങൾ നോവലുകളായി എഴുതി പ്രസിദ്ധീകരിക്കുക എന്നുള്ളത്. ജീവിതത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ പിന്നെ സംവിധായകരുടെയും നിർമാതാക്കളുടെയും അപ്പോയിൻമെന്‍റ് കിട്ടുക എന്നുള്ളത് വിഷമകരമായി.

തന്‍റെ കഥകൾ സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കും എത്തിക്കാനുള്ള എളുപ്പവഴിയായാണ് നോവലുകളെ കണ്ടത്. അല്ലാതെ ആ സമയത്ത് തനിക്ക് വേറെ ഓപ്ഷൻസ് ഇല്ലായിരുന്നു. തന്‍റെ എല്ലാ നോവലുകളുടെ ആശയങ്ങളും സിനിമയ്ക്കായി സൃഷ്ടിച്ചത് തന്നെയാണ്. തന്റെ റൂത്തിന്‍റെ ലോകം എന്ന നോവൽ സംവിധായകൻ അമൽ നീരദ് വായിക്കുകയും നേരിട്ട് വിളിച്ച് സിനിമ ചെയ്യാമെന്ന് ആവശ്യപ്പെടുകയും ആയിരുന്നു.

ഓറഞ്ച് തോട്ടത്തിലെ അതിഥി,കോഫി ഹൗസ്, ഹൈഡ്രെഞ്ചിയ, റസ്റ്റ് ഇൻ പീസ് തുടങ്ങിയ പബ്ലിഷ് ചെയ്‌തിട്ടുള്ള തന്‍റെ ആറ് നോവലുകളും ത്രില്ലർ സ്വഭാവത്തിൽ പെട്ടതാണ്. ത്രില്ലർ സ്വഭാവത്തിലുള്ള കഥകളോട് തനിക്ക് വല്ലാത്ത അഭിനിവേശമുണ്ട്. ഈ പറഞ്ഞ നോവലുകളുടെ ആശയത്തിനായി വലിയൊരു ഗവേഷണം എന്നും നടത്തേണ്ടി വന്നിട്ടില്ല. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിലൂടെ കണ്ണോടിച്ചാൽ തന്നെ നിരവധി സിനിമകൾക്കുള്ള ആശയങ്ങൾ ലഭിക്കും.

ഒരു ദിവസം മുഴുവൻ ന്യൂസ് ചാനൽ കണ്ടാൽ തന്നെ രണ്ടോ മൂന്നോ ത്രില്ലർ സിനിമകൾക്കുള്ള ആശയങ്ങൾ ലഭിക്കുമെന്നുള്ളതാണ് വാസ്‌തവം. ത്രില്ലർ സ്വഭാവത്തിലുള്ള കഥകൾ മാത്രം ഫോക്കസ് ചെയ്യാനാണ് തന്‍റെ തീരുമാനം. ചെറുപ്പകാലം മുതൽക്ക് തന്നെ നിഗൂഢതകൾ തുളുമ്പുന്ന പുസ്‌തകങ്ങൾ വായിക്കാനും സിനിമകൾ കാണാനും ഇഷ്‌ടമായിരുന്നു.

റൂത്തിന്‍റെ ലോകം നോവല്‍ (ETV Bharat)
ത്രില്ലർ കഥകൾ എഴുതുക ത്രില്ലർ സിനിമകൾ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇവിടെ നിരവധി ത്രില്ലർ ജോണറിൽ ഉള്ള നോവലുകൾ ലഭ്യമാണ്. ഒരു വർഷം തന്നെ ധാരാളം ത്രില്ലർ സിനിമകൾ ഇന്ത്യയിൽ മാത്രം റിലീസ് ചെയ്യുന്നുണ്ട്. അതോടൊപ്പം വിദേശ ത്രില്ലർ സിനിമകളും നമ്മൾ കാണുന്നു. ത്രില്ലർ ജോണറിൽ ഉള്ള സീരിയസുകൾ ഒ. ടി. ടി യിൽ ധാരാളമാണ്. എന്തിന് ഒരു വാർത്താചാനലിൽ പോലും അടിമുടി ത്രില്ലറാണ്. അപ്പോൾ എന്നെപ്പോലൊരു എഴുത്തുകാരൻ ഒരു ത്രില്ലർ സംഭവവുമായി വരുമ്പോൾ അതിൽ എന്ത് വ്യത്യസ്‌തത കൊടുക്കാം എന്നാണ് താൻ ചിന്തിച്ചത്. അത്തരത്തിലുള്ള ഒരു വ്യത്യസ്‌ത സൃഷ്‌ടി തന്നെയാണ് 'ബോഗയ്‌ന്‍വില്ല' എന്ന സിനിമ. 'ബോഗയ്‌ന്‍വില്ല' എന്ന സിനിമയുടെ തിരക്കഥ താനും അമൽ സാറും ഒരുമിച്ചിരുന്നാണ് എഴുതിയത്.

കഷ്‌ടപ്പാടിന് ഫലം ലഭിച്ചു

വർഷങ്ങളുടെ കഷ്‌ടപ്പാടുകൾക്ക് ഒടുവിൽ തന്‍റെ സിനിമ സംഭവിക്കുമ്പോൾ ഒരു തരത്തിലുമുള്ള എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നില്ല. നാച്ചുറലായി സംഭവിക്കുന്ന ഒരു പ്രോസസായി മാത്രമേ എനിക്കതിനെ നോക്കിക്കാണാൻ ആയിട്ടുള്ളൂ. നേട്ടങ്ങൾ സ്വപ്‌ന സാക്ഷാത്കാരം എന്ന കാല്പനികതയിൽ നോക്കിക്കാണുന്ന സ്വഭാവം തനിക്കില്ല. അതിനെ റൊമാന്റിസൈസ് ചെയ്യാനും താല്പര്യപ്പെടുന്നില്ല. കഷ്ടപ്പാടിന് ഫലം ലഭിച്ചു. അത്രമാത്രം മാത്രം.

അമല്‍ നീരദ് എന്ന സംവിധായകന്‍
തന്‍റെ തിരക്കഥ അമൽ നീരദ് എന്ന സംവിധായകൻ എങ്ങനെ ഫ്രെയിമുകളിൽ ആക്കുന്നു എന്ന പ്രോസസ് കാണാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനപ്പുറത്തേക്ക് സിനിമയുടെ ലൊക്കേഷനിൽ താൻ സജീവമായിരുന്നില്ല. ആഴ്‌ചയിൽ ഒരിക്കൽ ആവും ലൊക്കേഷനിലേക്ക് പോകുന്നത്. കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും വളരെ മികച്ച രീതിയിൽ തന്നെയാണ് തന്‍റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതിനു മാർക്ക് നൂറിൽ നൂറ്.

റൂത്തിന്‍റെ ലോകം എന്ന തന്‍റെ നോവലിനെ ആസ്‌പദമാക്കിയാണ് 'ബോഗയ്‌ന്‍വില്ല' എന്ന സിനിമ ഒരുങ്ങുന്നതെന്ന് ചിത്രത്തിന്‍റെ റിലീസിന് മുമ്പ് ഒരു വാർത്ത പറഞ്ഞിരുന്നു. ആ വാർത്ത സത്യത്തിൽ ഭയപ്പെടുത്തി. സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ ഈ പുസ്‌തകം കണ്ടെത്തി വായിക്കാനുള്ള ഒരു പ്രവണത പ്രേക്ഷകർ കാണിക്കും. അങ്ങനെ സംഭവിക്കാതിരിക്കാൻ പ്രമോഷൻ വേളയിൽ ചാക്കോച്ചൻ ഒരു കള്ളം പറഞ്ഞു. തന്‍റെ എല്ലാ നോവലുകളെയും അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന്. ആ പറഞ്ഞതിൽ വാസ്‌തവം ഇല്ല.

ബോഗയ്‌ന്‍വില്ല സിനിമ പോസ്‌റ്റര്‍ (ETV Bharat)

തിരക്കഥാകൃത്തായി ഇൻഡസ്ട്രിയിലേക്ക് കടന്നുവരണം എന്ന് ആഗ്രഹിക്കുന്ന പുതിയ കലാകാരന്മാർ സ്വയം പരാജയപ്പെട്ടു എന്ന് തോന്നുമ്പോൾ സ്വീകരിക്കുന്ന ഒരു മാർഗ്ഗമാണ് ഇനി കയ്യിലുള്ള കഥയെല്ലാം പുസ്‌തകരൂപത്തിൽ അച്ചടിച്ചിറക്കാം എന്നുള്ളത്. ഇത്തരം പ്രവർത്തിയിലൂടെ മികച്ച സംവിധായകരുടെ കണ്ണിൽ ഇത്തരം സൃഷ്‌ടികൾ ഉടക്കി അവസരങ്ങൾ തേടിയെത്താം. ഇതിലൂടെ ഒരു വരുമാനമാണ് ലക്ഷ്യമെങ്കിൽ ആ ചിന്താഗതി തെറ്റാണ്. അതല്ലെങ്കിൽ എല്ലാവർഷവും ഓരോ പുസ്തകങ്ങൾ പബ്ലിഷ് ചെയ്യുകയും അതൊക്കെ ബെസ്റ്റ് സെല്ലർ ആവുകയും വേണം.

എന്തായാലും 'ബോഗയ്‌ന്‍വില്ല' എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു എന്നതിൽ സന്തോഷം. പുതിയ ചിത്രത്തിന്‍റെ ചർച്ചകൾ പുരോഗമിക്കുന്നു. തന്‍റെ പുതിയ സിനിമയുടെ ചർച്ചകൾക്ക് വേണ്ടിയുള്ള യാത്രയ്ക്കിടെയാണ് ഇ ടി വി ഭാരതിനോട് സംവദിക്കുന്നതും. ലാജോ ജോസ് സംസാരിച്ചു നിർത്തി.

Also Read:ഇതാണ് ഇന്ത്യന്‍ ആര്‍മിയുടെ മുഖം; ഞെട്ടിച്ച് 'അമരന്‍' ട്രെയിലര്‍

ABOUT THE AUTHOR

...view details