മലയാള സിനിമയില്‍ നാം ഒട്ടേറെ വില്ലന്‍മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ ചില വില്ലന്‍ വേഷം ചെയ്‌തവര്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തറഞ്ഞു കയറിയിട്ടുണ്ട്. അതുപോലെ ഓര്‍ത്തു വയ്‌ക്കുന്ന ഒരു മുഖമാണ് നിസ്‌താര്‍ സേട്ടിന്‍റേത്. 2015 സനൽകുമാർ ശശിധരന്‍റെ സംവിധാനത്തിൽ പിറന്ന 'ഒഴിവ് ദിവസത്തെ കളി' എന്ന ചിത്രത്തിലൂടെയാണ് നിസ്‌താര്‍ സേട്ട് സിനിമാഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
വരത്തനിലെ പാപ്പാളി കുര്യച്ചന്‍ എന്ന നാട്ടുപ്രമാണിയായും ഭീഷ്‌മപര്‍വത്തിലെ മത്തായിയായും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നിന്ന കഥാപാത്രമാണ് നിസ്‌താറിന്‍റേത്. ഇപ്പോഴിതാ അമല്‍ നീരദിന്‍റെ മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് ഈ താരം. മാത്രമല്ല അമല്‍നീരദിന്‍റെ പുതിയ ചിത്രമായ ജ്യോതിര്‍മയിയും കുഞ്ചോക്കോ ബോബനും ഫഹദ് ഫാസിലുമൊക്കെ തകര്‍ത്ത് അഭിനയിച്ച 'ബോഗയ്‌ന്‍വില്ല'യില്‍ താനും ഭാഗമായതിന്‍റെ സന്തോഷവും നിസ്‌താര്‍ സേട്ടിന്‍റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. തന്‍റെ സിനിമാ ജീവിതത്തിലെ വിശേഷങ്ങള്‍ ഇ ടിവി ഭാരതിനോട് തുറന്ന് പറയുകയാണ് ഈ താരം.
തുടര്‍ച്ചയായി അമല്‍ നീരദിന്‍റെ സിനിമകള്‍
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് അമൽ നീരദ്. പ്രേക്ഷകർക്ക് പുറമേ സിനിമ മേഖലയിൽ ഉള്ളവരും അദ്ദേഹത്തിന്‍റെ സിനിമകളെ ആരാധിക്കുകയും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്. അത്തരത്തിലൊരു സംവിധായകന്‍റെ ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിക്കാൻ സാധിക്കുന്നത് ഭാഗ്യമായിട്ടാണ് കരുതുന്നത്. അമൽ നീരദ് ചിത്രങ്ങൾ എക്കാലവും മികച്ച നിലവാരം പുലർത്തുന്നവയാണ്. അതിനൊരു മിനിമം ഗ്യാരണ്ടിയും ക്വാളിറ്റിയും ഉണ്ടാകും. നിലവാര തകർച്ചയില്ലാതെ പ്രേക്ഷകരെ അമ്പരപ്പെടുത്തുന്ന ചിത്രങ്ങളിൽ ഒന്നുതന്നെയാണ് ഇപ്പോൾ റിലീസിനെ എത്തിയിട്ടുള്ള 'ബോഗയ്‌ന്‍വില്ല' എന്ന ചിത്രവും. ചിത്രത്തിൽ ഫ്ലാഷ് ബാക്കിൽ വരുന്ന ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. അമൽ നീരദിന്‍റെ മുൻ ചിത്രങ്ങളായ വരത്തനും ഭീഷ്‌മ പർവവും എന്‍റെ കരിയറിൽ വലിയ ഉയർച്ച നേടിത്തന്നതാണ്.
ഫ്യൂഡൽ മാടമ്പി കഥാപാത്രങ്ങളോട് നോ പറഞ്ഞു
സംസ്ഥാന ജല അതോറിറ്റി ജീവനക്കാനായിരുന്നു. ഒപ്പം സജീവ നാടക പ്രവര്‍ത്തനവും ഉണ്ടായിരുന്നു. സർക്കാർ സർവീസിൽ ഉണ്ടായിരുന്ന ഒരു കാലത്ത് ഒരു മേൽ ഉദ്യോഗസ്ഥനെ പരിചയപ്പെടാനായി പോവുകയുണ്ടായി. ഉപനിഷത്തുകളെ കുറിച്ച് ഒക്കെ കൃത്യമായ ധാരണയുള്ള ഒരു വ്യക്തിയായിരുന്നു ആ മേൽ ഉദ്യോഗസ്ഥൻ. തന്നെ കണ്ട മാത്രയിൽ തന്നെ അദ്ദേഹം ചോദിച്ചത് ഇപ്രകാരമായിരുന്നു. നിസ്‌താറിന് മുൻജന്മങ്ങളിൽ വിശ്വാസമുണ്ടോ? കഴിഞ്ഞ ജന്മത്തിൽ നാം ഏത് മൃഗമായിരുന്നോ ആ മൃഗത്തിന്‍റെ രൂപസാദൃശ്യം ഈ ജന്മത്തിൽ മനുഷ്യനായി ജനിക്കുമ്പോൾ ഉണ്ടാകും. ഗർജിച്ചില്ലെങ്കിലും താങ്കൾക്ക് സിംഹത്തിന്‍റെ ഒരു രൂപസാദൃശ്യമുണ്ട്. ഒരുപക്ഷേ മുഖത്ത് എപ്പോഴും സൂക്ഷിക്കുന്ന ഒരു താടി ആകാം ഇത്തരമൊരു രൂപ സാദൃശ്യം എന്നിൽ ഉണ്ടെന്ന് തോന്നുന്നവർക്ക് അങ്ങനെയൊരു അഭിപ്രായം ഉണ്ടാകാൻ കാരണം. ഈ കാണുന്ന രൂപം വച്ച് തന്‍റെ വ്യക്തി സ്വഭാവത്തെ കൂട്ടിച്ചേർത്ത് വായിക്കരുത്. ഞാനൊരു സാധാരണക്കാരനാണ്.
Actor Nisthar Sait (ETV Bharat) രൂപവും ചെയ്‌തു വന്നിരുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനപ്പെടുത്തി ഒരേ സ്വഭാവത്തിലുള്ള ഫ്യൂഡൽ മാടമ്പി കഥാപാത്രങ്ങൾ സിനിമകളിൽ നിന്ന് തേടി വരാൻ തുടങ്ങിയപ്പോഴാണ് ഭീഷ്‌മ പർവ്വം എന്ന ചിത്രത്തിനുശേഷം ഒരു ഇടവേള എടുത്തത്. അത്തരം കഥാപാത്രങ്ങളോട് നോ പറയുന്നതാണ് എന്നിലെ അഭിനേതാവിന് നല്ലത്. എന്നാൽ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ കഥാപാത്രം വ്യത്യസ്‌തതയുള്ളതാണ്. സ്നേഹനിധിയായ ഒരു അച്ഛനെ ആ ചിത്രത്തിൽ എന്‍റെ കഥാപാത്രത്തിലൂടെ നിങ്ങൾക്ക് കാണാം. എ ആര്‍ എം സിനിമയിലെ അവസരം തേടി എത്തിയപ്പോഴും സംവിധായകനോട് ആദ്യം ചോദിച്ചത് സ്ഥിരം ഫ്യൂഡൽ മാടമ്പി ക്യാരക്‌ടര്‍ തന്നെയാണോ എന്നാണ്. അല്ല എന്ന് ബോധ്യപ്പെട്ടതിനുശേഷം ആണ് സിനിമ കമ്മിറ്റ് ചെയ്‌തത്.
കരിയറിലെ മികച്ച ചിത്രം
കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഒഴിവ് ദിവസത്തെ കളി. സംസ്ഥാന സർക്കാരിന്‍റെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ സിനിമ. സത്യത്തിൽ ആ സിനിമ എന്നെ തേടി വരികയായിരുന്നു. ആ സിനിമയിലെ അവസരത്തിനായി ഞാൻ പോയിട്ടില്ല എന്നുള്ളതാണ് വാസ്‌തവം. സിനിമയുടെ കൺവെൻഷനൽ രീതികൾ ഒന്നും തന്നെ പിന്തുടരാതെ ചിത്രീകരിച്ച ഒരു സിനിമ. ഉണ്ണി ആറിന്‍റെ നോവലിലെ പ്രസക്തഭാഗങ്ങൾ കൂട്ടിയിണക്കിയാണ് ഒരു ദിവസത്തെ കളിയുടെ തിരക്കഥ തയ്യാറാക്കിയത്.
Actor Nisthar Sait (eETV Bharat) സിനിമയ്ക്ക് ഡയലോഗുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വ്യക്തമായ തിരക്കഥയും ഇല്ല എന്ന് വേണം പറയാൻ. സംവിധായകന് സിനിമയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നു. എടുക്കേണ്ട രംഗത്തെക്കുറിച്ച് ഞങ്ങൾ അഭിനേതാക്കൾക്ക് വിവരിച്ചു തരും. പറയേണ്ട സംഭാഷണങ്ങൾ അപ്പോഴാകും തീരുമാനിക്കുക. പല റിഹേഴ്‌സല്‍ സീനുകളും സിനിമയുടെ രംഗങ്ങൾ ആക്കി ഉപയോഗിച്ചിട്ടുണ്ട്. ഒഴിവ് ദിവസത്തെ കളി അഭിനയ ജീവിതത്തിലെ നാഴികക്കല്ല് ആണ്.
ഭീഷ്‌മ പര്‍വത്തിലെ മത്തായി
കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ഭീഷ്‌മ പർവ്വത്തിലെതാണ്. പലപ്പോഴും സെറ്റിൽ മമ്മൂട്ടിയെ കാണുമ്പോൾ ഒഴിഞ്ഞുമാറി നടക്കുമായിരുന്നു. അത് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ്. അദ്ദേഹവുമായി ഇടപെടുമ്പോൾ എന്തെങ്കിലും തരത്തിലുള്ള അബദ്ധങ്ങൾ സംഭവിച്ചാൽ ഒരുപക്ഷേ ലഭിച്ച സൗഭാഗ്യങ്ങൾക്ക് വിള്ളൽ വീഴാം. മമ്മൂട്ടി സെറ്റിൽ വരുമ്പോഴേ അവിടെയൊക്കെ നിശബ്‌ദമാകും. അദ്ദേഹത്തിന്‍റെ ബൈബിലേക്ക് കയറിപ്പറ്റാൻ എളുപ്പമാണ്. പക്ഷേ ഒരല്‌പം അകന്നു നിൽക്കുന്നത് കൂടുതൽ അടുക്കാനുള്ള കാരണവും ആകാം.
കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിനിമ മേഖലയെ ചുറ്റിപ്പറ്റി കേൾക്കുന്ന വിവാദങ്ങൾ സിനിമാ മേഖലയിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ല എന്ന വസ്‌തുത ജനങ്ങൾ മനസ്സിലാക്കണം. മദ്യം മറ്റു ലഹരിവസ്‌തുക്കള്‍, സ്ത്രീ വിഷയങ്ങൾ എല്ലാം സമൂഹത്തിൽ എല്ലാ മേഖലയിലും നടക്കുന്നു. ഒരു തീയേറ്ററിലെ സ്ക്രീനിൽ സിനിമ വലുതായി കാണുന്നതുപോലെ സിനിമ മേഖലയും ജനങ്ങൾ വലുതായി ആണ് കാണുന്നത്. അങ്ങനെയൊരു വലിപ്പക്കൂടുതൽ സിനിമയ്ക്ക് ഉണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടുമ്പോഴാണ് സിനിമാ മേഖലയിൽ എന്തെങ്കിലും വിവാദങ്ങൾ ഉണ്ടാകുമ്പോൾ ചെറിയ തീപ്പൊരി പോലും വലിയ ജ്വാലകളായി ജനങ്ങളും മാധ്യമങ്ങളും നോക്കിക്കാണുന്നത്. കഴിഞ്ഞദിവസം നടൻ ബൈജുവിന്‍റെ കാർ അപകടത്തിൽപ്പെട്ടപ്പോഴും ഇതെ സമീപനമാണ് മാധ്യമങ്ങളും ജനങ്ങളും സ്വീകരിച്ചത്. ഈ നാട്ടിൽ എത്രയോ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. സർവ്വസാധാരണമായ വിഷയത്തെ എന്തിനാണ് ഇങ്ങനെ പെരുപ്പിക്കുന്നത് എന്തിനാണ്. സിനിമ മേഖലയിൽ സിഗരറ്റ് വലിക്കുന്നവർ ധാരാളം ഉണ്ട്. എന്നാൽ സെറ്റുകളിൽ പരസ്യമായി മദ്യപിക്കുകയോ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതോ തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
Also Read:രണ്ടാം ദിനം ബോക്‌സ് ഓഫീസ് കളക്ഷന്‍? ബുക്ക് മൈ ഷോയിലും 'ബോഗയ്‌ന്‍വില്ല' വസന്തം;വമ്പന്‍ ടിക്കറ്റ് ബുക്കിംഗ്