തിരുവനന്തപുരം : മലയാള സിനിമയിലെ സൂപ്പര്‍താരവും ഭരത് അവാര്‍ഡ് ജേതാവുമായുള്ള മമ്മൂട്ടിയോടൊത്തുള്ള ഒരു സിനമയെന്ന മോഹവുമായാണ് 2009-10 കാലത്ത് ബംഗാളി നടി കൊച്ചിയിലേക്ക് വിമാനം കയറിയതെങ്കിലും അനുഭവം കയ്‌പ്പ് നിറഞ്ഞതായിരുന്നു എന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം പുറത്തു വന്നതിനു തൊട്ട് പിന്നാലെ മലയാള സിനിമയെ വിറപ്പിച്ച ആദ്യ തുറന്നു പറച്ചിലിനു തയ്യാറയത് ബംഗാളിലെ ഇടത് സഹയാത്രിക കൂടിയായ ശ്രീലേഖ മിത്രയായിരുന്നു.
ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ സംവിധായകന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി രാജിവച്ചൊഴിയേണ്ടി വന്നു. അവരുടെ വെളിപ്പെടുത്തലില്‍ ധൈര്യം ഉള്‍ക്കൊണ്ട് അടക്കിപ്പിടിച്ച രഹസ്യങ്ങളൊന്നൊന്നായി പുറത്ത് പറയാന്‍ തയ്യാറായി മലയാള സിനിമയിലെ പ്രമുഖ നടികളുള്‍പ്പെടെ രംഗത്തു വരാന്‍ തുടങ്ങിയതോടെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖിന് രാജി വയ്‌ക്കേണ്ടി വന്നു. എന്നിട്ടും തീര്‍ന്നില്ല, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ബാബുരാജ്, ഇടവേള ബാബു, സംവിധായകരായ ശ്രീകുമാര്‍ മേനോന്‍, തുളസീദാസ് എന്നിവരെല്ലാം പ്രതിക്കൂട്ടില്‍ കുടുങ്ങി നില്‍ക്കുകയാണ്.