എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹർജി ഹൈക്കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്‌ജിയുടെ വസ്‌തുത അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഐ.ജി റാങ്കിലെ ഉദ്യോഗസ്ഥനെ കൊണ്ട് വീണ്ടും അന്വേഷണം നടത്തണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം.
ഉപഹർജി നിയമപരമായി നില നിൽക്കുന്നതല്ലെന്നും പരാതിക്കാരിക്ക് നിയമപരമായ മറ്റു മാർഗങ്ങൾ തേടാമെന്നും മുൻപ് തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ ഹർജിയിൽ, ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി നേരത്തെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.