കേരളം

kerala

ETV Bharat / entertainment

ഗ്രാമിയിൽ തിളങ്ങി ഇന്ത്യ ; ശങ്കർ മഹാദേവനും സക്കീർ ഹുസൈനും പുരസ്‌കാരം

ശങ്കർ മഹാദേവൻ്റെയും സക്കീർ ഹുസൈൻ്റെയും ഫ്യൂഷൻ ബാൻഡായ 'ശക്തി'യുടെ 'ദിസ് മൊമെൻ്റ്' എന്ന ഗാനത്തിനാണ് പുരസ്‌കാരം

By ETV Bharat Kerala Team

Published : Feb 5, 2024, 9:18 AM IST

Shankar Mahadevan Zakir Hussain  This Moment  66th Annual Grammy Awards 2024  ശങ്കർ മഹാദേവൻ ദിസ് മൊമെൻ്റ്  ഗ്രാമി പുരസ്‌കാരം 2024
Grammys

ലോസ് ഏഞ്ചൽസ് (യുഎസ്) :ലോകത്തിന്‍റെ നെറുകയിൽ അംഗീകാരത്തിന്‍റെ പൊൻതിളക്കവുമായി ഇന്ത്യ. ലോക സംഗീത രംഗത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമിയിൽ നേട്ടം കൊയ്‌ത് അഭിമാനമായിരിക്കുകയാണ് സംഗീതജ്ഞരായ ശങ്കർ മഹാദേവനും സക്കീർ ഹുസൈനും. ശങ്കർ മഹാദേവൻ്റെയും സക്കീർ ഹുസൈൻ്റെയും ഫ്യൂഷൻ ബാൻഡായ 'ശക്തി'യാണ് ലോകോത്തര സംഗീതവേദിയിൽ മാറ്റുരച്ച് പുരസ്‌കാരത്തിൽ മുത്തമിട്ടത് (Shankar Mahadevan, Zakir Hussain Win Award).

ഇവരുടെ 'ദിസ് മൊമെൻ്റ്' എന്ന ആൽബത്തിനാണ് ലോസ് ഏഞ്ചൽസിൽ നടക്കുന്ന 66-ാമത് ഗ്രാമിയിൽ പുരസ്‌കാര നേട്ടം. മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള അവാർഡാണ് 'ദിസ് മൊമെൻ്റ്' സ്വന്തമാക്കിയത്. സുസാന ബാക്ക, ബൊകാൻ്റേ, ബേർണ ബോയ്, ഡേവിഡോ തുടങ്ങിയ കലാകാരന്മാർക്കൊപ്പമാണ് ശങ്കർ മഹാദേവനും സക്കീർ ഹുസൈനും ഗ്രാമിയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

അതേസമയം 'ദിസ് മൊമെൻ്റ്' ആർബത്തിന്‍റെ നേട്ടം ഗ്രാമി അവരുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. 'മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം കാറ്റഗറി വിജയി - 'ദിസ് മൊമെൻ്റ്', ശക്തി ബാൻഡ്'- ഗ്രാമി ട്വീറ്റ് ഇങ്ങനെ.

ജോൺ മക്ലാഫ്ലിൻ (ഗിറ്റാർ, ഗിറ്റാർ സിന്ത്), സക്കീർ ഹുസൈൻ (തബല), ശങ്കർ മഹാദേവൻ (ഗായകൻ), വി സെൽവ ഗണേഷ് (പെർക്യൂഷനിസ്റ്റ്), ഗണേഷ് രാജഗോപാലൻ (വയലിനിസ്റ്റ്) എന്നിവർ ചേർന്ന് സൃഷ്‌ടിച്ച എട്ട് ഗാനങ്ങളാണ് 'ദിസ് മൊമെൻ്റ്' ആൽബത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ വിജയം രാജ്യത്തിന് സമർപ്പിക്കുന്നു എന്നായിരുന്നു അവാർഡ് ലഭിച്ചതിന് പിന്നാലെ ശങ്കർ മഹാദേവനും സക്കീർ ഹുസൈനും ഉൾപ്പടെയുള്ള ബാൻഡ് അംഗങ്ങളുടെ പ്രതികരണം.

അതേസമയം ആഗോളതലത്തിൽ ഇന്ത്യ സാവധാനമെങ്കിലും സാന്നിധ്യം രേഖപ്പെടുത്തുകയാണ്. നേരത്തെ 2023-ൽ എസ്എസ് രാജമൗലി സംവിധാനം ചെയ്‌ത 'ആർആർആർ' ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഓസ്‌കർ ലഭിച്ചിരുന്നു. ഓസ്‌കറിൽ 'ഒറിജിനൽ സോംഗ്' വിഭാഗത്തിലാണ് സംഗീത സംവിധായകൻ എംഎം കീരവാണി ഒരുക്കിയ 'നാട്ടു നാട്ടു' നേട്ടം കൊയ്‌തത്.

ഈ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ തെലുഗു ഗാനം കൂടിയായിരുന്നു ഇത്. റിഹാന, ലേഡി ഗാഗ തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് 'നാട്ടു നാട്ടു'വിന്‍റെ ചരിത്രനേട്ടം. ഗായകരായ രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ, സംഗീത സംവിധായകൻ കീരവാണി, സംവിധായകൻ എസ്എസ് രാജമൗലി, പ്രധാന അഭിനേതാക്കളായ ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരും ഓസ്‌കർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details