ലോകചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ 13 ചിത്രങ്ങൾ ഡിസംബർ 13ന് തുടങ്ങുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. മീറ്റിംഗ് വിത്ത് ദി പോൾ പോട്ട്, ഗ്രാൻഡ് ടൂർ, കോട്ട് ബൈ ദി ടൈഡ്‌സ്, ദി റൂം നെക്സ്റ്റ് ഡോർ, ഐആം സ്റ്റിൽ ഹിയർ, അനോറ, എമിലിയ പെരെസ്, സസ്പെൻഡഡ് ടൈം, ദി വിറ്റ്‌നസ്, ദി ഗേൾ വിത്ത് ദി നീഡിൽ, ഷികുൻ, വെർമീഗ്ലിയോ, ദി സബ്‌സ്റ്റെൻസ് എന്നിവയാണ് പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ.
കംബോഡിയയിൽ ജനിച്ച റിത്തി പാൻ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. ഖെമർ റൂഷ് ഭരണത്തിനു കീഴിൽ നടന്ന വംശഹത്യയും അതിന്‍റെ അനന്തരഫലങ്ങളേയും ചിത്രീകരിക്കുന്നതാണ് റിത്തി പാൻ ചിത്രങ്ങൾ. ഭരണകൂട നേതാവായ പോൾ പോട്ടിന്‍റെ ക്ഷണം സ്വീകരിച്ച് പ്രത്യേക അഭിമുഖം നടത്താൻ മൂന്നു ഫ്രഞ്ച് പത്രപ്രവർത്തകർ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'മീറ്റിംഗ് വിത്ത് ദി പോൾ പോട്ട്' എന്ന ചിത്രം. പത്രപ്രവർത്തകയായ എലിസബത്ത് ബെക്കറുടെ 'വെൻ ദി വാർ വാസ് ഓവർ' എന്ന പുസ്‌തകത്തിലെ വിവരണങ്ങളെ ആധാരമാക്കി നിർമിച്ച ചിത്രം 2024 ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പോർച്ചുഗീസ് സംവിധായകനും തിരക്കഥാകൃത്തും ചിത്രസംയോജകനുമായ മിഗുൽ ഗോമസിന്റെ 2024-ൽ പുറത്തിറങ്ങിയ ഗ്രാൻഡ് ടൂറിൽ. ബർമയിലേക്കെത്തുന്ന പ്രതിശ്രുതവധുവായ മോളിയെ കാണാതെ ലോകം ചുറ്റാൻ തീരുമാനിക്കുന്ന എഡ്വേർഡിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സിനിമയിലേത് 1918 ലെ ചരിത്ര പശ്ചാത്തലമാണ്. ഈ ചിത്രം 2024 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. 2004-ൽ പുറത്തിറങ്ങിയ ദ ഫേസ് യു ഡിസെർവാണ് ഗോമസിന്റെ ആദ്യ ചിത്രം.
ജിയാ ശങ്കേ സംവിധാനം ചെയ്‌ത 2024-ൽ പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് 'കോട്ട് ബൈ ദി ടൈഡ്‌സ്'. കിയാവോ കിയാവോ എന്ന സ്ത്രീ, തന്നെ ഉപേക്ഷിച്ച് പോയ കാമുകനെ അന്വേഷിച്ച് കണ്ടെത്താനുള്ള യാത്രക്കിടയിൽ ചൈനയിൽ സംഭവിക്കുന്ന സാമൂഹികമായ മാറ്റങ്ങളും പ്രക്ഷോഭങ്ങളുമാണ് ഇതിവൃത്തം. പ്രണയം, നഷ്‌ടം എന്നിവയെല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 2024 ൽ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഗ്രീൻ സ്‌പൈക്ക് പുരസ്‌കാരം നേടിയ ഈ ചിത്രം മികച്ച സിനിമക്കുള്ള പാം ഡി ഓർ പുരസ്‌കാരത്തിനായും മത്സരിച്ചിരുന്നു.
സ്നിപാനിഷ് സംവിധായകൻ പെഡ്രോ അൽമദോവറിന്‍റെ ആദ്യ ഇംഗ്ലീഷ് ചിത്രമാണ് ദി റൂം നെക്സ്റ്റ് ഡോർ ' ഒരു ഓട്ടോഫിക്ഷൻ നോവലിസ്റ്റായ ഇൻഗ്രിഡിന്റെയും യുദ്ധ റിപ്പോർട്ടറായ മാർത്തയുടെയും കഥ സിനിമ പറയുന്നു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ അവർ വീണ്ടും കണ്ടുമുട്ടുന്നു. സ്ത്രീ സൗഹൃദം, അസ്‌തിത്വം, മനുഷ്യാവസ്ഥ എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന സിനിമ സൗഹൃദത്തിലെയും സ്‌നേഹത്തിലെയും അസ്വാരസ്യങ്ങൾ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് എടുത്തു കാണിക്കുന്നു. സിഗ്രിഡ് ന്യൂനിയെസിന്‍റെ വാട്ട് ആർ യു ഗോയിംഗ് ത്രൂ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 81-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്‌കാരം നേടിയ ചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു.
വാൾട്ടർ സാലസിന്‍റെ 'ഐ ആം സ്റ്റിൽ ഹിയർ' എന്ന ചിത്രം, ബ്രസീലിലെ സൈനികാധിപത്യത്തിന്‍റെ ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്ന കുടുംബത്തിന്റെ വേദനകളും നഷ്ടങ്ങളും ശക്തമായ രീതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നു. ആഗോള തലത്തിലുള്ള നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ ചിത്രം നേടുകയും ചെയ്‌തു.
ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച കലാസംവിധാനത്തിനുള്ള ജൂറിയുടെ അവാർഡും വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷക പുരസ്‌കാരവും നേടിയിട്ടുണ്ട്. സിനിമയ്ക്കു ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രത്യേക പരാമർശം ലഭിക്കുകയും, സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്‌തു. ബാഫ്റ്റ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രശസ്‌ത അമേരിക്കൻ ചലച്ചിത്രകാരൻ ഷോൺ ബേക്കറിന്‍റെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ചിത്രമാണ് അനോറ. ലൈംഗിക തൊഴിലാളിയായ അനോറ എന്ന യുവതിയുടെ കഥ പറയുന്ന ചിത്രം വർഗം, സംസ്‌കാരം, പ്രണയബന്ധങ്ങളിലെ സങ്കീർണതകൾ എന്നീ വിഷയങ്ങൾ പ്രമേയമാക്കുന്നു. റഷ്യൻ കോടീശ്വര പുത്രനായ വന്യയുമായുള്ള അനോറയുടെ വിവാഹവും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം. 77 -ാമത് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്‌കാരത്തിനർഹമായ ഈ ചിത്രം അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നാഷണൽ ബോർഡ് ഓഫ് റിവ്യൂവിന്റേയും 2024 ലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
പ്രശസ്‌ത സംവിധായകനായ ജാക്ക്യുസ് ഓഡിയർഡിന്‍റെ 2024-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം കോമഡി മ്യൂസിക്കൽ ത്രില്ലെർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് എമിലിയ പെരെസ്. ലഹരി മാഫിയ തലവനായ മണിറ്റസിന്റെ പുരുഷത്വത്തിൽ നിന്ന് സ്ത്രീത്വത്തിലേക്കുള്ള യാത്രയാണ് സിനിമ. നായകൻ്റെ തീരുമാനത്തിൽ ജീവിതത്തിന്‍റെ സങ്കീർണതയിൽ അകപ്പെടുന്ന റീതാ എന്ന അഭിഭാഷകയുടെയും എമിലിയുടെ ഭാര്യയായ ജെസ്സിയുടെയും കഥ കൂടിയാണ് എമിലിയ പെരെസ്.
ട്രാൻസ് സമൂഹത്തിന്‍റെ ജീവിതം വരച്ചുകാട്ടുന്ന സിനിമക്ക് ഭൂരിഭാഗവും സംഗീത പശ്ചാത്തലമാണ് (ഓപ്പെറ) സംവിധായകൻ നൽകിയിരിക്കുന്നത്. 77-ാമത് കാൻ ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരവും, പ്രത്യേക ജൂറി പരാമർശവും ചിത്രത്തിന് ലഭിച്ചിരുന്നു. 97-ാമത് അന്താരാഷ്ട്ര അക്കാദമി അവാർഡിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ഔദ്യോഗിക എൻട്രിയായിരുന്നു ഈ ചിത്രം .