കേരളം

kerala

ETV Bharat / entertainment

'ലൈംഗിക അതിക്രമങ്ങള്‍ പോലെ ലിംഗ വിവേചനവും ഇല്ലാതാവണം': പോസ്‌റ്റുമായി ഡബ്ല്യൂസിസി - Gender discrimination must end

ചലച്ചിത്ര രംഗത്തെ ലിംഗ വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ സുതാര്യവും സുസ്ഥിരവുമായ സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നുവെന്ന് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്.

WCC  GENDER DISCRIMINATION  ഡബ്ല്യൂസിസി  ലിംഗ വിവേചനം
WCC Facebook post (ETV Bharat)

By ETV Bharat Entertainment Team

Published : Sep 2, 2024, 1:37 PM IST

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തൊഴിലിടത്തെ ചൂഷണങ്ങള്‍ മനോധൈര്യത്തോടെ വെളിപ്പെടുത്താന്‍ സിനിമ രംഗത്തെ സ്‌ത്രീകള്‍ മുന്നോട്ടുവന്നെന്ന് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്. ഫേസ്‌ബുക്കിലൂടെയായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം. ലൈംഗികാതിക്രമങ്ങള്‍ പോലെ ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഡബ്ല്യൂസിസി പോസ്‌റ്റ് പങ്കുവച്ചത്.

ഡബ്ല്യൂസിസിയുടെ പോസ്‌റ്റ് ഇങ്ങനെ -'മാറ്റങ്ങള്‍ അനിവാര്യമാണ്, നമുക്കൊന്നിച്ച് പടുത്തുയര്‍ത്താം! ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സിനിമാരംഗത്തെ സ്‌ത്രീകള്‍ ഏറെ മനോധൈര്യത്തോടെ അവരുടെ മൗനം വെടിയാന്‍ തീരുമാനിച്ചു. റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ തൊഴിലിടത്തെ ചൂഷണങ്ങള്‍ തിരിച്ചറിയാനും അത് അടയാളപ്പെടുത്താനും സ്‌ത്രീകള്‍ മുന്നോട്ടുവന്നു.

ലൈംഗിക അതിക്രമങ്ങള്‍ പോലെ തന്നെ ഗൗരവം ഉള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനം എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നുണ്ട്. ചലച്ചിത്ര രംഗത്തെ വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ സുതാര്യവും സുസ്ഥിരവുമായ സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നു.

തൊഴിലിടത്തില്‍ പുലരേണ്ട ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഉത്തരവാദിത്വത്തോടെ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. നമുക്ക് നമ്മുടെ വ്യവസായം നമ്മുടെ തൊഴിലിടം പുനര്‍നിര്‍മിക്കാം!' -ഡബ്ല്യൂസിസി കുറിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഡബ്ല്യൂസിസി പങ്കുവച്ച പോസ്‌റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 'നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഒപ്പം നോ പറയാനുള്ള പ്രിവിലേജും സാഹചര്യവും ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്‌ടിക്കാം.' -ഇപ്രകാരമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള ഡബ്ല്യൂസിസിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്.

മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ സിനിമ ലോകത്തെ ഒന്നടങ്കം പിടിച്ചുലച്ചിരുന്നു. വലുതോ ചെറുതോ എന്ന വേർതിരിവില്ലാതെയായിരുന്നു ദിവസവും നടന്‍മാര്‍ക്കെതിരെ ആരോപണങ്ങൾ ഉയര്‍ന്നത്. അതേസമയം ഏതുവിധത്തിലുള്ള ആരോപണത്തെയും നിയമവിധേയമായി നേരിടാൻ തന്നെയാണ് തീരുമാനമെന്ന് ആരോപണ വിധേയർ ഇതിനോടകം പ്രതികരിച്ചു.

Also Read: "മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം"; ‘അമ്മ’യിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി - WCC Facebook post

ABOUT THE AUTHOR

...view details