ശകുൻ ബത്രയുടെ സംവിധാനത്തിൽ 2022-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഗെഹരായിയാൻ'. ബോളിവുഡിലെ മിന്നും താരങ്ങളായ ദീപിക പദുക്കോൺ, അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുർവേദി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ 'ഗെഹരായിയാൻ' റിലീസായി രണ്ട് വർഷം പിന്നിട്ട വേളയിൽ 'ബിഹൈൻ ദി സീൻ' (Gehraiyaan BTS Clip) വീഡിയോയുമായി എത്തിയിരിക്കുകയാണ് ദീപികയും മറ്റ് താരങ്ങളും (Gehraiyaan Marks 2 Yrs).
സഹ താരങ്ങൾക്കൊപ്പമുള്ള ഇതുവരെ വെളിപ്പെടുത്താത്ത, അപൂർവ ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നത്. ആകർഷകമായ കഥ, മനോഹരമായ ഛായാഗ്രഹണം, അസാമാന്യ പ്രകടനങ്ങൾ എന്നിവയാൽ പ്രശംസ പിടിച്ചുപറ്റിയ സിനിമയാണ് 'ഗെഹരായിയാൻ'. ചിത്രത്തിന്‍റെ ഇതുവരെ കാണാത്ത പിന്നാമ്പുറ കാഴ്‌ചകൾ പുറത്തുവന്നതോടെ ആരാധകരും ഇപ്പോൾ ഏറെ ആവേശത്തിലായിരിക്കുകയാണ്.
സിനിമയുടെ രണ്ടാം വാർഷികം അഭിനേതാക്കളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആഘോഷിച്ചിരുന്നു. അനന്യ പാണ്ഡെ, ദീപിക പദുക്കോൺ, ധൈര്യ കർവ, സംവിധായകൻ ശകുൻ ബത്ര എന്നിവരോടൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്‌താണ് സിദ്ധാന്ത് 'ഗെഹരായിയാൻ' ഓർമകൾ പങ്കുവച്ചത്. സിനിമ ചിത്രീകരണ വേളയിൽ അവർക്കിടയിൽ ഉടലെടുത്ത സൗഹൃദവും പങ്കുവച്ച നല്ല നിമിഷങ്ങളും പ്രതിഫലിക്കുന്നതായിരുന്നു ഈ ഫോട്ടോകൾ. സിനിമയുടെ ചിത്രീകരണ വേളയിൽ സെറ്റിൽ നിന്ന് പകർത്തിയ മോണോക്രോം ഫോട്ടോകളും താരം പങ്കിട്ടു.