കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളജിൽ പ്രശസ്‌ത ഗായകൻ ജാസി ഗിഫ്റ്റ് അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ജി വേണുഗോപാല്‍. ഒരു കലാകാരൻ വേദിയിൽ പ്രകടനം നടത്തുമ്പോൾ അവിടേക്ക് കടന്നുവന്ന് അയാളെ തടസപ്പെടുത്തുക എന്നത് സംസ്‌കാരവിഹീനമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോളജ് പ്രിൻസിപ്പലാണ് ഇത് ചെയ്‌തത് എന്ന് കേൾക്കുമ്പോൾ നടുക്കമാണ് തോന്നുന്നതെന്നും വേണുഗോപാല്‍ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളജിൽ പാടുന്നതിനിടെ ജാസി ഗിഫ്റ്റില്‍ നിന്ന് പ്രിൻസിപ്പല്‍ മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. കോറസ് പാടാൻ മറ്റൊരാളും എത്തിയതായിരുന്നു പ്രിൻസിപ്പലിനെ പ്രകോപിപ്പിച്ചത്. മൈക്ക് വാങ്ങിയതില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ടിറങ്ങിയിരുന്നു.
ജി വേണുഗോപാലിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്: 'ഒരു പാട്ടുകാരൻ, കലാകാരൻ, അയാൾ വേദിയിൽ പെർഫോം ചെയ്യുമ്പോൾ കടന്നുവന്ന് അയാളെ തടസപ്പെടുത്തുക എന്ന് പറയുന്നത് സംസ്‌കാരവിഹീനമായ, വൃത്തികെട്ട പ്രവൃത്തിയാണ്. ഒരു കോളജ് പ്രിൻസിപ്പലാണ് ഇത് ചെയ്‌തത് എന്ന് കേൾക്കുമ്പോൾ നടുക്കം. കലാലയങ്ങൾ പലതുകൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നുവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിൻസിപ്പല്‍മാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്‌ടം.